X

ബിഗ് ഗോവ

 

മഡ്ഗാവ്: തട്ടുതകര്‍പ്പന്‍ ഗെയിം… ഒന്നിന് പിറകെ ഒന്നായി ഏഴ് ഗോളുകള്‍… പന്ത് ഇരുപകുതിയിലേക്കും കയറിയിറങ്ങിയ 93 മിനുട്ടിന് ശേഷം വിജയം ആതിഥേയരായ എഫ്.സി ഗോവക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അപരാജിതരായി കുതിച്ച ബംഗ്ലൂരു എഫ്.സിയെ ഗോവക്കാര്‍ തോല്‍പ്പിച്ചത് 4-3 മാര്‍ജിനില്‍. ഫെര്‍ണാണ്ടോ കോറമിനസ് എന്ന സ്പാനിഷ് താരത്തിന്റെ ഹാട്രിക്കിലായിരുന്നു ഗോവന്‍ വിജയം. സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കണ്ട ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ ഗോള്‍ക്കീപ്പര്‍ ചുവപ്പില്‍ പുറത്തായിട്ടും ബംഗ്ലൂരു പൊരുതിക്കളിച്ചു. നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യ ഗോള്‍ പിറന്നത് പതിനഞ്ചാം മിനുട്ടില്‍. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നിലേക്ക് കോറ എന്ന കോറമിനസിന്റെ സുന്ദരമായ അവസരോചിത ഗോള്‍. ബംഗ്ലൂരു പ്രതിരോധത്തെ അനായാസം കബളിപ്പിച്ചുള്ള പ്ലേസിംഗ് ഷോട്ട്. പക്ഷേ ലീഡിന് ആയുസ്സ് അഞ്ച് മിനുട്ട് മാത്രമായിരുന്നു. മിക്കുവിലൂടെ ബംഗ്ലൂരു തിരിച്ചെത്തി. ഗോള്‍ക്കീപ്പര്‍ കട്ടമണിയുടെ കാലുകള്‍ക്കിടയിലൂടെയുള്ള ഷോട്ട്. 33-ാം മിനുട്ടില്‍ ബംഗ്ലൂരു പ്രതിരോധത്തിന്റെ ശുദ്ധമായ അനാസ്ഥയില്‍ പന്ത് റാഞ്ചി കോറോ ഗോവക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ കോറയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിന് ബംഗ്ലൂരു ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീതിന് ചുവപ്പ് കാര്‍ഡും ആതിഥേയര്‍ക്ക് പെനാല്‍ട്ടിയും. മാലന്‍ഡയുടെ ഷോട്ടില്‍ ടീം 3-1ന് മുന്നില്‍. രണ്ടാം പകുതിയിലേക്ക് വന്നപ്പോള്‍ ബംഗ്ലൂരു ഗെയിം മാറ്റി. അതിവേഗ ആക്രമണങ്ങള്‍. കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്തില്‍ പവട്ടാലു ഗോള്‍ മടക്കി. മിന്നും ഹെഡ്ഡര്‍. അധികം താമസിയാതെ മികുവിന്റെ ഗോളില്‍ അപ്രതീക്ഷിതമായി ബംഗ്ലൂരുവിന് സമനില. അതോടെ ഗ്യാലറി നിശ്ചലം. പക്ഷേ രണ്ട് മിനുട്ടിനകം ഹാട്രിക്കുമായി കോറോ ലീഡ് തിരിച്ചുപിടിച്ചു. തോറ്റെങ്കിലും പോയന്റ് ടേബിളില്‍ ഇപ്പോഴും ഒന്നാമത് ബംഗ്ലൂരു തന്നെ. ആറ് പോയന്റുണ്ട് അവര്‍ക്ക്. പൂനെ, ഗോവ എന്നിവരും ആറ് പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
ഇന്ന് നവാഗതരായ ജാംഷെഡ്പൂര്‍ എഫ്.സിക്ക് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരം. ജെ.ആര്‍.ഡി. ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ആദ്യ ഹോം മാച്ചില്‍ ജാംഷെഡ്പൂര്‍ എഫ്.സി കൊല്‍ക്കത്തയെ നേരിടും. ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകള്‍ തമ്മില്‍ കേവലം 300 കിലോമീറ്റര്‍ മാത്രം അകലം. പോയിന്റ് പട്ടികയിലും ഇരുടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രം. രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ജാംഷെഡ്പൂര്‍ ഏഴാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു. ജാംഷെഡ്പൂരിന്റെ നോര്‍ത്ത് ഈസ്റ്റിനെതിരായ ആദ്യ മത്സരവും കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ രണ്ടാം മത്സരവും ഗോള്‍ രഹിതം. ഫലത്തില്‍ ജാംഷെഡ്പൂര്‍ ഇതിനകം കളിച്ച 180 മിനിറ്റിലും ഒരു ഗോള്‍ പോലും അടിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്‌സുമായി ഗോള്‍ രഹിത സമനില പിടിച്ച എ.ടി.കെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ 14നു പൂനെ സിറ്റിയോട് തോറ്റു.
മറ്റൊരു സവിശേഷത ,രണ്ടു ടീമുകളുടേയും പരിശീലകര് ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്. ജാംഷെഡ്പൂരിന്റെ സ്റ്റീവ് കോപ്പലും എ.ടി.കെയുടെ ടെഡി ഷെറിങ്ഹാമും. രണ്ടുപേരും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വേണ്ടി കളിച്ചവരും. രണ്ടു ടീമുകളും ഈ സീസണിലെ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ഇതില്‍ ജാംഷെഡ്പൂരിനു ഇത് സ്വന്തം ഗ്രൗണ്ടിലെ ആദ്യ മത്സരം ആണെന്ന പ്രത്യേകത വേറെയും. ജാര്‍ഖണ്ഡില്‍ ക്രിക്കറ്റിനു കിട്ടുന്ന വന്‍ ജനപ്രീതി ഇന്നു ഫുട്‌ബോളിനും ലഭിക്കുമെന്ന വിശ്വാസ്ത്തിലാണ് ജാംഷെഡ്പൂരിന്റെ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹൂസൈന്‍. “
സ്‌റ്റേഡിയം തിങ്ങി നിറഞ്ഞാണ് ആരാധകര്‍ ക്രിക്കറ്റ് കളികാണാനെത്തുന്നത്. ഇവിടെ ഫുട്‌ബോളിനും അതേപോലെ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തിനു മുന്നില്‍ കളിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും അതിമനോഹരമായ അനുഭവമായിരിക്കും . ഈ ചരിത്ര നിമിഷത്തിന്റെ ‘ഭാഗമാകുവാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് “ മെഹ്താ്ബ് ഹൂസൈന്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ഗാലറിയില്‍ നിന്നും കിട്ടുന്ന പിന്തുണ വേറെ തന്നേയാണെന്നു കോച്ച് സ്റ്റീവ് കോപ്പലും പറഞ്ഞു.
ജാംഷെഡ്പൂരിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളും എതിര്‍ ടീമിന്റെ ഗ്രൗണ്ടില്‍ ആയിരുന്നതിനാല്‍ സ്വന്തം ആരാധകരുടെ പിന്തുണ ഇതുവരെ ജാംഷെഡ്പൂരിനു അനുഭവിക്കാന്‍ കഴിഞ്ഞട്ടില്ല.

chandrika: