ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഭാഗ്യവാന്മാര്‍ രണ്ട് ഗുജറാത്തികള്‍. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേലും. മൂന്ന് മല്‍സര ടെസ്റ്റ് പരമ്പര ജനുവരി അഞ്ചിന് കേപ്ടൗണിലാണ് ആരംഭിക്കുന്നത്. ആദ്യമായാണ് ജസ്പ്രീത് ബുംറക്ക് ടെസ്റ്റ് അവസരം ലഭിക്കുന്നതെങ്കില്‍ പാര്‍ത്ഥീവിന് ദേശീയ ടീമിലേക്ക് മറ്റൊരവസരമാണ്. അതേ സമയം ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ സജ്ഞു വി സാംസണ്‍ ഒരിക്കല്‍ കൂടി തഴയപ്പെട്ടു. ഇപ്പോള്‍ ശ്രീലങ്കക്കെതിരെ നടന്നു വരുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും വ്യക്തിഗത കാരണങ്ങളാല്‍ വിട്ടുനിന്ന ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഇവര്‍ തിരിച്ചുവന്നതോടെ നിലവിലെ ടെസ്റ്റ് സംഘത്തിലെ കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍ എന്നിവര്‍ പുറത്തായി. ഏകദിന ക്രിക്കറ്റിലും ടി-20 ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ ബുംറയെ ടെസ്റ്റ് സംഘത്തിലേക്ക് തിരിച്ചുവിളിച്ചത് നാടകീയ തീരുമാനമായിരുന്നു. ഈ വര്‍ഷം ആഭ്യന്തര ക്രിക്കറ്റോ, ചതുര്‍ദിന ക്രിക്കറ്റോ കളിക്കാത്ത താരം ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചുകളെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീമില്‍ എടുത്തിരിക്കുന്നത്. കേപ് ടൗണ്‍, സെഞ്ചൂറിയന്‍, ജോഹന്നാസ്ബര്‍ഗ്ഗ് എന്നിവിടങ്ങളിലാണ് ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. ഇവിടങ്ങളിലെ പിച്ചുകള്‍ വേഗതയെ തുണക്കുന്നവയാണ്.