ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്ക് പിന്തുണയുമായി വിഖ്യാത യു.എസ് ഗായികയും നടിയുമായ മഡോണ. ഗൂഗ്ള്‍ മാപ്പില്‍ ഫലസ്തീനും ഇടം വേണമെന്ന് ഗായിക ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവരുടെ ഐക്യദാര്‍ഢ്യം. മാപ്പില്‍ നിന്ന് ഫലസ്തീനെ ഒഴിവാക്കിയ നടപടിക്കെതിരെ പത്തു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഓണ്‍ലൈന്‍ ഹര്‍ജി ഗൂഗ്‌ളിന് സമര്‍പ്പിക്കാനിരിക്കുന്ന വേളയിലാണ് ക്യാംപയിന് പിന്തുണയുമായി മഡോണയെത്തുന്നത്.
ഗൂഗ്ള്‍ മാപ്പും ആപ്പിള്‍ മാപ്പും ഫലസ്തീനെ ലോകഭൂപടത്തില്‍ നിന്ന് ഒഴിവാക്കി, ഭൂപടത്തില്‍ ഫലസ്തീനെ തിരികെ വയ്ക്കൂ എന്നാണ് മഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘ഫലസ്തീന് കറുത്തവരുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോട് കൂടി ആധുനിക വംശീയതയെ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു’ എന്ന ആഞ്ജല ഡേവിസിന്റെ ഉദ്ധരണിയും അവര്‍ പോസ്റ്റില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ 15 ദശലക്ഷം പേരാണ് മഡോണയെ പിന്തുടരുന്നത്. ഇതിന് മുമ്പും മഡോണ ഫലസ്തീന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. 2019ല്‍ ഇസ്രായേലില്‍ നടന്ന യൂറോ വിഷന്‍ പാട്ട് മല്‍സരം അവര്‍ ബഹിഷ്‌കരിച്ചിരുന്നു. ലോകത്തെവിടെയുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.