X

ഫലസ്തീനിലെ ഏക കാന്‍സര്‍ സെന്റര്‍ അടച്ചുപൂട്ടുന്നു

on Saturday, October 23, 2010 in Basra, Iraq.

ജറൂസലം: ഫലസ്തീനിലെ അര്‍ബുദ ചികിത്സാ കേന്ദ്രമായി അറിയപ്പെടുന്ന പ്രമുഖ ആസ്പത്രി സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കില്‍. കനത്ത സാമ്പത്തിക ബാധ്യത കാരണം പുതിയ രോഗികളെ സ്വീകരിക്കില്ലന്ന് അഗസ്റ്റ വിക്ടോറിയ ആസ്പത്രി അധികൃതര്‍ അറിയിച്ചു. ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്റെ ഉടമസ്ഥതയിലാണ് ആസ്പത്രി പ്രവര്‍ത്തിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റിയില്‍നിന്നുള്ള വന്‍തുകയുടെ കിട്ടാകടമാണ് ആസ്പത്രിയുടെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.
ഫലസ്തീന്‍ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന കിഴക്കന്‍ ജറൂസലം ആസ്പത്രി ശൃംഖലയുടെ ഭാഗമാണ് അഗസ്റ്റ വിക്ടോറിയ ആസ്പത്രി. സര്‍ക്കാര്‍ ബോണ്ടുകളും സംഭാവനകളും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വാര്‍ഷിക ഗ്രാന്റുകളുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ആസ്പത്രിയെ നിലനിര്‍ത്തിപ്പോന്നിരുന്നതെന്ന് അഗസ്റ്റ വിക്ടോറിയ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ വലീദ് നമൂര്‍ പറഞ്ഞു. 5.1 കോടി ഡോളറാണ് ഫലസ്തീന്‍ അതോറിറ്റി ആസ്പത്രിക്ക് നല്‍കാനുള്ളത്.
നാലു വര്‍ഷമായി കടബാധ്യത കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. ആസ്പത്രിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് ഇതാണെന്ന് അദ്ദേഹം അറിയിച്ചു. ഓരോ ദിവസവും ആസ്പത്രിക്ക് ഭാരിച്ച ചെലവാണുള്ളത്. ഒരു എക്‌സ്‌റെ മെഷിന്‍ നന്നാക്കാന്‍ പോലും വന്‍തുക വേണം. ആസ്പത്രിക്ക് ആവശ്യമായ പല മരുന്നുകളും എളുപ്പത്തില്‍ കിട്ടാത്തവയും വിലയേറിയതുമാണ്. പുതിയ രോഗികളെ സ്വീകരിച്ചാല്‍ ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വലീദ് നമൂര്‍ വ്യക്തമാക്കി. അഗസ്റ്റ വിക്ടോറിയ ആസ്പത്രിക്ക് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അര്‍ബുദ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ ഇസ്രാഈല്‍ അനുമതി നല്‍കിയിട്ടുള്ള ഫലസ്തീനിലെ ഏക ആസ്പത്രിയാണിത്. കഴിക്കന്‍ ജറൂസലം പടിച്ചെടുത്ത ശേഷം മേഖലയില്‍ റേഡിയോ ആക്ടീവതയുള്ള എല്ലാ വ്‌സതുക്കളും ഇസ്രാഈല്‍ നിരോധിച്ചിരുന്നു. ആസപ്ത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ 35 ശതമാനം പേരും ഗസ്സ മുനമ്പില്‍നിന്നുള്ളവരാണ്. ബാക്കി 65 ശതമാനം പേര്‍ വെസ്റ്റ് ബാങ്കില്‍നിന്നാണ് ചികിത്സ തേടിയെത്തുന്നത്.
ഇസ്രാഈല്‍ അധിനിവേശ പ്രദേശങ്ങളില്‍ കഴിയുന്ന അര്‍ബുദ രോഗികളായ ഫലസ്തീനികള്‍ക്ക് റേഡിയേഷന്‍ ചികിത്സ പെട്ടെന്ന് കിട്ടാത്ത സ്ഥിതിയാണുള്ളത്. അവര്‍ക്ക് റേഡിയേഷനുവേണ്ടി കിഴക്കന്‍ ജറൂസലമിലേക്ക് പോകണമെങ്കില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കുകയും നിയമകടമ്പകള്‍ കടക്കുകയും വേണം. ഫലസ്തീന്‍ അതോറിറ്റിയുടെ ആരോഗ്യ മന്ത്രാലയും ആസ്പത്രിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് രോഗികളെ അഗസ്റ്റ വിക്ടോറിയ ആസ്പത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്.

chandrika: