തിരുവനന്തപുരം: പ്ലസ്വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ സ്‌കൂള്‍തലത്തില്‍ അധ്യാപകരും പി.ടി.എ. അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. പ്രവേശനപ്രക്രിയ അവസാനിക്കുംവരെ ഹെല്‍പ് ഡെസ്‌കിന്റെ സഹായമുണ്ടാകും. 4,17,101 കുട്ടികളാണ് ഇക്കുറി പ്ലസ്വണ്‍ പ്രവേശനത്തിന് അര്‍ഹത നേടിയത്. പതിവു പോലെ ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണയും അപേക്ഷിക്കേണ്ടത്.
അപേക്ഷകര്‍ക്ക് അവസാനവട്ടപരിശോധനയും തിരുത്തലുകളും വരുത്താന്‍ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുംമുമ്പ് ട്രയല്‍ അലോട്ട്മെന്റ് നടത്തും. ഇതിന്റെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാവിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ഇതിലൂടെ അവസരം ലഭിക്കും. തിരഞ്ഞെടുത്ത സ്‌കൂളുകളും സബ്ജക്ട് കോന്പിനേഷന്‍ മാറ്റവും ഈഘട്ടത്തില്‍ അനുവദിക്കും. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നിങ്ങനെ മൂന്നുഗ്രൂപ്പുകളിലായി 45 സബ്ജക്ട് കോന്പിനേഷനുകളാണുള്ളത്. സയന്‍സ് ഗ്രൂപ്പില്‍ ഒന്പത് കോന്പിനേഷനുകളുണ്ട്. ഹ്യൂമാനിറ്റീസില്‍ 32, കൊമേഴ്‌സില്‍ നാല് എന്നിങ്ങനെയാണ് കോന്പിനേഷനുകള്‍.
സ്പോര്‍ട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിനും വെവ്വേറെ തീയതികള്‍ നിശ്ചയിച്ചിട്ടുണ്ട്. അതത് സ്‌കൂളുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അതത് സ്‌കൂളുകളില്‍ത്തന്നെ നല്‍കണം. ഏകജാലകപ്രവേശനത്തിന്റെ അപേക്ഷാഫോറം ഇതിനായി സീറ്റുകളിലേക്ക് ഉപയോഗിക്കരുത്.
അപേക്ഷയില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അലോട്ട്മെന്റ്. നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നുകണ്ടെത്തിയാല്‍ അലോട്ട്മെന്റ് റദ്ദാക്കി പ്രവേശനം നിരസിക്കും. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ഥി ഒന്നില്‍ക്കൂടുതല്‍ അപേക്ഷ നല്‍കേണ്ടതില്ല.
ഒന്നിലധികം ജില്ലകളിലെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റൗട്ട് മുന്‍കാലങ്ങളിലേതുപോലെ പരിശോധനയ്ക്കായി സ്‌കൂളുകള്‍ നല്‍കേണ്ടതില്ല. അപേക്ഷ നല്‍കിയശേഷം മൊബൈല്‍ ഒ.ടി.പി.യിലൂടെ പാസ്വേഡ് നല്‍കി സൃഷ്ടിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിനിലൂടെയായിരിക്കും വിദ്യാര്‍ഥികള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.