ഫോട്ടൊയെടുക്കാത്തതിനാല്‍ പുതിയ റേഷന്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കണം. പഴയ റേഷന്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതോടെ വഴിയാധാരമായത് ആയിരങ്ങള്‍.
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്ന സമയത്ത് ഫോട്ടൊയെടുക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ നിരാശരായത്. ഇവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമാകാത്തത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഴയ കാര്‍ഡ് പ്രകാരം ഇവര്‍ക്ക് ഭക്ഷ്യ ധാന്യം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചിലയിടങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നുണ്ട്. പുതിയ കാര്‍ഡില്ലാത്തവരുടെ കൃത്യമായ കണക്ക് ജില്ലാതല സപ്ലൈ ഓഫീസര്‍മാരുടെ കയ്യിലില്ലെങ്കിലും മൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചില്ലെന്നാണ് പ്രാഥമിക കണക്ക്.
83 ലക്ഷം കാര്‍ഡുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇവരില്‍ ഏകദേശം 80 ലക്ഷം കുടുംബങ്ങളാണ് ഫോട്ടോയെടുത്ത് പുതിയ കാര്‍ഡ് വാങ്ങിയതെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം ഫോട്ടോയെടുക്കാത്ത കാര്‍ഡ് ഉടമകളുടെ വ്യക്തമായ കണക്ക് നല്‍കാന്‍ റേഷനിംഗ് കണ്‍ട്രോള്‍ ഓഫീസ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഫോട്ടൊയെടുക്കാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ പുതിയ പട്ടികയില്‍ ഏത് വിഭാഗത്തിലാണെന്ന് വ്യക്തമല്ലാത്തതിനാലാണ് ഭക്ഷ്യധാന്യം നല്‍കാത്തതെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
പഴയ കാര്‍ഡിലെ ബി.പിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ പുതിയ പട്ടികയില്‍ മറ്റ് വിഭാഗത്തിലാണെങ്കില്‍ കടയുടമകള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. ഈകാര്യം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡിന് വേണ്ടി ഫോട്ടൊയെടുക്കാന്‍ മൂന്ന് തവണ സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് അവസാനമായി സമയം അനുവദിച്ചത്. അന്ന് ഫോട്ടൊയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് വിതരണം കഴിയുമ്പോള്‍ കാര്‍ഡ് നല്‍കാന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നല്‍കിയ റേഷന്‍ കാര്‍ഡുകളിലെ മുന്‍ഗണന വിഭാഗം സംബന്ധിച്ചും മറ്റും നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിച്ച ശേഷം മാത്രമേ പുതിയ റേഷന്‍ കാര്‍ഡ് നല്‍കൂ എന്നാണ് ഒടുവിലത്തെ വിശദീകരണം. എത്രകാലം വേണ്ടി വരുമെന്ന് ബന്ധപ്പെട്ടവര്‍ക്കും വ്യക്തതയില്ല.
സപ്ലൈ ഓഫീസുകളില്‍ നിന്ന് കഴിഞ്ഞ നാല് വര്‍ഷമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നില്ല. കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്ന അംഗങ്ങള്‍ക്കും പുതിയ കാര്‍ഡ് ലഭിക്കാത്ത അവസ്ഥയാണ്. മുന്‍ കാലങ്ങളിലെ പോലെ പേര് വെട്ടി മാറ്റി ചേര്‍ക്കാനും മാര്‍ഗമില്ലാത്തതും അപേക്ഷകരെ കുഴക്കുന്നു. കമ്പ്യൂട്ടറില്‍ ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ ഇല്ലാത്തതാണ് കാരണം. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം പോലെ റേഷന്‍ കാര്‍ഡ് അടിസ്ഥാനമാക്കി പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. പുതിയ റേഷന്‍ കാര്‍ഡ് കിട്ടാത്തവരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും ഇനി എപ്പോള്‍ ശരിയാക്കുമെന്ന ചോദ്യവുമുയര്‍ന്നിട്ടുണ്ട്.