തിരുവനന്തപുരം: പൊതുവേ ശാന്തനാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ സംഗീതം പോലെതന്നെ ഫുട്‌ബോള്‍ എന്നു കേട്ടാലും മന്ത്രി ആവേശഭരിതനാകും. മുണ്ടു മടക്കിയുടത്ത് ഒരു തികഞ്ഞ ഫുട്‌ബോള്‍ താരത്തിന്റെ ആവേശത്തോടെ തന്നെയാണ് കടന്നപ്പള്ളി പന്ത് തട്ടിയത്… ഗോള്‍.
മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമറകള്‍ക്കു മുന്നില്‍ പതിഞ്ഞ ആവേശത്തോടെ ഗോളടിച്ചപ്പോഴാണ് കടന്നപ്പള്ളി എല്ലാ ആവേശത്തോടുംകൂടി മുണ്ടു മടക്കിക്കുത്തി ഗോളടിച്ചത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗോളടിച്ചത്.
ഗോളടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കായിക മന്ത്രി എ.സി മൊയ്തീനും മന്ത്രിമാരായ എം.എം മണി, സി. രവീന്ദ്രനാഥ്, പി. തിലോത്തമന്‍, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പന്തു തട്ടി ഗോളടിച്ചു.
എം.എല്‍.എമാരും വിവിധയിടങ്ങളില്‍ ഗോളടിച്ചു. വണ്‍ മില്യണ്‍ ഗോള്‍ പരിപാടി ചരിത്രമായി മാറുമെന്ന് കായിക മന്ത്രി എ. സി മൊയ്തീന്‍ പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതിനു പിന്നാലെ എല്ലാ ജില്ലകളിലും വണ്‍ മില്യണ്‍ ഗോള്‍ പരിപാടി തുടങ്ങി. 10 ലക്ഷം ഗോള്‍ ആയിരുന്നു ലക്ഷ്യം. എന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ വലയില്‍ കുരുങ്ങിയത് 17 ലക്ഷത്തിലധികം ഗോളുകള്‍.
കൃത്യമായി പറഞ്ഞാല്‍ 14 ജില്ലകളിലായി 3572 ഗോള്‍ സെന്ററുകളിലായി കേരളം അടിച്ചുകൂട്ടിയത് 17,18,790 ഗോളുകള്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായിക യുവജനകാര്യ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയില്‍ പങ്കെടുത്തു.