X

ബയേണ്‍ പിടിച്ച് ഗണ്ണേഴ്‌സ് വെസ്റ്റ്‌ബ്രോമിനെ ലെസ്റ്റര്‍ തോല്‍പിച്ചു

 

ഷാങ്ഹായ്: സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലീഷ് ടീമായ ആഴ്‌സണല്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ബ്രോമിനെ തോല്‍പിച്ചു.
ഒമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണിനെ മുന്നിലെത്തിച്ചെങ്കിലും 92-ാം മിനിറ്റില്‍ (ഇഞ്ചുറി ടൈം) അലക്‌സ് ഇവോബിയാണ് ആഴ്‌സണലിന് സമനില നേടിക്കൊടുത്തത്. പുതുതായി ഗണ്ണേഴ്‌സിനൊപ്പം ചേര്‍ന്ന സഈദ് കൊലാസിനാച്ച് കളത്തിലിറങ്ങും വരെ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയത് ബയേണായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി മാറ്റങ്ങളോടെ ആക്രമണ ഫുട്‌ബോള്‍ കെട്ടഴിക്കുകയും ചെയ്തു. മത്സരം മുഴു സമയത്ത് 1-1ന് സമനില പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സബ്‌സ്റ്റിറ്റിയൂട്ട് ഗോള്‍കീപ്പര്‍ എമില്‍ മാര്‍ട്ടിനസ് രണ്ട് പെനാല്‍റ്റികള്‍ രക്ഷപ്പെടുത്തിയതോടെ 3-2ന് മത്സരം ആഴ്‌സണല്‍ സ്വന്തമാക്കി. ഒമ്പതാം മിനിറ്റില്‍ ഐന്‍സ്ലി മെയ്റ്റ്‌ലാന്റ് നൈല്‍സ് യുവാന്‍ ബെര്‍നാറ്റിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ബയേണ്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബയേണ്‍ താരങ്ങളായ അലാബ, ബെര്‍നറ്റ് എന്നിവരുടെ ഷോട്ടുകള്‍ എമില്‍ മാര്‍ട്ടിനസ് തടുത്തപ്പോള്‍ സാഞ്ചസിന്റെ പെനാല്‍റ്റി പുറത്തു പോയി. ഹമ്മല്‍സ് മാത്രമാണ് ബയേണ്‍ നിരയില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ആഴ്‌സണലിനു വേണ്ി രാംസേ, മോണ്‍റിയല്‍, ഇവോബി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ അല്‍നെനിയുടെ പെനാല്‍റ്റി ബയേണ്‍ കീപ്പര്‍ തടഞ്ഞിട്ടു.
ഇംഗ്ലീഷ് ടീമുകളായ ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ്‌ബ്രോമുമായുള്ള മത്സരവും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്. (7-6) ജേ റോഡ്രിഗസിന്റെ ഗോളില്‍ മുന്നില്‍ കേറിയ വെസ്റ്റ് ബ്രോമിനെ റിയാദ് മെഹറസിന്റെ ഗോളിലൂടെയാണ് ലെസ്റ്റര്‍ സമനിലയില്‍ പിടിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വെസ്റ്റ് ബ്രോമിന് വേണ്ടി ചാഡ്‌ലി, വാര്‍ഡി, ഇവാന്‍സ്, ഡ്രിങ്ക് വാട്ടര്‍, മക്്‌ലീന്‍, കിങ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഫീല്‍ഡിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നും അകന്നു. ലെസ്റ്ററിനു വേണ്ടി ഉല്ലോവ, റോബ്‌സണ്‍ കാനു, ഫുകസ്, ഡോസണ്‍, ഇബോറ, ലീകോ, ആള്‍ബ്രൈറ്റണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

chandrika: