സി. അബ്ദുന്നാസര്‍
പ്രവാസിക്ഷേമനിധി അംഗങ്ങള്‍ പെന്‍ഷന് അപേക്ഷിക്കാനുള്ള പിരീഡ് പൂര്‍ത്തിയാക്കിയതിന്‌ശേഷം അപേക്ഷ നല്‍കാന്‍ വൈകിയാല്‍ വൈകിയ കാലയളവിലെ പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ 2022 ഏപ്രിലില്‍ ഉത്തരവിറങ്ങിയതായി അറിയുന്നു. ഈ ഉത്തരവ് പ്രകാരം പെന്‍ഷന് അപേക്ഷ നല്‍കി അപ്രൂവ്ഡ് ആയ മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന്, 60 വയസ്സില്‍ അംശാദായം അടച്ച് പൂര്‍ത്തിയാക്കി പെന്‍ഷന് അപേക്ഷിക്കുവാനുള്ള അര്‍ഹത നേടിയ സമയത്ത് അപേക്ഷിക്കാതെ 65 വയസ്സിലാണ് പെന്‍ഷന് അപേക്ഷിക്കുന്നുവെങ്കില്‍ അഞ്ച് വര്‍ഷത്തെ പെന്‍ഷന്‍ നഷ്ടപ്പെടും. ഈ ഉത്തരവിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍, എല്ലാ ക്ഷേമനിധി ബോര്‍ഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കുന്ന വിധത്തില്‍ കേരള ധനകാര്യവകുപ്പ് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് അവരുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നുവെങ്കിലും ഈ ഉത്തരവ് അംഗീകരിച്ച് ഇതിലെ വ്യവസ്ഥ നടപ്പിലാക്കാനുള്ള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രത്യേക ഉത്തരവ് വെല്‍ഫയര്‍ ബോര്‍ഡിന്റെ സൈറ്റില്‍ കാണുന്നില്ല.
എന്നാല്‍ പെന്‍ഷനെ സംബന്ധിച്ച് ടെലിഫോണില്‍ അന്വേഷണം നടത്തുമ്പോള്‍ ധനകാര്യ വകുപ്പിന്റെ ഉത്തരവിനനുസരിച്ച് പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് വ്യവസ്ഥ നടപ്പിലാക്കിയതായി പറയുന്നുണ്ട്. ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ സര്‍ക്കാരിന് ലഭിച്ചുവെന്ന് പറയുന്ന നിവേദനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാനുള്ള വ്യവസ്ഥക്ക് വേണ്ടിയാണ്. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെടുന്ന വ്യവസ്ഥയാണ് ഉത്തരവിലുളളത്. പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതിനനുസരിച്ച് 60 വയസ് മുതല്‍ 64 വയസ് വരെയുള്ള പ്രായങ്ങളില്‍ അംശാദായം അടച്ച് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പെന്‍ഷന് അപേക്ഷിക്കാനുള്ള അര്‍ഹതയുണ്ട്. അര്‍ഹതാ കാലയളവ് പൂര്‍ത്തിയാക്കിയതിന് ശേഷം പെന്‍ഷന് അപേക്ഷ നല്‍കിയാലും നല്‍കിയില്ലെങ്കിലും പെന്‍ഷന്‍ തുക ക്ഷേമ നിധി എക്കൗണ്ടില്‍ നിലനില്‍ക്കുന്നതും, പെന്‍ഷന് അപേക്ഷ നല്‍കാന്‍ വൈകുകയോ ക്ഷേമനിധി ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ വൈകുകയോ ചെയ്താലും വൈകിയ കാലയളവിലെ പെന്‍ഷന്‍ ഒന്നിച്ച് ലഭിക്കുമെന്ന വ്യവസ്ഥയാണ് ആദ്യം ഉണ്ടായിരുന്നത്.
ഈ വ്യവസ്ഥയാണ് ധനകാര്യ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് റദ്ദ് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യവസ്ഥകളെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാകുന്ന ഈ നടപടി അനീതിയും വഞ്ചനാപരവുമാണ്. ക്ഷേമനിധിയില്‍ ചേര്‍ന്ന് അംശാദായ അടവ് മേല്‍പ്പറഞ്ഞ പ്രായങ്ങളില്‍ പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന്‍ ലഭിക്കുമെന്ന അറിവല്ലാതെ പെന്‍ഷന് പ്രത്യേക അപേക്ഷ നല്‍കണമെന്നത് പല പ്രവാസികള്‍ക്കും അറിയില്ല. പലരും പെന്‍ഷന് വേണ്ടി തുനിയുന്ന സമയത്താണ് ഇക്കാര്യം അറിയുന്നത്. പെന്‍ഷന്‍ പ്രായത്തിന് ശേഷവും ചിലര്‍ വിദേശത്ത് കഴിയുന്നതിനെതുടര്‍ന്ന് അവരുടെ ജോലിത്തിരക്ക് കാരണവും യാത്ര തിരക്ക് കാരണവും ഇങ്ങനെയൊരു ഉത്തരവ് പ്രതീക്ഷിക്കാത്തതിനാലും പെന്‍ഷന് യഥാ സമയം അപേക്ഷിക്കാത്തവരുണ്ട്. പ്രായമായാല്‍ ഒരു ചെറിയ പെന്‍ഷന്‍ പ്രതീക്ഷിച്ചുകൊണ്ട് ക്ഷേമനിധി അംഗത്വമെടുക്കാനും അതിന്റെ അംശാദായം അടയ്ക്കാനും വളരെയധികം വിഷമതകള്‍ അനുഭവിച്ചവരുണ്ട്. അംശാദായം അടയ്ക്കാന്‍ വൈകിയാല്‍ പിഴ അടക്കേണ്ടതുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവര്‍ മരണപ്പെട്ടതിന് ശേഷം എക്കൗണ്ടില്‍ എത്തുന്ന പണം തിരിച്ചു നല്‍കുവാന്‍ നോമിനിയില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് വാങ്ങുന്നുമുണ്ട്. ഇതിന് പുറമെയാണ് പെന്‍ഷന് അപേക്ഷ നല്‍കാന്‍ വൈകിയാല്‍ വൈകിയ കാലയളവിലെ പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ മുന്നറിയിപ്പുമില്ലാതെ വ്യവസ്ഥയുണ്ടാക്കിയത്. ഈ നടപടിയെ തുടര്‍ന്ന് പ്രവാസി ക്ഷേമ നിധിയില്‍ അംഗമാകാന്‍ പ്രവാസികളെ ഉപേദേശിച്ച് കൊണ്ടിരുന്ന വ്യക്തികളും സംഘടനകളും ക്ഷേമനിധി അംഗങ്ങളുടെ ദൃഷ്ടിയില്‍ വഞ്ചകരാകും. പ്രക്ഷോഭങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഇടവരുത്താതെ പെന്‍ഷന്‍ വെട്ടിക്കാനുള്ള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡിന്റെ വ്യവസ്ഥ പിന്‍വലിക്കേണ്ടതാണ്.