ജറൂസലം: ഫലസ്തീനിലെ കിന്റര്‍ഗാര്‍ട്ടനില്‍ ഇരച്ചുകയറി അധ്യാപകരെയും ഡെപ്യൂട്ടി പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്ത ഇസ്രാഈല്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ സഹ്‌വ അല്‍ ഖുദ്‌സ് കിന്റര്‍ഗാര്‍ട്ടനിലും പ്രൈമറി സ്‌കൂളിലുമാണ് ഇസ്രാഈല്‍ പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസ് ഇരച്ചുകയറിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ കുട്ടികള്‍ നിലവിളിച്ചു.
പഠിച്ചുകൊണ്ടിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും മറ്റും പൊലീസുകാര്‍ കുട്ടികളെ ചോദ്യം ചെയ്യുകയും ചെയ്തു. മൂന്നിനും ഒമ്പതിനുമിടക്ക് പ്രായമുള്ള 90 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇസ്രാഈലിന്റെ പാഠ്യപദ്ധതി നടപ്പാക്കാന്‍ വിസമ്മതിച്ചതാണ് റെയ്ഡിനും അറസ്റ്റിനും കാരണമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
രാവിലെ സ്‌കൂളിലെത്തിയ പൊലീസുകാര്‍ ക്ലാസ് മുറികളില്‍ തെരച്ചില്‍ നടത്തുകയും അധ്യാപകരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. അധ്യാപകരുടെ മൊബൈല്‍ ഫോണുകള്‍ അവര്‍ പിടിച്ചെടുത്തു. കുട്ടികളെ പരിഭ്രാന്തരാക്കി നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിന്റെ നിരീക്ഷണ കാമറയില്‍നിന്ന് നീക്കം ചെയ്ത ശേഷമാണ് പൊലീസ് സംഘം മടങ്ങിയതെന്ന് ഒരു അധ്യാപകന്‍ പറഞ്ഞു. പ്രിന്‍സിപ്പലുടെ മുറിയില്‍നിന്ന് അധ്യാപകരുടെ ശമ്പളവും രേഖകളും പൊലീസ് മോഷ്ടിച്ചു. സഹ്‌വ അല്‍ ഖുദ്‌സ് സ്‌കൂളില്‍ ഇസ്രാഈല്‍ പൊലീസ് മുമ്പും റെയ്ഡ് നടത്തിയിട്ടുണ്ട്.
- 7 years ago
chandrika
Categories:
Video Stories