തലശ്ശേരി: പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കേസില്‍ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി നാലു ദിവസം പൊലീസ് കസ്റ്റഡിയില്‍. അന്വേഷണ സംഘത്തിന്റെ ഹരജി പരിഗണിച്ച് 13ന് ഉച്ചയ്ക്ക് 1.30 വരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ശ്രികല സുരേഷ് കസ്റ്റഡി അനുവദിച്ചത്.
പ്രതിയുടെ ലാപ്‌ടോപ്പും പാസ്‌പോര്‍ട്ടും കണ്ടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ മാധ്യമ വിചാരണയ്ക്കുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രതിഭാഗം വാദം കോടതി തള്ളുകയായിരുന്നു.
കേസിലെ മറ്റു മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി 14ന് പരിഗണിക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആസ്പത്രിയിലെ ഡോക്ടര്‍മാരായ സിസ്റ്റര്‍ ഡോ.ടെസി ജോസ്, ഡോ. ഹൈദരലി, ആസ്പത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. ഇതിനിടെ കൂത്തുപറമ്പ് ക്രിസ്തുരാജ ആസ്പത്രിക്കെതിരെയുള്ള പൊലീസ് നീക്കത്തിനെതിരെ സഭ രംഗത്തെത്തി. ആസ്പത്രി അധികൃതരില്‍ നിന്നു വീഴ്ച പറ്റിയിട്ടില്ലെന്നാണ് സഭയുടെ വാദം.
പെണ്‍കുട്ടി പ്രസവത്തിനു മുന്നേ ചികിത്സ തേടിയത് പേരാവൂരിലെ ആസ്പത്രിയിലാണ്. അവിടെ നിന്നുള്ള റഫറിങ്ങ് ലെറ്ററിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ചികിത്സ അനുവദിച്ചത്. റഫറിങ് ലെറ്ററില്‍ കുട്ടിയുടെ പ്രായം പതിനെട്ട് എന്നാണ് രേഖപ്പെടുത്തിയതെന്നും സഭാ വൃത്തങ്ങള്‍ അറിയിച്ചു.