സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫീസ് കുറക്കാനുള്ള അനുകൂല അന്തരീക്ഷം രൂപപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വര്‍ധിപ്പിച്ച ഫീസ് കുറക്കണമെന്ന ആവശ്യം പോലും മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളുടെ മുന്നില്‍ വെച്ചില്ല. പകരം ചര്‍ച്ചക്ക് മുന്‍കൈയെടുത്ത ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ശാസിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദേശം മുന്നോട്ടുവെക്കാനുണ്ടോയെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് ചോദിച്ചു. തങ്ങള്‍ക്ക് ഒരു നിര്‍ദേശവുമില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. സര്‍ക്കാറുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറുകയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും ഇല്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ മറുപടി. അഞ്ചുമിനിറ്റ് കൊണ്ടുതന്നെ മുഖ്യമന്ത്രി യോഗം അവസാനിപ്പിച്ചു പിരിഞ്ഞു. ഫീസിളവുമായി ബന്ധപ്പെട്ട് ഒരുകാര്യവും സര്‍ക്കാറും മാനേജ്‌മെന്റുകളും ചര്‍ച്ച ചെയ്തില്ലെന്നും നടന്നത് മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച മാത്രമാണെന്നുമാണ് യോഗത്തിനുശേഷം അസോസിയേഷന്‍ പ്രതിനിധികള്‍ പ്രതികരിച്ചത്. വരുംവര്‍ഷത്തെ പ്രവേശന വിഷയവും സ്വാശ്രയകോളജുകള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തത്. ഫീസ് സംബന്ധിച്ച് യാതൊരു നിര്‍ദേശവും സര്‍ക്കാറോ തങ്ങളോ മുന്നോട്ടുവെച്ചില്ല. നിലവില്‍ ഒപ്പിട്ടിരിക്കുന്ന കരാര്‍ പ്രകാരമുള്ള ഫീസ് തന്നെ ഈടാക്കും. ഫീസിളവ് അടഞ്ഞ അധ്യായമാണ്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.
വര്‍ധിപ്പിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറക്കാന്‍ തയാറാണെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ മാധ്യമങ്ങളിലൂടെ പരസ്യനിലപാട് അറിയിച്ചതോടെയാണ് സമവായത്തിനുള്ള സാധ്യതകള്‍ ഉരുത്തിരിഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ടുവെച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുതവണ ആരോഗ്യമന്ത്രിയുമായും പിന്നീട് മുഖ്യമന്ത്രിയുമായും മാനേജ്‌മെന്റുകള്‍ ചര്‍ച്ച നടത്തിയത്. ഇതിന് മുന്നോടിയായി അസോസിയേഷന്‍ യോഗം ചേരുകയും പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അസോസിയേഷന്‍ യോഗത്തില്‍ ഫീസ് കുറക്കുന്ന കാര്യത്തില്‍ ആദ്യം അഭിപ്രായവ്യത്യാസം ഉടലെടുത്തെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഫീസ് കുറക്കാന്‍ തയാറാണെന്ന പൊതുധാരണയിലെത്തി. ഇതിനുശേഷമാണ് സര്‍ക്കാറുമായി മാനേജ്‌മെന്റുകള്‍ ചര്‍ച്ചക്കെത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഫീസ് കുറക്കണമെന്ന നിര്‍ദേശമില്ലാതിരുന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ഫീസ് കുറക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതല്ലേയെന്നും ഇപ്പോള്‍ പറയുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് പറഞ്ഞു. പുതിയ ഒരു ഫോര്‍മുലയുണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പറയാന്‍ ശ്രമിച്ചെങ്കിലും ഒരു കരാറേയുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ മാനേജ്‌മെന്റുകള്‍ മലക്കംമറിഞ്ഞു.