ഹൈദരാബാദ്: പുനസംഘടിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമായുള്ള തന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തക സമിതി രൂപം നല്‍കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സംഘടിപ്പിക്കപ്പെട്ട ഭാരത് ജോഡോ യാത്ര വന്‍ വിജയമായ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാം ഘട്ടം സംബന്ധിച്ചും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമുണ്ടായേക്കും.
പാര്‍ട്ടി ദേശീയ പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ 39 സ്ഥിരാംഗങ്ങളാണുള്ളത്. ഇവര്‍ക്ക് പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. ഞായറാഴ്ച രണ്ടാം ദിവസം പ്രവര്‍ത്തക സമതിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും നിയമസഭാ കക്ഷി നേതാക്കളും പങ്കെടുക്കും. തെലങ്കാന ദേശീയ അഖണ്ഡത ദിനമായ 17ന് വൈകീട്ട് ഹൈദരാബാദില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മെഗാറാലി സംഘടിപ്പിച്ചിട്ടുണ്ട്.
റാലിയില്‍ വെച്ച് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അഞ്ച് പ്രധാന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയില്‍ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് വര്‍ധിത വീര്യം നല്‍കുന്നതിനു കൂടിയാണ് പ്രവര്‍ത്തക സമിതി തെലങ്കാനയിലേക്ക് മാറ്റിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പം 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയെ എങ്ങിനെ നേരിടാം എന്നത് സംബന്ധിച്ചും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചകള്‍ നടക്കും.
ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ 28 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ രൂപീകരിച്ചതിന്റെ കൂടി പശ്ചാതലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രക്ഷോഭം വിജയിപ്പിക്കാനും ആവശ്യമായ തീരുമാനം യോഗം കൈക്കൊള്ളും.ദേശീയ തലത്തില്‍ ബി.ജെ.പിയുടേയും തെലങ്കാനയിലെ ബി.ആര്‍.എസിന്റേയും അഴിമതികളും അദാനി വിഷയവും തൊഴിലില്ലായ്മയും പണപ്പെരുപ്പം നിയന്ത്രിക്കാനാവാത്തതും സി.ഡബ്ലു.സിയില്‍ ചര്‍ച്ച ചെയ്യും.