കരുത്തരായ ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യപാദ സെമിയില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഫൈനല്‍ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയിലെത്തി. നാളെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് രണ്ടാം പാദ സെമി. ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുള്ളതിനാല്‍ സമനില വഴങ്ങിയാലും കേരളത്തിന് സ്വന്തം തട്ടകത്തില്‍ 18ന് നടക്കുന്ന കലാശ പോരിലേക്ക് യോഗ്യത നേടാനാവും.
അതേസമയം മികച്ച ഹോം റെക്കോഡുള്ള ഡല്‍ഹിയെ തോല്‍പിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമാവില്ല, അരലക്ഷത്തിലധികം ആരാധകരുടെ സാനിധ്യത്തിലായിരുന്നു കൊച്ചിയില്‍ ഞായറാഴ്ച്ച ബെല്‍ഫോര്‍ട്ടിന്റെ സോളോ ഗോളില്‍ കേരളം ജയിച്ചു കയറിയത്. മാഴ്‌സലീഞ്ഞോ അടക്കമുള്ള ഡല്‍ഹിയുടെ മുന്‍തിര താരങ്ങളെ പിടിച്ചുകെട്ടുന്നതില്‍ കേരളത്തിന്റെ പ്രതിരോധം മികവു കാട്ടിയതും ഹെങ്ബാര്‍ത്തിന്റെ ഉജ്ജ്വല സേവും കേരളത്തിന്റെ വിജയത്തിന് വഴിയൊരുക്കി. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഒഴുകിയെത്തിയ കാണികള്‍ തന്നെയായിരുന്നു മഞ്ഞപ്പടയുടെ വിജയത്തിന് അടിത്തറ പാകിയത്.
പതിവു പോലെ പ്രതിരോധം മികച്ചു നിന്നെങ്കിലും ഫിനിഷിങിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ മത്സരം തെളിയിച്ചു. ഗോള്‍ വേട്ടക്കാരന്‍ മാഴ്‌സലീഞ്ഞോയെ പൂട്ടുന്നതില്‍ പ്രതിരോധം പൂര്‍ണമായും വിജയിച്ചു. മുന്‍നിരയില്‍ തന്ത്രപൂര്‍വമായ നീക്കങ്ങളുണ്ടായിരുന്നെങ്കില്‍ കേരളത്തിന് ലീഡ് വര്‍ധിപ്പിക്കാമായിരുന്നു. ആദ്യ മിനുറ്റില്‍ തന്നെ സി.കെ വിനീത് ഒരു സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയത്. പാസിങ് ഗെയിമും കേരള താരങ്ങളില്‍ നിന്ന് അധികം കണ്ടില്ല. 320 പാസുകളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചതെങ്കില്‍ ഡല്‍ഹി താരങ്ങളുടെ അക്കൗണ്ടില്‍ 434 പാസുകളുണ്ട്. നാലു ഷോട്ടുകളാണ് കേരളം ഡല്‍ഹി വല ലക്ഷ്യമാക്കി അടിച്ചത്, ലക്ഷ്യം കണ്ടത് ഒരെണ്ണം മാത്രം. ഡല്‍ഹിയുടെ അഞ്ചു ശ്രമങ്ങളും നന്ദിയും പ്രതിരോധവും ചേര്‍ന്ന് വിഫലമാക്കി.