X

ബാങ്ക് നിയന്ത്രണം 31ന് ശേഷവും തുടരും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഡിസംബര്‍ 30 എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടരുമെന്ന് സൂചന.
ഇതിനു പുറമെ എടിഎം നിയന്ത്രണവും എടുത്തുകളയില്ല. ഇതോടൊപ്പം ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള ഒരു പദ്ധതി അടുത്ത വര്‍ഷം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

ഡിസംബര്‍ 30 വരെ സമയം ആവശ്യപ്പെട്ട മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ നിയന്ത്രണങ്ങള്‍ അതു കൊണ്ട് അവസാനിക്കില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് നല്‍കിയത്. ഇപ്പോള്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാണ്.
എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നതും ഇതില്‍ ഉള്‍പ്പടുന്നു. എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം എടുക്കാവുന്നത് ഇപ്പോള്‍ 2500 രൂപയാണ്.

ഡിസംബര്‍ മുപ്പതിനു ശേഷം ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50,000 ആയി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തിയാല്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്നത് 5000 രൂപയാക്കും. സ്ഥിതി മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരും. ഇപ്പോള്‍ വെറും 25 ശതമാനം എടിഎമ്മുകളില്‍ മാത്രമാണ് ആവശ്യത്തിന് പണം നിറയ്ക്കുന്നത്. ഇത് 50 ശതമാനമാകാന്‍ ഒരു മാസം കൂടി വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

chandrika: