X

ഭരണ പരിഷ്‌കാരമെന്ന ഭാരം

അസഹനീയമായ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കാറല്‍ മാര്‍ക്‌സും കുടുംബവും കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ പത്‌നി ജന്നി വെസ്റ്റ് ഫാലന്‍ ഒരു ധനാഢ്യന്റെ മകളായിരുന്നിട്ട് പോലും യാതനകള്‍ സഹിച്ചാണവര്‍ ജീവിച്ചത്. വീട്ടുവാടക കൊടുക്കാനോ ആഹാരത്തിനോ പോലും പണമില്ലാത്ത ദുരവസ്ഥ അവര്‍ നേരിട്ടു. പാത്രങ്ങളും പുതപ്പും കോട്ടും വരെ വിറ്റ സന്ദര്‍ഭങ്ങളുണ്ടായി. വീട്ടുടമസ്ഥര്‍ പലപ്പോഴും അവരെ ഇറക്കിവിട്ടു. ഏഴു മക്കളില്‍ നാലുപേരും വേണ്ടത്ര പരിചരണങ്ങള്‍ ലഭിക്കാതെ ചെറുപ്പത്തിലേ മരണമടഞ്ഞു.

മഹാന്മാരുടെ ജീവ ചരിത്രത്തില്‍ ഇതിലും ദുരിതക്കടല്‍ താണ്ടിയവരുടെ കഥകള്‍ കാണാം. പ്രവാചകന്‍മാരും ഇതര മഹാത്മാക്കളും സമാനതയില്ലാത്ത കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും മറ്റും ഇന്ത്യയിലെ ദേശീയ നേതാക്കളെല്ലാം വേണ്ടത്ര വിഷമങ്ങള്‍ സഹിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും ജീവിത ലാളിത്യം കൊണ്ട് മാതൃക കാണിച്ച അനവധി പേരുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളിലായി അത്തരം സദ്‌വൃത്തരും ത്യാഗധനന്മാരുമായ പലരേയും കാണാം. സ്വാഭാവികമായും പഴയകാല കമ്മ്യൂണിസ്റ്റുകാരിലും അത്തരക്കാരുണ്ടായിരുന്നു. ആയിനത്തില്‍പെട്ട ഒരാളായിട്ടാണ് ചിലരൊക്കെ അച്യുതാനന്ദനെ കാണുന്നത്. മാര്‍ക്‌സിന് അറുപത്തിനാല് വയസ്സുവരെയേ ജീവിക്കാനായുള്ളൂ. വി.എസ്സിന് നൂറു വയസ്സുവരെയെങ്കിലും ആ സൗഭാഗ്യമുണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്. അതിനപ്പുറം കടന്നുപോയാലും അത്ഭുതപ്പെടാനില്ല.

കേരളത്തിലെ തലമുതിര്‍ന്ന പഴയ സഖാക്കളില്‍ അറിയപ്പെടുന്ന ഒരാള്‍ അദ്ദേഹമാണ്. അറിയപ്പെടാത്ത പലരും വേറെയുണ്ടാകാം. അതുകൊണ്ട് ഒരു മാതൃകാ കമ്മ്യൂണിസ്റ്റായി അദ്ദേഹത്തെ ചിലര്‍ എഴുന്നള്ളിച്ചു നടക്കുകയാണ്. ഇന്നത്തെ വി.എസിന് ഈ പദവി അവകാശപ്പെടാന്‍ കഴിയുമോ. അദ്ദേഹത്തിന്റെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ സംശയം തോന്നാം. പണ്ടുണ്ടായിരുന്ന വല്ല നന്മകളും അദ്ദേഹത്തിനുണ്ടോ? കേരളത്തിലെ ചില മാധ്യമങ്ങള്‍ ഒരുനല്ല കമ്മ്യൂണിസ്റ്റും ജനപക്ഷ രാഷ്ട്രീയ നേതാവുമായി അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്നു. കൃത്രിമമായി വളര്‍ത്തിയെടുത്തതും വി.എസിന് ചുറ്റും വളര്‍ന്നുവന്നതുമായ ഈ മിഥ്യാതരംഗത്തില്‍ സി.പി.എം പോലും അകപ്പെട്ട് പോവുകയാണ് ചെയ്തത്.

സ്വന്തം പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തോട് കലഹത്തിലേര്‍പ്പെടാന്‍ തുടങ്ങിയ നാള്‍മുതല്‍ ചിലര്‍ വി.എസിനെ വേറിട്ട വ്യക്തിത്വമായി വിലയിരുത്തുന്നു. അദ്ദേഹത്തെ പിണക്കരുതെന്നും പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തരുതെന്നും ഔദ്യോഗിക നേതൃത്വം ധരിച്ചുവശായിരിക്കുന്നു. കാണപ്പെടാത്തതും അതുകൊണ്ടുതന്നെ അളന്നുതിട്ടപ്പെടുത്താനാവാത്തതുമായ ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ നാട്ടിലെവിടെയോ ഇദ്ദേഹത്തിനുള്ളതായി ചിലര്‍ വിശ്വസിക്കുന്നു. ഈ സങ്കല്‍പ്പം വളരെ പഴയതാണ്. ഭൂത പ്രേതാദികളിലുള്ള വിശ്വാസം പോലെ ഒന്നു മാത്രമാണിത്. വെളുത്ത സാരി ധരിച്ച് കാല്‍ ചിലങ്കയണിഞ്ഞ് അസമയങ്ങളില്‍ പാട്ടും പാടി നിലം തൊടാതെ നടന്നുനീങ്ങുന്ന യക്ഷികളെയും ആത്മാക്കളെയും സിനിമകളില്‍ കാണാറുണ്ട്. അപ്രകാരം ഒരു സങ്കല്‍പ്പമാണ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അച്യുതാനന്ദന്റെ ശക്തിയിലും ജന പിന്തുണയിലും ചിലര്‍ കണ്ടെത്താറുള്ളത്. പാര്‍ട്ടിയുടെ ഘടകങ്ങളിലോ പുറത്തോ ഒന്നുംതന്നെ താന്‍ വി.എസിനോടൊപ്പമാണെന്ന് നെഞ്ചും വിരിച്ച് പറയുന്ന ഒരാളെയും കേരളം കണ്ടിട്ടില്ല.

നീലേശ്വരം ഓട്ടോസ്റ്റാന്റ് പോലെ സൂക്ഷ്മമായി ചിലയിടങ്ങളില്‍ അന്വേഷിച്ചാല്‍ ആരെങ്കിലും വി.എസിനെ അനുകൂലിക്കുന്നവര്‍ ഉണ്ടാവാം. ഒരു കാര്യവും നേരെ ചൊവ്വെ തീരുമാനിച്ച് കൊണ്ടു നടക്കാന്‍ പാര്‍ട്ടിക്ക് പറ്റാതായത് വി.എസിന്റെ വക്രത കാരണമാണെന്ന് സകലര്‍ക്കുമറിയാം. വാര്‍ധക്യത്തിലും സ്ഥാനവും മാനവും നേടാന്‍ പെടാപാട് പെടുന്ന വി.എസ് ആണോ ഒരു മാതൃകാ കമ്മ്യൂണിസ്റ്റുകാരന്‍? ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം ജയിച്ച് അധികാരത്തിലെത്തിയതിന് കാരണം അച്യുതാനന്ദനോടുള്ള ജനലക്ഷങ്ങള്‍ക്കുള്ള ഇഷ്ടം കാരണമാണോ. അങ്ങിനെ വിലയിരുത്തുന്നവര്‍ വസ്തുതകളും വാസ്തവങ്ങളും വളച്ചൊടിക്കുകയാണ്. മുഖ്യമന്ത്രിയാവാന്‍ ആവതും ശ്രമം നടത്തി അദ്ദേഹം പരാജയപ്പെട്ടു. പിന്നെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചു. അന്നു മുതല്‍ സെക്രട്ടേറിയേറ്റില്‍ തന്നെ ഓഫീസ്, മന്ത്രി തുല്യമായ അവകാശങ്ങള്‍, അധികാരങ്ങള്‍, ഭവനം എന്നിവക്കുവേണ്ടി അദ്ദേഹം പൊരുതുകയാണ്. കൊട്ടാരം പോലുള്ള വീടിനോടും ഓഫീസ് സംവിധാനങ്ങളോടും കാറിനോടും മറ്റു സാമ്പത്തികാനുകൂല്യങ്ങളോടും ഇത്രയേറെ ആര്‍ത്തി കാണിക്കുന്നയാളാണോ ജനപക്ഷ രാഷ്ട്രീയനേതാവ്?. സ്റ്റാഫിന്റെ എണ്ണത്തിലും വണ്ണത്തിലും വാശിപിടിച്ചതും അതുകൊണ്ടാണോ? ഭവനം കിട്ടിയിട്ടും എം.എല്‍.എ ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാന്‍ കാണിക്കുന്ന വിമുഖത ആര്‍ത്തിയുടെ ആഴമല്ലേ കാണിക്കുന്നത്. ഭൗതികാഢംബരങ്ങളോടുള്ള ഈ അടങ്ങാത്ത കൊതി ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്, പോകട്ടെ ഒരു നല്ല മനുഷ്യന് ചേര്‍ന്നതാണോ? ഇത്രയൊക്കെ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് പണത്തോടും പദവി പോലെ തന്നെ ഭ്രമം തോന്നില്ലേ.

അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമൊക്കെ ഇത്തരക്കാര്‍ ചെയ്യാതിരിക്കുമോ. വി.എസിന്റെ മകനെക്കുറിച്ചുവന്ന ആരോപണങ്ങള്‍ നിസ്സാരമായിരുന്നില്ലല്ലോ. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വന്ന ഒരാള്‍ ഇതുവരെ അദ്ദേഹം വിഭാവനം ചെയ്യുന്ന ഒരു ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് വാമൊഴിയായോ വരമൊഴിയായോ വല്ലതും ഉരുവിട്ടുവോ? താന്‍ താമസിക്കാന്‍ പോകുന്ന വീട്, തനിക്കായി സംവിധാനിക്കുന്ന ഓഫീസ്, മറ്റാനുകൂല്യങ്ങള്‍ എന്നിവയെ പ്രഥമ സ്ഥാനത്തുനിര്‍ത്തി നാണമില്ലാതെ ചര്‍ച്ചചെയ്യാന്‍ അദ്ദേഹം കാണിച്ച ഔല്‍സുക്യം കണ്ടില്ലെന്ന് നടിക്കാനാവുമോ? ഇതെന്തൊരു കമ്മ്യൂണിസ്റ്റാണപ്പാ. മുഖ്യമന്ത്രി പദവി വീണ്ടും ലഭിക്കാനും പാര്‍ട്ടിക്കകത്തെ ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കാനും സ്ഥാനാര്‍ത്ഥിയാവാനും തന്റെ എതിരാളികളായി അദ്ദേഹം കരുതുന്ന പാര്‍ട്ടിയിലെ ഇതര നേതാക്കളെ ഒതുക്കാനും വേണ്ടി എത്ര കാലമായി അദ്ദേഹം പടവെട്ടുകയാണ്. ഇതാണോ ജനപക്ഷ രാഷ്ട്രീയം.

പിണറായിയും കോടിയേരിയും അവരുടെ കേന്ദ്ര നേതാക്കളുമൊക്കെ കാണിക്കുന്ന അച്ചടക്കത്തിന്റെ ഒരംശംപോലും വി.എസ് കാണിക്കാറുണ്ടോ. എല്ലാം ചോദിച്ച് വാങ്ങുകയും കിട്ടിയാല്‍ തല്‍ക്കാലം ഒതുങ്ങുകയും വീണ്ടും ആവശ്യങ്ങള്‍ സമയാസമയങ്ങളില്‍ ഉന്നയിക്കുകയും ചെയ്യുന്ന അച്യുതാനന്ദന്റെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തം താല്‍പര്യങ്ങള്‍ തന്നെയാണ്. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു ജന പിന്തുണയും അദ്ദേഹത്തിനില്ല. പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ നീലേശ്വരം ഓട്ടോസ്റ്റാന്റില്‍ പോലും ഒരു ചലനവുമണ്ടാകാനിടയില്ല. മാധ്യമങ്ങള്‍ ഉടന്‍ നിര്‍ദ്ദയം അദ്ദേഹത്തെ കൈവിടുമെന്ന കാര്യത്തിലും ഒരു തര്‍ക്കവുമില്ല. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു സംഭാവനയുമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോ ആവശ്യങ്ങളോ ലോകത്തിലും ഇന്ത്യയിലും ഭരണ രംഗത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളോ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പുതിയ കേരളത്തിന് അനുയോജ്യമായ പരിഷ്‌കാരങ്ങള്‍ ശിപാര്‍ശ ചെയ്യാനോ അച്യുതാനന്ദന് കഴിയുമെന്ന് തോന്നുന്നില്ല. ആകെക്കൂടി സി.പി.എമ്മിനകത്ത് സമാധാന നില അപകടത്തിലാവാതെ നോക്കാമെന്നേയുള്ളൂ. അതും വി.എസ്സിനെ അറിയുന്നവര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും അദ്ദേഹം നന്ദി കാട്ടുകയോ പാര്‍ട്ടി വൃത്തത്തിനകത്ത് ഒതുങ്ങിക്കഴിയുകയോ ചെയ്യാനിടയില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി സങ്കല്‍പ്പം ഇത്രമാത്രമാണ്.

സര്‍ക്കാരിന്റെ ഖജാനയില്‍ നിന്ന് ചിലവഴിക്കുന്ന ഏറ്റവും അനാവശ്യമായ പണം അച്യുതാനന്ദന് വേണ്ടിയാകുമെന്ന് ഉറുപ്പാണ്. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി കോടിയേരിയും ആലോചിച്ച് കേരളത്തിന്റെ തലയില്‍ നിന്ന് ഈ ഭാരം ഇറക്കിവെക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. ജയരാജന്റെ വിഷയത്തില്‍ പിണറായി കാണിച്ച ഉശിരിന്റെ അഞ്ചിലൊന്ന് കാണിച്ചാല്‍ പാര്‍ട്ടിയും ഭരണവും അച്യുതാനന്ദന്റെ ബാധയില്‍ നിന്ന് മോചിതമാവും. യാതൊരു പ്രത്യാഘാതവും സി.പി.എം പാര്‍ട്ടിക്കകത്തോ പുറത്തോ സംഭവിക്കാനും പോകുന്നില്ല.
ഭരണപരിഷ്‌കാരമെന്ന ഈ ഭാരം കണ്ടകശ്ശനിയാവാതെ നോക്കാന്‍ സി.പി.എമ്മിന് കഴിയില്ലേ.

chandrika: