റാമല്ല: പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുമായി സഹകരിച്ച് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് സമ്മതിച്ചു. അബ്ബാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍ അംഗീകരിച്ചതായും ഹമാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടു. 2007 മുതല്‍ ഹമാസാണ് ഗസ്സ ഭരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയെ ഹമാസ് പരാജയപ്പെടുത്തിയതോടെ ഇരുസംഘടനകളും വേര്‍പിരിയുകയായിരുന്നു. ഇതേതുടര്‍ന്ന് ഗസ്സയുടെ നിയന്ത്രണം ഹമാസിന്റെയും അധിനിവിഷ്ട വെസ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഫതഹ് പാര്‍ട്ടിയുടെയും കൈയില്‍ വന്നു. ബദ്ധവൈരികളായി പോന്നിരുന്ന ഇരുവിഭാഗവും ഇടക്കാലത്ത് നടത്തിയ അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. 2014ല്‍ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കിലും ഗസ്സയില്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. ഏറ്റവുമൊടുവില്‍ ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ക്ക് ഹമാസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഫതഹ് പാര്‍ട്ടിയുമായി കെയ്‌റോയില്‍വെച്ച് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ഗസ്സയില്‍ ഒന്നിച്ച് ഭരണം നടത്താന്‍ ഹമാസ് സമ്മതിച്ചു. ഹമാസിന്റെ പ്രഖ്യാപനത്തെ ഫതഹ് പാര്‍ട്ടി സ്വാഗതം ചെയ്തു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഒന്നിച്ച് ഭരണം നടത്താനും ഏകോപിത സാമ്പത്തിക നയം രൂപീകരിക്കാനും ഗസ്സക്കാരുടെ സാമ്പത്തിക ദുരിതങ്ങള്‍ പരിഹരിക്കാനും ഐക്യസര്‍ക്കാറിന് സാധിക്കുമെന്ന് അബ്ബാസിന്റെ ഉപദേഷ്ടാവ് നബീല്‍ ശാത്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സമീപ ദിവസങ്ങളില്‍ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ഹമാസിന്റെയും ഫതഹ് പാര്‍ട്ടിയുടെയും പ്രതിനിനിധികള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഹമാസിന്റെ പ്രഖ്യാപനം വന്നത്. ഭിന്നതകള്‍ അവസാനിപ്പിച്ച് അനുരഞ്ജനം സാധ്യമാക്കാനുള്ള ഈജിപ്തിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ അംഗീകരിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഹമാസ് വിട്ടുവീഴ്ചക്കു വഴങ്ങിയത് പുതിയ ഐക്യത്തിന് തുടക്കം കുറിക്കുമെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഇസ്രാഈലിന്റെയും ഈജിപ്തിന്റെയും ഉപരോധങ്ങള്‍ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ ഗസ്സയില്‍ പ്രത്യേക ഭരണസമിതിക്ക് രൂപംനല്‍കിയതോടെ ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിക്കുറച്ചും വൈദ്യുതി വിതരണം നിയന്ത്രിച്ചും ഹമാസിനെതിരെ ഫലസ്തീന്‍ അതോറിറ്റി നിലപാട് കര്‍ശനമാക്കിയിരുന്നു. ഗസ്സയുടെ ഭരണചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ ഐക്യസര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് പ്രത്യേക ഭരണസമിതിക്ക് രൂപംനല്‍കിയതെന്ന് ഹമാസ് പറയുന്നു. ഇസ്രാഈലിന്റെ ഉപരോധത്തില്‍ ഗസ്സ വീര്‍പ്പുമുട്ടുകയാണ്. അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ് ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ളത് ഗസ്സയിലാണ്. 10 വര്‍ഷമായി തുടരുന്ന ഉപരോധം പന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രാഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- 7 years ago
chandrika
Categories:
Video Stories