ന്യൂഡല്‍ഹി: അപ്രധാനമായ കാര്യങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് നിരന്തരം പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ച ബിജെപി വക്താവ് അശ്വിനി ഉപാധ്യയക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ഈ ജോലിക്ക് ബിജെപി നിങ്ങള്‍ക്ക് കൂലി തരുന്നുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ബിജെപി നേതാവിനോട് ചോദിച്ചു.
രാജ്യം ഭരിക്കുന്നത് സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരായിട്ടും പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമായില്ലേയെന്നും കോടതി ചോദിച്ചു.ഇതാണോ ബിജെപി നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി.
കോടതിയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ബിജെപി താങ്കള്‍ക്ക് കൂലി നല്‍കുന്നുണ്ടോ? പാര്‍ട്ടി പ്രചരണത്തിന് കോടതിയെ വേദിയാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ?. നിങ്ങള്‍ ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ പൊതു താല്‍പര്യ ഹര്‍ജിക്കാരനായി മാറുകയാണല്ലോ, ഓരോ ദിവസവും ഓരോ ഹര്‍ജി ഫയല്‍ ചെയ്യുന്നത് ഞങ്ങള്‍ കാണുന്നുണ്ട്.
നിങ്ങളുടെ പാര്‍ട്ടിയല്ലേ ഇപ്പോള്‍ അധികാരത്തില്‍, എന്തുകൊണ്ട് സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിനെ സമീപിച്ചുകൂട. എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ കോടതി ബിജെപി വക്താവിനോട് ചോദിച്ചു. ഉപാധ്യയുടെ പൊതുതാല്‍പര്യ ഹര്‍ജി തള്ളിയ സുപ്രീം കോടതി, കോടതി മുറികളില്‍ രാഷ്ട്രീയ നേട്ടത്തിനായുള്ള പൊളിറ്റിക്കല്‍ ആക്ടിവിസം ഒരു തരത്തിലും അനുവദിക്കില്ലെന്നും തുറന്നടിച്ചു.
നാല് പൊതു താല്‍പര്യ ഹര്‍ജികളാണ് ഒന്നിന് പുറകെ ഒന്നായി ബിജെപി ഡല്‍ഹി വക്താക്കളിലൊരാളായ ഉപാധ്യയെ സമര്‍പ്പിച്ചത്. ഇവയില്‍ ഒന്ന് കേള്‍ക്കവെയാണ് അപ്രധാനമായ കാര്യങ്ങളില്‍ രാഷ്ട്രീയ നേട്ടത്തിനായി കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രോഷാകുലനായത്. നേരത്തെ പൊതുതാല്‍പര്യ ഹര്‍ജികളില്‍ 80% സമര്‍പ്പിക്കുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലെന്ന് ബോംബെ ഹൈക്കോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.
പലതും ആരെയെങ്കിലും ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍ ഫയല്‍ ചെയ്യുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി ജുഡീഷ്യറിയെ ഉപയോഗിക്കുന്നത് കണ്ടുനില്‍ക്കില്ലെന്നും അത്തരത്തിലൊരു രീതിയെ പ്രോല്‍സാഹിപ്പിക്കില്ലെന്നുമുള്ള നിലപാട് സുപ്രീം കോടതി ആവര്‍ത്തിച്ചു.