കൊച്ചി: സ്വര്‍ണക്കടത്തു കേസ് മലയാള സിനിമാ മേഖലയിലേക്കും. കേസുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു.
മലയാളത്തിലെ ന്യൂജനറേഷന്‍ പുതുമുഖ സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിര്‍മ്മാണത്തിനാണ് ഇയാള്‍ പണം മുടക്കിയത്. നാലു ചിത്രങ്ങള്‍ക്കാണ് ഫൈസല്‍ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ വഴിയായിരുന്നു പണം സിനിമ മേഖലയില്‍ എത്തിച്ചത്.
കസ്റ്റംസും, എന്‍ഐഎയും ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. ഒന്നരപ്പതിറ്റാണ്ടായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണ കള്ളക്കടത്തിന്റെ വിവരങ്ങള്‍ ഫൈസല്‍ ഫരീദിന് അറിവുണ്ടെന്നാണ് എന്‍ഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തല്‍.
അതിനിടെ, ഫൈസല്‍ ഫരീദിനെ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന. നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഇദ്ദേഹം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്‌തോ എന്നതില്‍ വ്യക്തതയില്ല. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍.
ഫൈസല്‍ സിനിമാ നിര്‍മാണത്തിനായി പണം മുടങ്ങി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് സിനിമാ മേഖലയിലേക്ക് നീളുമെന്ന് ഉറപ്പായി.