ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുകുവില്‍ ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നു. 74 കോടി ഡോളര്‍ ചെലവിട്ടാണ് ലാല്‍ഹോ എന്നു പേരിട്ടിരിക്കുന്ന കൂറ്റന്‍ ജല വൈദ്യുത പദ്ധതി തിബത്തിലെ ഷിഗാസെയില്‍ നിര്‍മിക്കുന്നതെന്ന് പദ്ധതിയുടെ നിര്‍മാണ തലവനായ ചാങ് യുന്‍ബാവോ വ്യക്തമാക്കിയതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ സിക്കിമിനു സമീപമാണ് ചൈന അണക്കെട്ട് നിര്‍മിക്കുന്ന പ്രദേശം. ഷിഗാസെയില്‍ നിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍ പ്രദേശിലേക്കു ഒഴുകുന്നത്. 2014 ജൂണില്‍ ആരംഭിച്ച പദ്ധതി 2019ല്‍ പൂര്‍ത്തിയാക്കുമെന്നാണ് ചൈന പറയുന്നത്.
അതേ സമയം ബ്രഹ്മപുത്രയുടെ പോഷക നദിയില്‍ അണകെട്ടുന്നത് ബ്രഹ്മപുത്രയിലെ ജലത്തെ ആശ്രയിക്കുന്ന ഇന്ത്യയിലും ബംഗ്ലാദേശിലും ഏത് തരത്തിലുള്ള പ്രതിസന്ധികളാണ് തീര്‍ക്കുകയെന്നതിനെ കുറിച്ച് വേണ്ടത്ര പഠനങ്ങളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം തിബത്തില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ 150 കോടി രൂപ ചെലവിട്ട് ചൈന നിര്‍മിച്ച സാം ജല വൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തിരുന്നു. ഇത് ഇന്ത്യയില്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ബ്രഹ്മപുത്രയുടെ പോഷക നദിയില്‍ കൂടി ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നടപടികളുമായി ചൈന മുന്നോട്ടു പോകുന്നത്. എന്നാല്‍ തങ്ങളുടെ പദ്ധതികള്‍ ജല ഒഴുക്ക് തടയുന്ന രൂപത്തിലല്ലെന്നാണ് ചൈന നല്‍കുന്ന വിശദീകരണം. ഇന്ത്യയും ചൈനയും തമ്മില്‍ ജല കരാറുകള്‍ ഒന്നും തന്നെ നിലവിലില്ലെങ്കിലും നദീജലം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഉന്നത തല സംവിധാനവും (ഇ.എല്‍.എം), 2013ല്‍ ഇരു സര്‍ക്കാറുകളും തമ്മില്‍ പരസ്പര ധാരണാപത്രവും ഒപ്പു വെച്ചിരുന്നു.
ഇതു പ്രകാരം ഇന്ത്യയിലേക്കുള്ള നദികളുടെ ഒഴുക്ക് സംബന്ധിച്ച വിവരം ചൈന ഇന്ത്യക്കു നല്‍കും. പാകിസ്താനുമായുള്ള സിന്ധു നദീജല ഉടമ്പടി ഇന്ത്യ റദ്ദാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ചൈന ഇന്ത്യയിലേക്കുള്ള ബ്രഹ്മപുത്രയുടെ ഒഴുക്കിന് തടയിടുന്ന രീതിയില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സിന്ധു നദീജല കരാറില്‍ ഉള്‍പ്പെട്ട ചില നദികള്‍ ഉത്ഭവിക്കുന്നത് ചൈനയില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.