വലയ് സിങ് റായ്
ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ച സുപ്രീം കോടതി വിധി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നു വിഭിന്നമായി തിരിച്ചടിയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒരു അനുഗ്രഹമാണ്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ ഉത്തരവാദികളാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് സുപ്രീം കോടതി മനസിലാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു മേലുള്ള ഗൂഢാലോചന കുറ്റം ഒഴിവാക്കാനാവില്ല. അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കുമെതിരായ കേസും ബാബരി മസ്ജിദ് തകര്‍ത്ത നൂറുകണക്കിന് കര്‍സേവകര്‍ക്കെതിരായ കേസും ഒറ്റക്കേസായി പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കേസില്‍ തീരുമാനമുണ്ടാകണമെന്നു പറഞ്ഞ കോടതി കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റാനോ മറ്റ് അഡ്ജസ്റ്റുമെന്റുകള്‍ നടത്താനോ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം 25 വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി രാജ്യത്ത് വലിയ തോതില്‍ അധികാരമുറപ്പിച്ചു കഴിഞ്ഞു. (കേന്ദ്രത്തിലുള്ള വന്‍ ഭൂരിപക്ഷത്തിനു പുറമേ യു.പിയുള്‍പ്പെടെ പത്തിലധികം സം സ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്). ബി.ജെ.പിക്ക് രാമക്ഷേത്ര പ്രശ്‌നം ചെറിയ തോതിലൊന്നുമല്ല സഹായകരമായത്. ഇതിന് പിന്‍ബലമായി പറയുന്നത് 1984ല്‍ വെറും രണ്ടു സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ 88 ലോക്‌സഭാ സീറ്റുകള്‍ നേടിയെന്ന കാര്യമാണ്. രാമന്റെ ജന്മസ്ഥലം ‘തിരിച്ചുപിടിക്കാനുള്ള’ വിശ്വഹിന്ദു പരിഷത്തിന്റെ സമരങ്ങള്‍ 1984 ഒക്ടോബറില്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് കുറച്ചു മാസങ്ങള്‍ക്കു മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇതിനു രണ്ടു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ മകന്‍ രാജീവ് ഗാന്ധി 401 സീറ്റുകള്‍ നേടി മികച്ച വിജയം നേടിയിരുന്നു. അന്ന് ജനസംഘ് എന്നറിയപ്പെട്ടിരുന്ന ബി.ജെ.പി രണ്ടു ലോക്‌സഭാ സീറ്റുകളേ നേടിയുള്ളൂ എന്നത് മോശം പ്രകടനമായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത്രമോശമായ പ്രകടനമായിരുന്നില്ല അവരുടേത്. 101 ഓളം സീറ്റുകളില്‍ ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്.
1986ല്‍ ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്വാനി വന്നു. രണ്ടു ലോക്‌സഭാ അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവ് എന്ന നിരാശയോടെയായിരുന്നില്ല മറിച്ച് തീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ കൂടുതല്‍ ഊന്നിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 1989 ജൂണില്‍ പാലംപൂര്‍ പ്രമേയത്തിലൂടെ ബി.ജെ.പി രാം ജന്മഭൂമി സമരത്തിലേക്ക് ഔദ്യോഗികമായി കടന്നുവന്നു. ഇതിനുമുമ്പു തന്നെ അനൗദ്യോഗികമായി ഈ ആവശ്യത്തെ ബി.ജെ.പി പിന്തുണച്ചുകൊണ്ടിരുന്നു. പാലംപൂര്‍ പ്രമേയത്തിലൂടെ ബി.ജെ.പി പരസ്യമായി തന്നെ അവരുടെ മതപരമായ പ്രതിജ്ഞാബദ്ധത വ്യക്തമാക്കി രംഗത്തുവന്നു. ‘പൊതുവികാരം’ എന്നായിരുന്നു അവരതിനെ വിശേഷിപ്പിച്ചത്. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ അവര്‍ക്ക് ഏറെ സഹായകരമായ ഒന്നായിരുന്നു ഷാബാനുകേസിലെ സുപ്രീം കോടതി വിധി അസാധുവാക്കാനുള്ള 1986ലെ രാജീവ് ഗാന്ധി സര്‍ക്കാറിന്റെ തീരുമാനം സൃഷ്ടിച്ച ഭൂരിപക്ഷ ധ്രുവീകരണം.
അദ്വാനി സ്വയം രൂപപ്പെടുത്തിയ പാലാമൂര്‍ പ്രമേയത്തില്‍ പറയുന്നത് ഇതാണ്: ‘നമ്മുടെ ചരിത്രത്തിനും പാരമ്പര്യത്തിനും അന്യമാണ് പൗരോഹിത്യം എന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. അതിനുകാരണം 1947ല്‍ ഇന്ത്യ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്ഥാന്‍ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ എല്ലാ പൗരന്മാര്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്ന ഇന്നത്തെ ഭരണഘടന സ്വീകരിക്കുകയാണ് ചെയ്തത്. സര്‍വ പാന്താ സമ ഭാവനയെന്നതാണ് നമ്മുടെ ഭരണഘടനാ നിര്‍മാതാക്കളെ സംബന്ധിച്ച് മതേതരത്വം എന്നത്. മതമില്ലാത്ത ഒരു രാജ്യത്തെയല്ല അത് സൂചിപ്പിക്കുന്നത്. നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും തള്ളണമെന്നതല്ല ഒരിക്കലും അതിന്റെ അര്‍ത്ഥം’. മറ്റൊരു മതത്തിന്റെ ആരാധനാ സ്ഥലത്ത് പള്ളി നിര്‍മ്മിക്കുകയെന്നത് ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ ഈ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറി പള്ളി അനുയോജ്യമായ മറ്റേതെങ്കിലും ഇടത്ത് നിര്‍മ്മിക്കണമെന്നും സമുദായത്തെ അറിയിക്കാന്‍ ചില ഷിയാ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ശ്രമത്തെ ദേശീയ എക്‌സിക്യുട്ടീവ് അഭിനന്ദിക്കുന്നു. ‘രാമക്ഷേത്ര പ്രശ്‌നത്തിന്റെ രാഷ്ട്രീയ ലാഭം തിരിച്ചറിഞ്ഞതും ആളുകളുടെ മതപരമായ വികാരങ്ങളെ രാഷ്ട്രീയ മൂലധനമാക്കാനുള്ള പ്രവര്‍ത്തനവുമാണ് ബി.ജെ.പിയുടെ ശക്തി.
ഈ വികാരത്തെ മുതലെടുത്തുകൊണ്ടായിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് (ഇന്നത്തെ രാജസ്ഥാന്‍ ഗവര്‍ണര്‍) 1992 ഡിസംബര്‍ ആറിന് കര്‍സേവകറുടെ മാര്‍ഗം തടസപ്പെടുത്തില്ലെന്ന് പരസ്യമായി ഉറപ്പുനല്‍കിയത്. ആയിരക്കണക്കിന് കര്‍സേവകര്‍ ഒത്തുകൂടുന്നതിന്റെ ഫലമായി ബാബരി മസ്ജിദിന് ഒരു തകര്‍ച്ചയുമുണ്ടാകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് അലഹബാദ് ഹൈക്കോടതിക്കും ദേശീയ ഇന്റഗ്രേഷന്‍ കൗണ്‍സിലിനും നല്‍കിയ ഉറപ്പ് അവര്‍ ലംഘിച്ചു. ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെയുണ്ടായ കലാപത്തിന്റെയും രാഷ്ട്രീയ തിരിച്ചടിയുടെയും ഫലമായി കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടപ്പോഴും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവക്കൊപ്പം ഹിന്ദി ബെല്‍റ്റിലെ പ്രധാന പ്രതിപക്ഷമായി മാറാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
1999ല്‍ അടല്‍ ബിഹാരി വാജ്‌പേയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിനായി മറ്റു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വന്നതിനാല്‍ ബി.ജെ.പിക്ക് രാമന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പരമാവധി പ്രയോജനപ്പെടുത്താനായില്ല. എന്നാല്‍ ധ്രുവീകരണ തന്ത്രത്തിന്റെയും ആര്‍.എസ്.എസ് പിന്തുണയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും 2014ലെ പൊതുതെരഞ്ഞെടുപ്പ് ഫലവും 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ ഫലവും അവര്‍ക്ക് അനുകൂലമാക്കി നല്‍കി. ഇതെല്ലാം തന്നെ രാമക്ഷേത്ര പ്രശ്‌നത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ ബി.ജെ.പി രാമക്ഷേത്ര പ്രശ്‌നം ആളിക്കത്തിക്കാനാണ് സാധ്യത. ‘തങ്ങളുടെ ശക്തികേന്ദ്രത്തില്‍ കൂടുതല്‍ അധികാരമുറപ്പിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അദ്വാനിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റകൃത്യം പുനസ്ഥാപിച്ചത് ബി.ജെ.പി കാര്യമാക്കില്ല’ എന്നാണ് രാഹുല്‍ ശ്രീവാസ്തവയെപ്പോലുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയോടുള്ള ആരോപണവിധേയരുടെയും തീവ്ര ഹിന്ദുത്വവാദികളുടെയും പ്രതികരണം വ്യക്തമാക്കുന്നത് അവര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരംഭിച്ചു എന്നതാണ്. ‘രാമക്ഷേത്രത്തിനുവേണ്ടി ഞങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്’ എന്ന് കേന്ദ്രമന്ത്രി ഉമാഭാരതിയും രാജ്യസഭ എം.പി വിനയ് കത്യാറും പ്രഖ്യാപിച്ചു കഴിഞ്ഞു. വാക്കുകളെ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് അറിയാം. സ്വയം പ്രഖ്യാപിത സന്യാസിയും കാവി വസ്ത്രധാരിയുമായ ഉമാഭാരതി മതപരമായ ചിഹ്നങ്ങള്‍ നിറച്ച പ്രസംഗങ്ങള്‍കൊണ്ട് ജനങ്ങളെ പ്രകോപിപ്പിച്ചപ്പോള്‍ കത്യാര്‍ കുപ്രസിദ്ധരായ ബജ്‌റംഗദളിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.
കടപ്പാട്: റമശഹ്യ ീ