ലിങ്കണും പൗളീഞ്ഞോയും ഒരിക്കല്‍ കൂടി തങ്ങളുടെ പ്രതിഭ തെളിയിച്ചു, ഉത്തര കൊറിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഡി ഗ്രൂപ്പില്‍ വീണ്ടും ഒന്നാമതെത്തി. മികച്ച ഗോള്‍ ശരാശരിയും ആറും പോയിന്റും അക്കൗണ്ടിലുള്ള ടീം പ്രീക്വാര്‍ട്ടര്‍ സാധ്യതയും സജീവമാക്കി. 13ന് ഗോവയില്‍ നടക്കുന്ന അവസാന ഗ്രൂപ്പ്് മത്സരത്തില്‍ നൈജറിനെതിരെ സമനില പിടിച്ചാലും കാനറികള്‍ക്ക് അവസാന പതിനാറിലെത്താം. തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റ കൊറിയയുടെ നോക്കൗട്ട് റൗണ്ട്് പ്രതീക്ഷകള്‍ ഏറെക്കുറേ അവസാനിച്ചു. പന്തടക്കത്തിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങിയ ബ്രസീലിനായി 56ാം മിനുറ്റില്‍ ലിങ്കണും 58ാം മിനുറ്റില്‍ പൗളീഞ്ഞോയുമാണ് കൊറിയന്‍ വല കുലുക്കിയത്. സ്‌പെയിനിനെതിരായ ആദ്യ മത്സരത്തിലും ഇരുവരും ഗോള്‍ നേടിയിരുന്നു. ഗോളിനായി മത്സരത്തിലാകെ 26 ശ്രമങ്ങളാണ് ബ്രസീല്‍ നടത്തിയത്. കൊറിയന്‍ പ്രതിരോധം ഉറച്ചു നിന്നതിനാല്‍ ആദ്യ പകുതിയില്‍ പന്ത് വലക്ക് പുറത്ത് തന്നെ നിന്നു. നിരന്തര ശ്രമങ്ങള്‍ക്ക് രണ്ടാം പകുതിയില്‍ കാനറികള്‍ ഫലം കണ്ടു. ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. വലതുഭാഗത്ത് നിന്ന് കിക്കെടുത്തത് പ്രതിരോധ താരം വെവേഴ്‌സണ്‍. വലക്ക് മുന്നില്‍ പ്രതിരോധ കോട്ട കെട്ടിയ കൊറിയന്‍ താരങ്ങളുടെ തലക്ക് മുകളിലൂടെ പന്ത് ഗോള്‍മുഖത്തേക്ക്. തടുക്കാനായി കൊറിയന്‍ ഗോളിയും പ്രതിരോധ താരവും ഉയര്‍ന്നു പൊങ്ങി. അതിനേക്കാള്‍ മുമ്പേ ലിങ്കണ്‍ വാനിലുയര്‍ന്നു. തല കൊണ്ട് പിന്നിലേക്ക് ചെത്തിയിട്ട പന്ത് വലയുടെ വലംഭാഗത്ത് വിശ്രമിച്ചു. ടൂര്‍ണമെന്റില്‍ ലിങ്കണ്‍ന്റെ രണ്ടാം ഗോള്‍. ലീഡുയര്‍ത്താനുള്ള പൗളീഞ്ഞോയുടെ ഒരു ശ്രമം പാഴായി. 61ാം മിനുറ്റില്‍ താരം പ്രായശ്ചിത്തം ചെയ്തു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് ബ്രന്നര്‍ നല്‍കിയ ത്രൂപാസ് ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് പൗളീഞ്ഞോ കാലിലാക്കി. മനോഹരമായ ഇടങ്കാലന്‍ ഷോട്ട്് പതിച്ചത് വലയുടെ വലംഭാഗത്ത്. സ്‌പെയിനിനെതിരായ മത്സരത്തില്‍ ബുട്ടുകെട്ടിയ അതേ ടീമാണ് കൊറിയക്കെതിരെയും ഇറങ്ങിയത്. കൊറിയയുടെ ഹെഡര്‍ പരീക്ഷണത്തോടെയായിരുന്നു കളമുണര്‍ന്നത്. കളിയുടെ ഗതിയൊഴുക്കിന് വിപരീതമായി 25ാം മിനുറ്റില്‍ കൊറിയയുടെമുന്നേറ്റമുണ്ടായി. പ്രതിരോധ താരം കിം യോങ് സോക് പന്തുമായി ബോക്‌സിനകത്തേക്ക് എത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.