- രാംപുനിയാനി
‘മാതൃഭൂമിയോടുള്ള സ്‌നേഹം’ പ്രകടിപ്പിക്കുന്നതിനുവേണ്ടി സിനിമാഹാളുകളില്‍ പ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം വെക്കണമെന്ന് സുപ്രീം കോടതി ( 2016 നവംബര്‍ 30) ഉത്തരവിറക്കുകയുണ്ടായി. പൗരന്റെ നിയമപരമായ ബാധ്യതയും വ്യക്തി സ്വാതന്ത്ര്യവും തമ്മിലുള്ള ചര്‍ച്ചക്ക് ഇത് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുകയാണ്. അതാകട്ടെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഒരു കാലത്ത്. നിയമപരമായ ബാധ്യതകളിലൂടെ ദേശസ്‌നേഹം അടിച്ചേല്‍പിക്കാനാവുമോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. ചിലര്‍ അഭിപ്രായപ്പെടുന്നത് ഇത് പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നാണ്. ഏതാനും വര്‍ഷം മുമ്പ് പല സ്ഥലത്തും സിനിമാപ്രദര്‍ശനം അവസാനിക്കുന്നതിനുമുമ്പ് ദേശീയഗാനം ആലപിച്ചിരുന്നു. എന്നാല്‍ പലരും ഗാനം തുടങ്ങുന്നതിനുമുമ്പുതന്നെ തീയേറ്റര്‍ വിട്ടതായാണ് കണ്ടെത്തിയത്. പല സംസ്ഥാനങ്ങളിലും , പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ സിനിമാപ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം ആലപിക്കുന്നുണ്ട്. ഇപ്പോഴത്തെ സുപ്രീം കോടതിയുടെ രണ്ടംഗബെഞ്ച്് രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കുന്നതാണ്. ദേശീയഗാനാലാപനസമയം വാതിലുകള്‍ അടച്ചിടണമെന്നും വിധിച്ചിരിക്കുന്നു.
ദേശീയപതാക പോലുള്ള ദേശീയപ്രതീകങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇപ്പോള്‍ തന്നെ നിയമങ്ങളുണ്ട്. അതുപോലെ, ഭരണകൂടത്തിന്റെ ചട്ടങ്ങളും വ്യക്തിസ്വാതന്ത്ര്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ചില പ്രമാദമായ കേസുകളും നിലവിലുണ്ട്. യഹോവ സാക്ഷികളുടെ കേസില്‍ ദേശീയഗാനം ആലപിക്കാനാവില്ലെന്നാണ് ആ വിശ്വാസികളായ വിദ്യാര്‍ഥികള്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് വിഗ്രഹാരാധന ആകുമെന്നും അതവരുടെ വിശ്വാസത്തിനെതിരാണെന്നുമാണ് അവര്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് ഈ കുട്ടികളെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കേസ് സുപ്രീം കോടതിയിലെത്തുകയും കോടതി ഇവരുടെ നിലപാട് അംഗീകരിക്കുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദ് ചെയ്യുകയുമുണ്ടായി.
ജനാധിപത്യത്തില്‍ വ്യക്തികളുടെ അവകാശങ്ങളും രാഷ്ട്രത്തോടുള്ള കടമകളും തമ്മിലൊരുതരം സന്തുലനമുണ്ട്. ഭരണഘടന മുഴുവനായും പൗരന്റെ അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവുമാണ് മുന്നോട്ടുവെക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനു അനുകൂലമായാണ് ഒരു ദശാബ്ദം മുമ്പ് കോടതികള്‍ വിധി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രവണത നേരെ തിരിച്ചാണെന്ന് തോന്നുന്നു. ‘മാതൃഭൂമിയോടുള്ള സ്‌നേഹം’, ‘ദേശീയത’, ‘ദേശസ്‌നേഹം’ എന്നിവയൊക്കെയാണ് ഇപ്പോള്‍ പൊടുന്നനെ പ്രകടമാകുന്നത്. ഭരണകൂടത്തിന്റെ നയങ്ങളെ അംഗീകരിക്കാത്ത എല്ലാവരും ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണ് ഇപ്പോള്‍ . അവരൊന്നും ദേശസ്‌നേഹികളല്ലെന്നാണ് പറയുന്നത്. എ.ടി.എമ്മിലോ ബാങ്കിലോ പണത്തിനുവേണ്ടി ക്യൂ നില്‍ക്കുന്നവരാണ് രാജ്യത്തിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദേശസ്‌നേഹികളായി വാഴ്ത്തപ്പെടുന്നത്. നരേന്ദ്രമോദിയുടെ വേദനാജനകമായ നോട്ട് അസാധുവാക്കല്‍ നടപടി മൂലമാണിത്. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേശസ്‌നേഹവും ദേശീയതയും മേധാവിത്വം ചെലുത്തുമ്പോഴാണ് ദേശീയഗാനം സംബന്ധിച്ച പുതിയ കോടതിവിധി വന്നിരിക്കുന്നത്.
മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സര്‍ക്കാരിന്റെ നയങ്ങളോട് വിയോജിക്കുന്നവരുടെ ദേശസ്‌നേഹവും ദേശീയതയും ഭരണകക്ഷിക്കാര്‍ വെല്ലുവിളിക്കുകയാണ്. അംബേദ്കര്‍ വിദ്യാര്‍ഥി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി കേന്ദ്രമനുഷ്യവിഭവവകുപ്പുമന്ത്രിയുടെ നിര്‍ദേശപ്രകാരം രോഹിത് വെമൂലയെ വൈസ് ചാന്‍സലര്‍ ഹോസറ്റലില്‍ നിന്ന് പുറത്താക്കുകയും ഫെലോഷിപ്പ് റദ്ദാക്കുകയും അത് ആ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ചെന്നെത്തുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റുസര്‍വകലാശാല പൂട്ടുന്നതിനുവേണ്ടി ദേശീയതയെന്ന ഉപായമാണ് സര്‍ക്കാര്‍ കനയ്യകുമാറിനും കൂട്ടുകാര്‍ക്കുമെതിരെ പ്രയോഗിച്ചത്. ഇതിനായി കൃത്രിമ സി.ഡികള്‍ ചില ടി.വികളില്‍ പ്രദര്‍ശിപ്പിക്കുകയും കനയ്യയെ ദേശദ്രോഹിയായി ചിത്രീകരിക്കുകയും ചെയ്തു. സത്യത്തില്‍ അത്തരം മുദ്രാവാക്യമൊന്നും കനയ്യ മുഴക്കിയിരുന്നില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്താല്‍ തന്നെ അത് ഭരണഘടനയനുസരിച്ച് ദേശദ്രോഹക്കുറ്റത്തിന് കാരണവുമല്ല. പുകമറ നിറഞ്ഞ ഇന്നത്തെ അന്തരീക്ഷത്തില്‍ ദേശസ്‌നേഹവും ദേശീയതയും ഒരു തരം ഹിസ്റ്റീരിയ ആകുകയാണ്. ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിന് ഗോവയില്‍ വീല്‍ചെയറിലിരുന്ന വ്യക്തിയെ മര്‍ദിക്കുകയുണ്ടായി. മുംബൈയില്‍ ദേശീയഗാനസമയത്ത് എഴുന്നേറ്റുനില്‍ക്കാത്തതിന് ഒരു യുവ തിരക്കഥാകൃത്തിനെ ആക്ഷേപിക്കുകയും ചെയ്തു.
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ദേശീയതയുടെ പേരില്‍ ആളുകളെ ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നത് വലിയ ആശങ്ക ഉണര്‍ത്തുന്ന വിഷയമാണ്. ഇന്ത്യയില്‍ ദേശസ്‌നേഹം ഉയര്‍ന്നുവരുന്നത് ഒരു പ്രത്യേക രീതിയിലാണ്. രാജഭരണകാലത്ത് പ്രജകളില്‍ നിന്ന് സര്‍വവിധത്തിലുമുള്ള വിധേയത്വമാണ് രാജാവ് ആവശ്യപ്പെടുകയും നേടിയെടുക്കുകയും ചെയ്യാറ്. ഇത്തരം രാജ്യസ്‌നേഹത്തിനും വിധേയത്വത്തിനും വഴങ്ങാത്തവരെ കഠിനശിക്ഷക്ക് വിധേയമാക്കും. കൈകള്‍ വെട്ടുക, വധശിക്ഷ നല്‍കുക തുടങ്ങിയവ. അതേസമയം സാമാജ്യത്വത്തിന്റെ കാലത്ത് രണ്ടുതരത്തിലുള്ള ദേശീയവാദമാണ് ഒരേസമയം ഉണ്ടായിരുന്നത്. മതേതര ജനാധിപത്യ ഇന്ത്യക്കുവേണ്ടി വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരുമെല്ലാം സാമ്രാജ്യത്വവിരുദ്ധനിലപാടാണ് സ്വീകരിച്ചത്. അതേസമയം മതദേശീയതയുടെ പേരില്‍ രാജാക്കന്മാരും ഭൂപ്രഭുക്കളും സാമ്രാജ്യത്വഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. അവര്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ദേശസ്‌നേഹികളായിരുന്നു. അവരുടെ സംഘടനയായിരുന്നു യുണൈറ്റഡ് ഇന്ത്യ പാട്രിയോറ്റിക് അസോസിയേഷന്‍. മുസ്്‌ലിം ദേശീയതയും ഹിന്ദുദേശീയതയുമായിരുന്നു അത്. ഈ സംവിധാനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായാണ് എല്ലാ കാലവും നിലകൊണ്ടിരുന്നത്.
അതേസമയം സാമ്രാജ്യത്വവിരുദ്ധ ദേശീയത സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വംശീയ ദേശീയതക്ക് വിരുദ്ധവുമായിരുന്നു. ആര്‍.എസ്.എസ്-ഹിന്ദുമഹാസഭ എന്നിവയുടെയും ദേശീയത അവരവരുടെ മതവ്യക്തിത്വവുമായി ബന്ധപ്പെട്ടതായിരുന്നു. മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ ദേശീയത ജനാധിപത്യമൂല്യങ്ങളോടൊപ്പം നിലകൊള്ളുന്നതും ഉദാരതയുള്ളതുമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലത്ത് സാമുദായിക സംഘടനകളുടെ ദേശീയത ഫ്യൂഡല്‍ മനോഭാവത്തോടുകൂടിയുള്ളതും ഭരണകൂടത്തിന് എല്ലാനിലക്കും ഒത്താശ പാടുന്നതുമായി. ഇവിടെ ഭരണകൂടത്തോടുള്ള അഭിപ്രായഭിന്നതക്ക് ഇടമില്ല. ഇതാണ് രാജാവ് പ്രജകളില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതുതന്നെയാണ് ആധുനിക സ്വേഛാധിപതികള്‍ ആവശ്യപ്പെടുന്നതും.
ഇത് സൃഷ്ടിച്ചത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. രാജഭരണത്തില്‍ രാജാവ് എല്ലാത്തിനും മേലെയും ജനങ്ങള്‍ വെറും പ്രജകളുമാണ്; പൗരസ്വാതന്ത്യം അടിച്ചമര്‍ത്തപ്പെടുന്നു. രാജ്യം എല്ലാത്തിനും മുകളിലും പൗരന്മാര്‍ കടമകളുടെ ഭാരം പേറേണ്ടവര്‍ മാത്രവുമാണെന്നതാണ് ആര്‍.എസ്.എസ് -ബി.ജെ.പി തത്വശാസ്ത്രം . ഈയൊരു മനോഭാവത്തിന്റെ സ്വാധീനമാണ് ഇന്നത്തെ ദേശീയഗാനം സംബന്ധിച്ച വിധിയിലുള്ളതെന്നാണ് തോന്നുന്നത്. ജനാധിപത്യത്തിന്റെ വിശാലമായ സംവിധാനത്തിനുകീഴില്‍ , അതിദേശീയത എന്നത് ഏകാധിപത്യപ്രവണതക ജനങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള പരിശ്രമമാണ്. ഈയൊരു തിരിച്ചറിവ്, ഈ വിധിയെ ഉന്നത ബെഞ്ചില്‍ വെച്ച് പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. .