- രാംപുനിയാനി
നൂറു കോടി രൂപ മുടക്കിയാണ് ഹരിയാന സര്‍ക്കാര്‍ ഇയ്യിടെ കുരുക്ഷേത്രയില്‍ ഗീത ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ഭഗവദ്ഗീത ഉദ്‌ഘോഷിക്കുന്ന പാഠങ്ങള്‍ ആഘോഷിക്കാനായിരുന്നു ചടങ്ങ്. ശ്രീ കൃഷ്ണന്‍ ജനിച്ച സ്ഥലമെന്ന് കരുതപ്പെടുന്നതാണ് ഇവിടം. സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നുമുള്ള ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് അതീവ ശ്രദ്ധയോടെയും തിങ്ങിനിറഞ്ഞ സദസുമായി സെമിനാറുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതില്‍ ഗീത ഫെസ്റ്റിവെല്‍ വന്‍ വിജയമായിരുന്നു. കുറച്ചുകാലമായി ഭഗവദ്ഗീത വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്ത്, യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി യോഗാ പീഠ്, രാമ കൃഷ്ണ മിഷന്‍, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കാന്‍സിയെസ്‌നെസ് തുടങ്ങിയവരെല്ലാം ഫെസ്റ്റിവലില്‍ പങ്കാളികളായിരുന്നു.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഇത്തരം മതപരമായ പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിന് പശ്ചാത്തലമൊരുങ്ങിയത്. രാജ്യത്തിനു പുറത്തും ഗീതക്ക് വിശുദ്ധ പദവി കൈവരുന്നതിന് മോദിയുടെ അസംഖ്യം വിദേശ യാത്രകള്‍ സഹായകമായിട്ടുണ്ട്. ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി. മധ്യപ്രദേശ് പോലെ ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ബി.ജെ.പിക്ക് അധികാരം ലഭിച്ചപ്പോള്‍ അവര്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്നതിന് പദ്ധതിയിട്ടിരുന്നു. ഇതൊരു മത ഗ്രന്ഥമല്ല, മറിച്ച് ഇന്ത്യന്‍ തത്ത്വശാസ്ത്ര ഗ്രന്ഥമെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ‘അടിസ്ഥാനപരമായി ഗീത ഇന്ത്യന്‍ തത്ത്വ ശാസ്ത്ര ഗ്രന്ഥമാണ്; അതൊരു മത ഗ്രന്ഥമല്ല’ എന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി (ജനുവരി 2012) ഇതിനൊരുദാഹരണമാണ്. ഹിന്ദു മതത്തെക്കുറിച്ചുള്ള ആധ്യാത്മിക അറിവ് അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനാതത്വങ്ങള്‍ അതുമല്ലെങ്കില്‍ കോടതി കീഴ്‌വഴക്കങ്ങള്‍ എന്നിവയേക്കാളും രാഷ്ട്രീയ തത്വ സംഹിതക്ക് സ്വാധീനം ചെലുത്താനാകുമെന്നത് ഈ വിധിയിലൂടെ പ്രകടമാണ്. സത്യവാങ്മൂലം നല്‍കുന്നതിനു മുമ്പ് ഹിന്ദുക്കള്‍ സത്യം ചെയ്യാനാണ് കോടതി മുറികളില്‍ ഗീത ഉപയോഗിക്കുന്നതെന്നാണ് ഒരറിവ്.
ഇതിഹാസ്യ കാവ്യം മഹാഭാരതത്തിന്റെ ഭാഗമായ ഭഗവത്ഗീത അല്ലെങ്കില്‍ ഗീത (ദൈവ കീര്‍ത്തനങ്ങള്‍) 700 ഖണ്ഡകാവ്യമടങ്ങുന്ന വേദഗ്രന്ഥമാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. ഹിന്ദു ദൈവശാസ്ത്രത്തിന്റെ കേന്ദ്ര ഭാഗമായ ചാതുര്‍വര്‍ണ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് ഭഗവദ്ഗീത വിശദമായി പ്രതിപാദിക്കുന്നുണ്ട്. വീര പുരുഷ ശരീരത്തില്‍ നിന്ന് ബ്രഹ്മാവ് ചാതുര്‍ വര്‍ണ്യം സൃഷ്ടിച്ചത് എങ്ങനെയെന്ന് വേദത്തിലെ പുരുഷ് സൂക്തം വ്യക്തമാക്കുന്നു. സമാന രീതിയില്‍ ഗീതയിലും ചാതുര്‍ വര്‍ണ്യത്തിന്റെ ഉത്പത്തി കൃഷ്ണന്‍ വിവരിക്കുന്നുണ്ട്. ഗുണത്തിന്റെയും കര്‍മ്മത്തിന്റെയും അടിസ്ഥാനത്തിലാണ് നാല് വിഭാഗങ്ങളെ അവതരിപ്പിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാക്കുന്നു.
ബുദ്ധ, ജൈന, ക്രിസ്ത്യന്‍, ഇസ്‌ലാം തുടങ്ങി പ്രവാചകന്മാരെ അടിസ്ഥാനമാക്കിയുള്ള മതങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഹിന്ദു മതത്തിന്റെ ഉദ്ഭവം. നിരവധി കാലത്തെ പരിണാമത്തിലൂടെയാണ് ഇന്നു കാണുന്ന ഹിന്ദു മതം രൂപപ്പെട്ടുവന്നത്. ഗീത അതിന്റെ വേദ ഗ്രന്ഥവുമായി. ഗീത മതപരമായ ഒന്നല്ലെന്നും ഇന്ത്യന്‍ തത്വശാസ്ത്രമാണെന്നുമുള്ള നിലപാട് സത്യത്തില്‍ നിന്നും വളരെ അകലെയാണ്. വേദ ഗ്രന്ഥങ്ങളില്‍ ഇത്തരത്തില്‍ നിരവധി തത്വശാസ്ത്രങ്ങളടങ്ങിയിരിക്കും. എങ്കില്‍തന്നെയും അവ മൗലികമായി മത വേദ ഗ്രന്ഥങ്ങളായിരിക്കും. ആദ്യ കാലത്തെ ഗ്രാമീണ ആര്യന്മാരുടെ മതത്തില്‍ നിന്നും ഇന്നത്തെ സംഘ് പരിവാരങ്ങളുടെ പ്രവൃത്തിയിലേക്ക് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി അടിച്ചേല്‍പ്പിക്കുക മാത്രമല്ല ഹിന്ദു മതത്തിലെ ബ്രാഹ്മണത്വത്തിന്റെ കാതലായ വര്‍ണ വ്യവസ്ഥിതി കൂടുതള്‍ ശക്തമായി നടപ്പിലാക്കാനും വര്‍ഗീയ ശക്തികള്‍ ലക്ഷ്യമിടുന്നു. ദൈവത്തിന്റെ സ്വയം നിര്‍മ്മിതിയാണ് വര്‍ണ വ്യവസ്ഥിതിയെന്നാണ് ഗീത ഉദ്‌ഘോഷിക്കുന്നത്. സംഘ് പരിവാര രാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കുന്നതിനാവശ്യമായ വര്‍ണ, ജാതി വ്യവസ്ഥകളടക്കം നിരവധി ദാര്‍ശനികാചാരങ്ങള്‍ ഈ വേദ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ഗീതയില്‍ പറയുന്ന ധര്‍മ്മ അടിസ്ഥാനപരമായി പൗരോഹിത്യത്തിന്റെ തരംതിരിവായ വര്‍ണാശ്രമ ധര്‍മ്മയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനും സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കും സമത്വത്തിനും സാഹോദര്യത്തിനും എതിരാണ്. സമത്വ തത്വങ്ങള്‍ ലംഘിക്കുന്നതാണ് ഗീതയിലെ വര്‍ണാശ്രമ ധര്‍മ്മ. അതിനാല്‍ ഇവിടെ നിങ്ങള്‍ സമത്വമെന്ന മാനദണ്ഡം ലംഘിക്കുകയാണ്. തീര്‍ച്ചയായും ഗീത ഒരു വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥം തന്നെയാണ്. നമ്മുടേത് മതേതര രാഷ്ട്രമാണ്. എല്ലാ മത വിഭാഗത്തിലുംപെട്ട പൗരന്മാര്‍ക്ക് ഒരേ പൗരത്വമാണുള്ളത്. അതിനാല്‍ ഗീതയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതിലൂടെ നിങ്ങളിവിടെ നമ്മുടെ രാജ്യത്തിന്റെ മതേതര ധാരകളെല്ലാം ലംഘിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ ഗീതയെക്കുറിച്ച് രസകരമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ‘മനുസ്മൃതിയുടെ രത്‌നച്ചുരുക്കമാണ് ഭഗവത്ഗീത’യെന്നാണ് ‘ഫിലോസഫി ഓഫ് ഹിന്ദുയിസം’ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹിന്ദു മതത്തിലെ ബ്രാഹ്മണ വിഭാഗത്തിന്റെ പൗരോഹിത്യ വ്യവസ്ഥയെ പ്രതീകാത്മകമായി എതിര്‍ക്കുന്നതിനാണ് അംബേദ്കര്‍ മനുസ്മൃതി കത്തിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചത്.
ഹിന്ദുമതം കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി സമര്‍ത്ഥിച്ചു കൊണ്ടിരുന്നത് ബ്രാഹ്മണിക്കല്‍ ഹിന്ദുയിസമായിരുന്നുവെന്ന് ശരിവെക്കുന്നതാണിത്. മറ്റു ഹിന്ദു പാരമ്പര്യങ്ങളായ നാഥ്, തന്ത്ര, സിദ്ധ, ശൈവ, ഭക്തി എന്നിവയില്‍ നിന്ന് വിപരീതമായി ബ്രാഹ്മണ ഹിന്ദു മതത്തെയാണ് ഗീത പ്രതിനിധീകരിക്കുന്നത്. ഇവ ബ്രാഹ്മണ പൗരോഹിത്യ മൂല്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ബ്രാഹ്മണ മൂല്യങ്ങളാണ് ആര്‍.എസ്.എസ് ഹിന്ദുത്വ അവരുടെ രാഷ്ട്രീയ അടിത്തറയായി സ്വീകരിച്ചത്.
ജാതി, ലിംഗ പൗരോഹിത്യം പുനസ്ഥാപിക്കാന്‍ ബോധപൂര്‍വം തന്നെയാണ് ഹൈന്ദവ രാഷ്ട്രീയത്തിന്റെ പ്രചാരകരായ ആര്‍.എസ്.എസും ബി.ജെ.പിയും ഗീതയെ പ്രോത്സാഹിപ്പിക്കുന്നത്. അവരുടെ രാഷ്ട്രീയ അജണ്ടക്ക് ഇത് അനിവാര്യവുമാണ്. ഗീത ഒരു ദേശീയ ഗ്രന്ഥമല്ല; അതൊരു വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥമാണെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ ദേശീയ ഗ്രന്ഥം.