X

ഭിന്ന സംഘടനകള്‍ക്ക് അതീതമായ ഐക്യം

ഇസ്‌ലാം പേടി എന്ന പ്രതിഭാസം ഇളക്കിവിട്ട് ലോകത്തുടനീളം ഒരു ഇസ്‌ലാം വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചില ശക്തികള്‍. അമേരിക്കയില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് പ്രചാര വേല നടത്തുന്ന സമയത്ത് തന്നെ തന്റെ മുസ്‌ലിം വിരുദ്ധ നയം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. മുസ്‌ലിംകളെ മുസ്‌ലിംകളെക്കൊണ്ട് തന്നെ നശിപ്പിക്കാനായി ആദ്യം അവരില്‍ തീവ്രവാദികളെ സൃഷ്ടിക്കുകയും പിന്നെ തീവ്രവാദ വേട്ട നടത്തുകയും ചെയ്യുന്ന തന്ത്രമാണ് ഈ ശക്തികള്‍ പ്രയോഗിക്കുന്നത്. അറബ് വസന്തം എന്ന പേരില്‍ അരങ്ങേറിയ വിപ്ലവത്തിന് പാശ്ചാത്യ ശക്തികള്‍ പിന്തുണ നല്‍കിയപ്പോള്‍ ഏകാധിപതികള്‍ക്കെതിരിലുള്ള പോരാട്ടം എന്ന് വിശേഷിപ്പിച്ച് അതില്‍ പങ്കെടുത്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അറബ് നാടുകളില്‍ ഇന്ന് കാണുന്ന അരാജകത്വമായിരിക്കും അതിന്റെ പരിണിത ഫലമെന്ന് കാണാനുള്ള ബുദ്ധിയുണ്ടായില്ല. അന്താരാഷ്ട്ര തലത്തില്‍ തന്നെ രൂപംകൊള്ളുന്ന ഇസ്‌ലാം വിരുദ്ധ സഖ്യത്തില്‍ ഇന്ത്യ കണ്ണി ചേരണമെന്നാഗ്രഹിക്കുന്നവര്‍ ദേശത്തിന്റെ പുറത്തെന്നപോലെ അകത്തുമുണ്ട്. ഇന്ത്യയില്‍ തീവ്രവാദം, ദേശദ്രോഹം, സമുദായിക സ്പര്‍ദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തി പലര്‍ക്കുമെതിരില്‍ നടപടികളാരംഭിച്ചു. ഈ കൈകള്‍ ആര്‍ക്കുമെതിരിലും നീണ്ടേക്കാം. അസാധുവാക്കല്‍ നോട്ടില്‍ മാത്രം പരിമിതമാകുമെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഈ പരിതസ്ഥിതിയെ നേരിടാന്‍ മുസ്‌ലിംകള്‍ മത-സമുദായ- രാഷ്ട്രീയ സംഘടനാ വിഭജനങ്ങള്‍ക്കെതീതമായ ഒരൈക്യത്തിന് തയ്യാറാകേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണ്.

പക്ഷേ എന്താണ് മുസ്‌ലിംകളുടെ അവസ്ഥ. ഒരു അറബിക്കവിയുടെ വിലയിരുത്തല്‍ ഇങ്ങനെ:
‘ഞാന്‍ കിഴക്കും പടിഞ്ഞാറും ചുറ്റിക്കറങ്ങി ഭൂമിയിലുള്ള മതങ്ങളെയെല്ലാം പരിശോധിച്ചു.
ഇസ്‌ലാമിനെപ്പോലെ ഇത്രയേറെ ഐക്യത്തിനാഹ്വാനം ചെയ്യുന്ന മറ്റൊരു മതത്തെയും കണ്ടില്ല.
ഈ മതത്തിന്റെ അനുയായികളെപ്പോലെ ഇത്രയേറെ ഭിന്നിപ്പുള്ളവരെയും!

ഭിന്ന വീക്ഷണം സ്വാഭാവികമാണ്. ഒരു അച്ചില്‍ വാര്‍ത്തെടുത്തവയല്ല മനുഷ്യബുദ്ധികള്‍. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും അവയെ അടിസ്ഥാനമാക്കി അഭിപ്രായങ്ങളും വിധികളും രൂപപ്പെടുത്തുന്നതിലും വ്യത്യസ്തതകള്‍ സംഭവിക്കും. പ്രവാചകന്റെ കാലത്ത് തന്നെ ചില വിഷയങ്ങളില്‍ അനുയായികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. തിരുമേനി ഒരു സംഘത്തോട് ബനൂഖുറൈദയില്‍ എത്തിയല്ലാതെ നിങ്ങള്‍ അസര്‍ നമസ്‌കരിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെയെത്തുമ്പോള്‍ അസറിന്റെ സമയം തെറ്റുമെന്ന് കണ്ട് ചിലര്‍ യാത്രാമധ്യേ നമസ്‌കരിച്ചു.

വേറൊരു വിഭാഗം റസൂലിന്റെ കല്‍പന അക്ഷരം പ്രതി പാലിച്ചു ബനൂഖുറൈദയില്‍ എത്തിയശേഷമാണ് നമസ്‌കരിച്ചത്. അതുപോലെ പ്രവാചകന്‍ രണ്ടുപേരെ ഒരു സ്ഥലത്തേക്കയച്ചു. നമസ്‌കാരത്തിന് സമയമായി. വെള്ളം കിട്ടിയില്ല. രണ്ടു പേരും തയമ്മും ചെയ്തു നമസ്‌കരിച്ചു. പിന്നെ വെള്ളം കിട്ടിയപ്പോള്‍ ഒരാള്‍ അതുകൊണ്ട് അംഗശുദ്ധി വരുത്തി നമസ്‌കാരം ആവര്‍ത്തിച്ചു. മറ്റേ ആള്‍ ആദ്യത്തെ നമസ്‌കാരം കൊണ്ടു മതിയാക്കി. പ്രവാചകന്‍ രണ്ടു പേരുടെയും നടപടി അംഗീകരിക്കുകയാണ് ചെയ്തത്. പ്രവാചകന്‍ മരണമടഞ്ഞപ്പോള്‍ പിന്‍ഗാമി ആരായിരിക്കണമെന്ന കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായി. മുസ്‌ലിംകള്‍ സിറിയയിലേക്ക് പുറപ്പെട്ടപ്പോഴാണ് അവിടെ കോളറയുണ്ടെന്ന വിവരം കിട്ടുന്നത്. അപ്പോള്‍ അവര്‍ രണ്ടു ചേരിയായി. ലക്ഷ്യത്തിലേക്ക് നീങ്ങുകതന്നെ വേണമെന്ന് ഒരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ കോളറ ബാധിത പ്രദേശത്തേക്ക് എടുത്തു ചാടിപോകുന്നതിന് എതിരും. അവസാനം ഉമര്‍ യാത്ര നിര്‍ത്തിവെക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ പ്രസിദ്ധനായ നബിശിക്ഷ്യന്‍ അബൂ ഉബൈദയുടെ വിമര്‍ശനം: ‘ദൈവ വിധിയില്‍ നിന്ന് ഒളിച്ചോടുകയോ?’ ഉമറിന്റെ മറുപടി ഇങ്ങനെ: ‘അതെ, ദൈവ വിധിയില്‍ നിന്ന് ദൈവവിധിയിലേക്ക്’

എന്നാല്‍ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസികള്‍ക്ക് ഭിന്ന വീക്ഷണം പാടില്ല. അവയില്‍ പ്രധാനമായത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ള ഇപ്പറയുന്നവയാണ്: ആരാധനയും പ്രാര്‍ത്ഥനയും അല്ലാഹുവിന് മാത്രം. പ്രപഞ്ച സ്രഷ്ടാവായ അവന്‍ ഏകനാണ്. ദൈവ നിഷേധവും ബഹുദൈവത്വവും കപട വിശ്വാസവും വര്‍ജ്ജ്യം. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിര്‍ബന്ധം. ദൈവം, മലക്കുകള്‍, വേദ ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, രക്ഷാശിക്ഷകള്‍ ലഭിക്കുന്ന പരലോക ജീവിതം, ദൈവ വിധി എന്നിവയില്‍ വിശ്വസിക്കണം. വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങിയ ബാഹ്യമായ നീചകൃത്യങ്ങളും അസൂയ, വിരോധം, വഞ്ചന തുടങ്ങിയ ആന്തരീയ നീചതകളും പാടില്ല. സത്യം, നീതി, കരാര്‍ പാലനം തുടങ്ങിയവ പാലിക്കണം. അന്യരുടെ ജീവന്‍, സ്വത്ത്, അഭിമാനം, മതം, സ്വാതന്ത്ര്യം എന്നിവക്ക് സംരക്ഷണം നല്‍കണം. മറ്റുള്ളവരുടെ അവകാശങ്ങള്‍ അപഹരിച്ചുള്ള തെറ്റായ ഒരു ധനസമ്പാദനവും പാടില്ല. ഈ അടിസ്ഥാന തത്വങ്ങളില്‍ അഭിപ്രായ ഭിന്നതയില്ലെങ്കിലും വിശദാംശങ്ങളില്‍ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്.

ഉദാഹരണമായി നമസ്‌കാരം. അതിന്റെ നിര്‍വഹണ രൂപത്തില്‍ കൈകെട്ട്, ബിസ്മി ഓതല്‍, സുബ്ഹിലെ ഖുനൂത്ത്, അത്തഹിയ്യാത്തിലെ വിരലനക്കല്‍ തുടങ്ങി എത്രയോ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രസിദ്ധ പണ്ഡിതനായ ദഹ്‌ലവി ‘അല്‍ ഇന്‍സാഫ് ഫീ അസ്ബാബില്‍ ഇഖ്തിലാഫ്’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചതിങ്ങനെ: സ്വഹാബികളിലും താബിഉകളിലും ശേഷമുള്ളവരിലുമെല്ലാം ബിസ്മി ഓതുന്നവരും ഓതാത്തവരും ഉറക്കെ ഓതുന്നവരും പതുക്കെ ഓതുന്നവരും സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതുന്നവരും ഓതാത്തവരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പരസ്പരം തുടര്‍ന്നു നമസ്‌കരിച്ചിരുന്നു.’ ഇതാണ് മാതൃകാ യോഗ്യമായ സഹിഷ്ണുതയും സംസ്‌കാരവും.

നാലു മദ്ഹബുകള്‍ ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. അവയുടെ ഇമാമുകള്‍ എത്ര വിശാല മനസ്‌കരായിരുന്നു. അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലല്ല. ഇമാം ശാഫിഇയുടെ അനുയായികള്‍ക്കും അബൂഹനീഫക്കുമൊന്നും മദീനയില്‍ ബിസ്മി ഓതാത്ത മാലികികളെ തുടര്‍ന്നു നമസ്‌കരിക്കുന്നതിന് വിരോധമുണ്ടായിരുന്നില്ല. ഇമാം ശാഫിഈ മാലികിനോട് കുറ്റമറ്റ ഒരു ഹദീസ് ലഭിച്ചാല്‍ തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. ഇമാം അബൂ ഹനീഫയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു അബൂകുറൈബ്. പക്ഷേ, ഇമാം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഒരു നല്ല മനുഷ്യന്‍’ എന്നായിരുന്നു. ഇമാം ദഹബിക്ക് ഇബ്‌നുഹസമിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിഴച്ചു എന്ന് പറയാതെ അദ്ദേഹത്തിന്റെ ബുദ്ധി സാമര്‍ത്ഥ്യത്തിന്റെയും തികഞ്ഞ വിജ്ഞാനത്തിന്റെയും മുമ്പില്‍ താന്‍ തലകുനിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്.

മത വിഷയങ്ങളില്‍ മൗലികമല്ലാത്ത കാര്യങ്ങളിലുള്ള ഭിന്നാഭിപ്രായം ഒരിക്കലും സമുദായത്തിന്റെ പിളര്‍പ്പിനോ അനൈക്യത്തിനോ കാരണമായിക്കൂടാ. മൂന്നാം ഖലീഫ ഉസ്മാന്‍ തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി മിനായില്‍ നാലു റക്അത്തുള്ള നമസ്‌കാരം ചുരുക്കാതെ പൂര്‍ത്തിയായി നിര്‍വഹിച്ചു. ഇബ്‌നു മസ്ഊദ് ഇതിനെ ശക്തിയായി എതിര്‍ത്തുവെങ്കിലും ഖലീഫയുടെ പിന്നില്‍ നിന്ന് നാലു റക്അത്ത് പൂര്‍ത്തിയാക്കി നമസ്‌കരിച്ചു. ഇതിന് അദ്ദേഹം പറഞ്ഞ കാരണം ‘ഭിന്നിപ്പ് തിന്മയാണ്’ എന്നതാണ്.

സംഘടനകള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണവും ശക്തിയും ക്രമീകരണവും വരുത്താനാണ്. ഈ സംഘടനകള്‍ സമുദായത്തിന്റെ മതപരവും സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പുരോഗതിയില്‍ വഹിച്ച പങ്ക് ആര്‍ക്കും കുറച്ചു കാണിക്കുക സാധ്യമല്ല. ഓരോ സംഘടനക്കും മറ്റേതില്‍ നിന്ന് വ്യത്യസ്തമായ സ്വന്തമായ വ്യക്തിത്വവും ക്രമവും കര്‍മ രീതിയുമുണ്ടാകും. എന്നാല്‍ അവ തമ്മില്‍ പരസ്പരമുള്ള വിരോധത്തിനും അകല്‍ച്ചക്കും വിദ്വേഷ പ്രചാരണത്തിനും ന്യായീകരണമില്ല. അടിസ്ഥാനതത്വങ്ങളില്‍ എല്ലാവരും ഒന്നായിരിക്കെ.

ലോകത്തില്‍ പൊതുവെയും ഇന്ത്യയില്‍ വിശേഷിച്ചുമുള്ള ഇന്നത്തെ ആശങ്കാജനകമായ സാഹചര്യത്തില്‍ വ്യത്യസ്ത മുസ്‌ലിം മത-സാമൂഹ്യ- രാഷ്ട്രീയ സംഘടനകള്‍ മതത്തെയും സമുദായത്തെയും നേരിടുന്ന വെല്ലുവിളികളെ ചെറുക്കുന്നതില്‍ യോജിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നതും അഭിപ്രായപ്പെടുന്നതും മാത്രം ശരി. അതിനോട് വിയോജിക്കുന്നവരുമായി ഒരിക്കലും അടുക്കാന്‍ പാടില്ല’ എന്ന നിലപാട് എത്ര അപകടകരമാണ്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പിളര്‍ന്ന ചില മത സംഘടനകള്‍ യോജിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശ്വാസം പകരുന്നതാണ്. ഇത്തരം നീക്കങ്ങളെ എല്ലാ സുമനസ്സുകളും സ്വാഗതം ചെയ്യുകയും മാതൃകയാക്കുകയും ചെയ്യും. സംഘടനകള്‍ക്കതീതമായ സമുദായ ഐക്യം ഇതായിരിക്കട്ടെ, എല്ലാവരുടെയും സ്വപ്‌നം.

chandrika: