X

ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേര്‍സ് ഇന്നിറങ്ങും; വെല്ലുവിളി ഫോര്‍ലാന്‍

മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്‌സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍ പൂനെക്കാര്‍ ഡല്‍ഹിയെ തകര്‍ത്ത് കേരളത്തിനൊപ്പമെത്തിയ സത്യവും ഇന്നത്തെ മല്‍സരത്തിന് വീറും വാശിയും നല്‍കുന്നു. ഉറുഗ്വേയുടെ ലോക താരം ഡിയാഗോ ഫോര്‍ലാനാണ് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി. 11 കളികളില്‍ നിന്ന് നാല് ജയം, നാല് സമനില, മൂന്നു തോല്‍വി എന്നിവ അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മുംബൈ സിറ്റി. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് 10 കളികളില്‍ നാല് ജയം, മൂന്നു സമനില, മൂന്നു തോല്‍വി എന്നീ നിലയില്‍ 15 പോയിന്റും നേടിയിട്ടുണ്ട്. ജയത്തോടെ പ്ലേ ഓഫിലെ സ്ഥാനം ഉറപ്പാക്കാനായിരിക്കും രണ്ടു ടീമുകളും ഇന്നിറങ്ങുക.

ഇരുവരും ഏറ്റുമുട്ടിയ കൊച്ചിയിലെ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം (1-0). കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മുംബൈക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. കഴിഞ്ഞ മത്സരങ്ങളില്‍ ഗോവയോട് സമനില (0-0),പൂനെ സിറ്റിയോട് തോല്‍വി (0-1), നോര്‍ത്ത് ഈസ്റ്റിനോട് ജയം (1-0), ചെന്നൈയിന്‍ എഫ്.സിയോട് സമനില (1-1), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ജയം (1-0) എന്ന നിലയിലാണ്.
അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്.സിയോട് ജയം (3-1), എഫ്.സി.ഗോവയോട് ജയം (2-1), ഡല്‍ഹിയോട് തോല്‍വി (0-2), ചെന്നൈയിന്‍ എഫ്.സിയോട് സമനില (0-0), ഗോവയോട് ജയം (2-1) എന്ന നിലയിലാണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നു ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മുംബൈ രണ്ടെണ്ണത്തിലാണ് ജയിച്ചത്.

ഐഎസ്എല്ലില്‍ ഇരുടീമുകളും തമ്മില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നു മത്സരങ്ങളിലും മുംബൈ സിറ്റി ഒരു മത്സരത്തിലും ജയിച്ചു. മറ്റൊരു സവിശേഷത ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇതുവരെ രണ്ടു ടീമുകള്‍ക്കും കൂടി ആകെ നാല് ഗോളുകള്‍ മാത്രമെ അടിക്കാനായിട്ടുള്ളു. ഐഎസ്എല്ലിലെ ഏറ്റുവും ഗോള്‍ ദാരിദ്ര്യം നേരിട്ട മത്സരങ്ങളായിരുന്നു ഇരുടീമുകളും തമ്മില്‍ ഇതുവരെ നടന്നിട്ടുള്ളത്. ഫുട്‌ബോളില്‍ കളിക്കാരില്‍ ഏത് സമയത്തും വിശ്വാസം അര്‍പ്പിക്കണമെന്ന് അദ്ദേഹം ഉപദേശം നല്‍കുന്നു. ഏത് പൊസിഷന്‍ എടുത്താലും മുംബൈയുടെ കളിക്കാര്‍ മുന്നിലാണ്.ഉദാഹരണത്തിനു മുന്‍നിര എടുത്തു നോക്കുക. ഏറ്റവും മുന്തിയ കളിക്കാരെ തന്നെ ലഭിച്ചിട്ടുണ്ട്. കളിക്കാര്‍ നിറയെ അവസരങ്ങള്‍ ലഭിക്കും. കിട്ടുന്ന അവസരങ്ങളില്‍ അവര്‍ ആഞ്ഞടിക്കുക തന്നെ ചെയ്യും-ഗുയിമെറസ് പറഞ്ഞു. വിനീത് എത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പലിനു ആശ്വാസമായി. അദ്ദേഹത്തിന്റെ ടെന്‍ഷന്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ നീങ്ങുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫില്‍ ഇടംപിടിക്കുമെന്നതില്‍ സ്റ്റീവ് കോപ്പലിനു പൂര്‍ണ വിശ്വാസം.

എല്ലാ ടീമുകള്‍ക്കും എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. അതേപോലെ എല്ലാ ടീമുകള്‍ക്കും പ്ലേ ഓഫിലേക്കു യോഗ്യത നേടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മുംബൈ മികച്ച ടീം ആണെന്നു കോപ്പല്‍ സമ്മതിച്ചു. മികച്ച കളിക്കാരെ ലഭിക്കുന്നതിനു അവര്‍ പണം ധാരാളം ഇറക്കി.അതുകൊണ്ട് മുംബൈയ്ക്കു വേണ്ടി സൂപ്പര്‍ താരങ്ങളാണ് ഇറങ്ങുന്നത്. എന്നാല്‍ കളിയില്‍ നിന്നും എന്തു നേടുവാന്‍ കഴിയും എന്ന ആഗ്രഹത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതെന്നും കോപ്പല്‍ പറഞ്ഞു.ഗോവക്കെതിരെ കളിച്ച ടീമില്‍ നിന്ന് മുംബൈ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. സോണി നോര്‍ദ, സുനില്‍ ഛെത്രി, ഡീഗോ ഫോര്‍ലാന്‍, ക്രിസ്ത്യന്‍ വാഡോക്‌സ്, ലൂസിയാന്‍ ഗോയന്‍, ഡെ ഫെഡറിക്കോ ,റാല്‍ട്ടെ എന്നിവര്‍ ആദ്യ ഇലവനില്‍ തുടരുവാനാണ് സാധ്യത. കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ചെന്നൈയിന്‍ എഫ്.സിക്കെതിരായ വിന്നിംഗ് കോംബനീഷന്‍ തന്നെ ഇറക്കുമെന്നു കരുതുന്നു. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരുന്ന ജെര്‍മെയ്ന്‍, കാഡിയോ ,റിനോ ആന്റോ എന്നിവര്‍ക്കു ആദ്യ ഇലവനിലേക്കു വരുവാനുള്ള വഴി തുറന്നി്ട്ടുണ്ട്.

chandrika: