ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്‌സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം ഷര്‍മിള ഈയിടെ നിരാഹാരം അവസാനിപ്പിക്കുകയും രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇറോം ഷര്‍മിളയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. ഡല്‍ഹിയില്‍ ഒരു പരിപാടിക്കെത്തിയ ഷര്‍മിള എ.എ.പി തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.
കേജ്രിവാളിനെ തന്റെ രാഷ്ട്രീയ ഗുരുവായി ഷര്‍മിള കാണുന്നതായും അടുത്ത വര്‍ഷം മണിപ്പൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയുമായി രംഗത്തുണ്ടാകുമെന്നും അവരുടെ സഹായി വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കേജ്രിവാള്‍ എല്ലാ സഹാവും നല്‍കുമെങ്കിലും തല്‍ക്കാലം ആം ആദ്മി പാര്‍ട്ടിയിലേക്കില്ലെന്നാണ് അവരുടെ നിലപാട്.
രാഷ്ട്രീയ താല്‍പര്യം അറിയിച്ച ഉടന്‍ തന്നെ ഷര്‍മിളയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവരെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് കെ.എച്ച് ജോയ്കിഷന്‍ വ്യക്തമാക്കുകയും ചെയ്തു. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 42-കാരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന ബി.ജെ.പിക്കുണ്ടായിരുന്നു. ഇതിന് തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങള്‍.
ബി.ജെ.പിയിലും കോണ്‍ഗ്രസിലും ചേരാതെ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് കേജ്രിവാള്‍ ഇറോം ഷര്‍മിളയെ ഉപദേശിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നല്ല സ്വാധീനമുള്ള അവര്‍ ഇക്കാര്യം മുഖവിലക്കെടുക്കുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മണിപ്പൂരില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എ.എ.പി മത്സരിക്കുമെന്നാണ് സൂചന.
ഇറോം ഷര്‍മിളയും കേജ്രിവാളും തമ്മില്‍ ഇനിയും കൂടിക്കാഴ്ച നടത്തുമെന്നും മണിപ്പൂര്‍ സന്ദര്‍ശിക്കാനുള്ള ഷര്‍മിളയുടെ ശ്രമം കേജ്രിവാള്‍ സ്വീകരിച്ചതായും അവരുടെ വക്താവ് വ്യക്തമാക്കി.