തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനം നേരിടുന്നത് രൂക്ഷമായ നോട്ടുപ്രതിസന്ധിയെന്ന് ധനകാര്യ സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. നോട്ടുപ്രതിസന്ധിയെക്കുറിച്ച് പഠിച്ചതിന് ശേഷം മതി സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റവതരണമെന്നും ധനകാര്യ സെക്രട്ടറി കെ.എം എബ്രഹാം വകുപ്പ് മന്ത്രി തോമസ് ഐസകിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രം ബജറ്റ് തയാറാക്കിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണം നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നോട്ടുപ്രതിസന്ധിയുടെ വരുംവരായ്കകള്‍ അറിഞ്ഞിരിക്കണമെന്നും കേരളത്തിന്റെ പഞ്ചവത്സര പദ്ധതികള്‍ ആരംഭിക്കാനിരിക്കെ വിശദമായ തയാറെടുപ്പുകള്‍ നടത്തണമെന്നും ധനകാര്യ സെക്രട്ടറിയുടെ ശുപാര്‍ശയില്‍ പറയുന്നു. നോട്ടു പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചു. റവന്യു വരുമാനത്തില്‍ ഭീമമായ കുറവാണ് ഉണ്ടായത്. പുതുവര്‍ഷത്തിലെ ആദ്യ 10 ദിവസം നിര്‍ണായകമാണെന്നും വിവിധ മേഖലകളിലെ പ്രതിസന്ധികള്‍ പരിശോധിക്കണമെന്നും കെ.എം. എബ്രഹാം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ആര്‍.ബി.ഐയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ബജറ്റ് അവതരണം വൈകുമെന്ന് ധനമന്ത്രിയും അറിയിച്ചിട്ടുണ്ട്. അതേ സമയം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ റിസര്‍വ് ബാങ്ക് തയാറാകാത്ത സാഹചര്യത്തില്‍ ഡിസംബര്‍ മാസത്തെ ശമ്പള-പെന്‍ഷന്‍ വിതരണത്തിലും പ്രതിസന്ധിയുണ്ടാകും.