ബഗോട്ട: കൊളംബിയന്‍ ഭരണകൂടവും ഫാര്‍ക് വിമതരും ഒപ്പുവെച്ച ചരിത്രപ്രധാന സമാധാന കരാര്‍ തള്ളി ഹിതപരശോധനാ ഫലം. നാലു വര്‍ഷം നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ തയാറാക്കിയ കരാര്‍ 50.2 ശതമാനം വോട്ടുകള്‍ക്കാണ് കൊളംബിയന്‍ ജനത തള്ളിയത്. പ്രസിഡണ്ട് ജുവാന്‍ മാനുവല്‍ സാന്റോസും ഫാര്‍ക് നേതാവ് ടിമൊലിയോണ്‍ ജിമെനസും കഴിഞ്ഞയാഴ്ച ഒപ്പുവെച്ച കരാറിന് അനുകൂലമായി ജനങ്ങള്‍ വോട്ടു ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായി ജനങ്ങള്‍ അത് തള്ളിക്കളയുണ്ടായയത്.
49.8 ശതമാനം പേര്‍ കരാറിനെ അനുകൂലിച്ചു. കൊളംബിയയുടെ സമാധാന സ്വപ്‌നങ്ങള്‍ക്കുമേല്‍ ഫലം കരിനിഴല്‍ വീഴ്ത്തി. ഹിതപരിശോധന നടത്തി ജനങ്ങളുടെ അംഗീകാരം നേടിയ ശേഷം മാത്രമേ കരാര്‍ പ്രാബല്യത്തില്‍ വരുകയുള്ളൂ.
ഹിതപരിശോധനാ ഫലം അംഗീകരിക്കുന്നതായും ഫാര്‍ക് വിമതരുമായി ഇപ്പോഴും വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെന്നും പ്രസിഡണ്ട് സാന്റോസ് അറിയിച്ചു. പ്രതിപക്ഷ നേതാക്കളുമായി വിഷയം ചര്‍ച്ച നടത്തുമെന്നും ഫാര്‍ക് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ക്യൂബയിലേക്ക് പോകുമെന്നും സാന്റോസ് പറഞ്ഞു. തന്റെ അധികാര കാലാവധി അവസാനിക്കുന്നതുവരെ സമാധാന ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിതപരിശോധനയുടെ ഫലം പ്രതികൂലമാണെങ്കിലും സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഫാര്‍ക് നേതാവ് റോഡ്രിഗോ ലണ്ടനോ വ്യക്തമാക്കി.
ഹിതപരിശോധനാ ഫലം ജനങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ചിലര്‍ പൊട്ടിക്കരഞ്ഞു. 52 വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള സമാധാന കരാറിനെ ലോകം സ്വാഗതം ചെയ്തിരുന്നു.
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, ക്യൂബന്‍ പ്രസിഡണ്ട് റൗള്‍ കാസ്‌ട്രോ, യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയ ലോക നേതാക്കളുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് ഫാര്‍കിനെ ഭീകരപട്ടികയില്‍നിന്ന് നീക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1964ല്‍ ഫാര്‍ക് വിമതര്‍ തുടങ്ങിയ സായുധ പോരാട്ടത്തില്‍ 220,000 പേര്‍ കൊല്ലപ്പെടുകയും എട്ടു ദശലക്ഷം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.