X

ബി.ജെ.പി ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്ക് കൊടിയപീഡനം

ന്യൂഡല്‍ഹി: എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം കൂടുതല്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെന്ന് കേന്ദ്ര സര്‍ക്കാര്‍ പഠനം. എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം 23,861 കേസുകളാണ് രാജസ്ഥാനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശും ബിഹാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യഥാക്രമം 23556, 21061 കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1989ലെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതിലെ പാളിച്ചകള്‍ പരിശോധിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ യോഗത്തില്‍ സമര്‍പ്പിക്കുന്നതിനായി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ ഉള്ളത്.

മധ്യപ്രദേശ് (14,016), ആന്ധ്രാപ്രദേശ് (9,054), ഒഡീഷ (8,084), കര്‍ണാടക (7,565), മഹാരാഷ്ട്ര (6,546), തമിഴ്‌നാട് (5,131), ഗുജറാത്ത് (3,969) എന്നിങ്ങനെയാണ് മറ്റു ചില സംസ്ഥാനങ്ങളിലെ കുറ്റകൃത്യത്തിന്റെ നിരക്ക്. 2013-15 കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ കേസുകളില്‍ (1,38,077) 43.3 ശതമാനം എണ്ണത്തില്‍ മാത്രമാണ്(59,779) കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തും ഇടംപിടിച്ചു.

രജിസ്റ്റര്‍ ചെയ്തതിന്റെ 3.1 ശതമാനം കേസുകളിലാണ് ശിക്ഷ നടപ്പാക്കിയത്. മൂന്നു ശതമാനം കേസുകളില്‍ മാത്രം പ്രതികള്‍ ശിക്ഷിക്കപ്പെട്ട പശ്ചിമബംഗാളാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത്. മിക്ക സംസ്ഥാനങ്ങളിലും ഒരക്ക ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശ് (6.3 ശതമാനം), കര്‍ണാടക (3.5), മഹാരാഷ്ട്ര (7.6), ഒഡീഷ (4.3), തമിഴ്‌നാട് (7.5), തെലുങ്കാന (7.5) എന്നിങ്ങനെയാണ് മ ശിക്ഷിക്കപ്പെട്ട കേസുകളുടെ നിരക്ക്.

കേസുകള്‍ തീര്‍പ്പാക്കുന്നതിലും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും സംഭവിക്കുന്ന വീഴ്ച സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കമ്മിറ്റി അധ്യക്ഷനായ സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രി തവര്‍ച്ചന്ദ് ഗെഹ്്‌ലോട്ട് പറഞ്ഞു. ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നെങ്കിലും 14 സംസ്ഥാനങ്ങള്‍ മാത്രമാണ് അതിനു തയ്യാറായത്. 22 സംസ്ഥാനങ്ങള്‍ ഇതുവരെയും പ്രത്യേക കോടതികളുടെ വിവരം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

chandrika: