ന്യൂഡല്‍ഹി: പ്രവാസി വോട്ടിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് രണ്ടാഴ്ചത്തെ സമയം നല്‍കി. നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ചട്ടങ്ങള്‍ മാത്രം ഭേദഗതി ചെയ്താല്‍ പോരെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇതു കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ച് സര്‍ക്കാറിന് രണ്ടാഴ്ച സമയം അനുവദിച്ചത്.
ജൂലൈ 14നാണ് ഏറെക്കാലമായി സര്‍ക്കാറിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ കോടതി ഇടപെട്ടത്. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ എടുത്ത നടപടികള്‍ അടുത്ത വെള്ളിയാഴ്ചക്കകം കോടതിയെ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അംഗവുമായ ബഞ്ചിന്റെ ഉത്തരവ്. വിഷയത്തില്‍ ഇത് അവസാന അവസരമാണെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെങ്കില്‍ കോടതിക്ക് സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ബഞ്ച് താക്കീത് നല്‍കിയിരുന്നു.
മുന്‍ അഡ്വക്കറ്റ് ജനറല്‍ മുകുള്‍ റോഹത്ഗിയാണ് അപേക്ഷകനു വേണ്ടി കോടതിയില്‍ ഹാജരായത്. ‘ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ് ഓരോ തവണയും സര്‍ക്കാര്‍ സമയം വാങ്ങുകയാണെന്നും ചട്ടങ്ങള്‍ മാറ്റിയാല്‍ മാത്രം മതിയെന്നും അത് ലളിതമായ നടപടിക്രമം മാത്രമാണെന്നും’ റോഹത്ഗി പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കവെ, വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഒന്നര വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള കരട് തയാറാക്കിയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അതിനു ശേഷം ഒന്നരവര്‍ഷമായിട്ടും ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടില്ല.
വോട്ടവകാശം ആവശ്യപ്പെട്ട് മലയാളി പ്രവാസി വ്യവസായി ഷംസീര്‍ വി.പി, യു.കെയിലെ പ്രവാസി ഇന്ത്യക്കാരനായ നാഗേന്ദ്രര്‍ ചിന്തം എന്നിവരാണ് 2013ല്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇ- പോസ്റ്റല്‍ സംവിധാനം, ഇന്റര്‍നെറ്റ് വോട്ടിങ്, വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര മന്ത്രാലയത്തില്‍ വോട്ടു ചെയ്യാന്‍ സംവിധാനം ഒരുക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് പ്രവാസി വോട്ടിനായി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇ-ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള നിര്‍ദേശത്തിന് തത്വത്തില്‍ ധാരണയായതായി ജൂലൈ എട്ടിന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍നടപടികള്‍ക്കായി കമ്മിറ്റിയെ രൂപീകരിക്കുമെന്നും അന്ന് കേന്ദ്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ പി.എല്‍ നരസംഹ പറഞ്ഞിരുന്നു.
- 7 years ago
chandrika
Categories:
Video Stories
പ്രവാസി വോട്ടിന് നിയമ ഭേദഗതി തീരുമാനമെടുക്കാന്‍ രണ്ടാഴ്ച സമയം
Tags: India