X

പ്രവാസലോകത്തിന്റെ ആശങ്ക

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനായി കൂടിയേറിയിട്ടുള്ള നാടുകളിലൊന്നാണ് സഊദി അറേബ്യ. മുപ്പത് ലക്ഷത്തോളം പ്രവാസിമലയാളികളില്‍ ബഹുഭൂരിപക്ഷവും ഈ രാജ്യത്താണ്. സഊദി അറേബ്യയുടെ 2017-18 വര്‍ഷത്തെ ബജറ്റില്‍ വിദേശികളുടെ ആശ്രിതരില്‍ നിന്ന് പ്രത്യേക ഫീസ് പിരിക്കുമെന്ന വാര്‍ത്തക്ക് സ്ഥീരീകരണമില്ലെങ്കിലും ആശങ്കയിലാണ് പ്രവാസികള്‍. നിലവില്‍ സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇഖാമയുള്‍പ്പെടെ 3100 റിയാല്‍ ആണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ പ്രതിവര്‍ഷം 1200 റിയാലിന്റെ കൂടി വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരു കുടുംബാംഗത്തിന് മാത്രമാണിത്. കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും ചെലവേറും. 2019ല്‍ ഇത് മൂന്നിരട്ടിയാകും. വിഷന്‍ 2030ഉം അതിന്റെ ഭാഗമായ 2020ലേക്കുള്ള ദേശീയപരിവര്‍ത്തന പദ്ധതിയും അനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റക്കാരില്‍ ചെറുതല്ലാത്ത ശതമാനം പേര്‍ കുടുംബങ്ങളെ അവിടെകൂടെകൊണ്ടുപോയി താമസിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വാര്‍ത്ത ആശങ്കയുണര്‍ത്തുന്നതാണ്. എണ്ണവിലത്തകര്‍ച്ചയും മധ്യേഷ്യയിലെ അരക്ഷിതാവസ്ഥയും കാരണം കൂടുതല്‍ തുക പ്രതിരോധമേഖലയിലേക്ക് നീക്കിവെക്കാന്‍ രാജ്യം നിര്‍ബന്ധിതമാകുന്നു.

2018 മുതല്‍ സഊദി വിദേശികളുടെ വരുമാനത്തിന് വാറ്റുനികുതി ഏര്‍പെടുത്തുമെന്നും സൂചനയുണ്ട്. മറ്റു പല ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശികള്‍ ഗള്‍ഫിലേക്കയക്കുന്ന പണത്തിന് നികുതിയും നിയന്ത്രണവുമുണ്ടെങ്കിലും സഊദിയില്‍ ഇനിയും അതുണ്ടാവില്ലെന്നത് ആശ്വാസകരമാണ്. വിദേശികളെ ഒഴിവാക്കി കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാനുള്ള നിതാഖാത് പോലുള്ള പദ്ധതികള്‍ സഊദി അടക്കമുള്ള രാജ്യങ്ങള്‍ നടപ്പാക്കുകയുണ്ടായി. പുതിയ ബജറ്റില്‍ വിദേശികള്‍ കുറവുള്ള കമ്പനികള്‍ക്ക് മറിച്ചുള്ളതിനേക്കാള്‍ കുറഞ്ഞ നികുതിയാണ് ഏര്‍പെടുത്തിയിരിക്കുന്നത്- നാനൂറും മുന്നൂറും റിയാല്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും അടുത്ത കാലത്തായി വര്‍ധന വരുത്തുകയുണ്ടായി. വരും വര്‍ഷങ്ങളില്‍ എണ്ണവിലയില്‍ നാലുശതമാനത്തിന്റെ വര്‍ധനയും രാജ്യം ലക്ഷ്യമിടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും വരും വര്‍ഷങ്ങളില്‍ വിലവര്‍ധനയുണ്ടാവുമെന്നാണ് ബജറ്റിനെതുടര്‍ന്ന് പുറത്തുവരുന്ന സൂചനകള്‍. പഞ്ചസാരയുടെയും പാനീയത്തിന്റെയും മേലുള്ള സബ്‌സിഡി എടുത്തുകളഞ്ഞത് തുടരും. സന്ദര്‍ശക വിസക്കുള്ള വര്‍ധിപ്പിച്ച ഫീസ് തുടരും. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. മറ്റുഗള്‍ഫ് രാജ്യങ്ങളെപോലെ തന്നെ വിശാലമായ കാഴ്ചപ്പാടുകളും സാമ്പത്തികാസൂത്രണവും സാമൂഹിക ചുറ്റുപാടുകളുമുള്ള രാജ്യമാണ് സഊദി.

സാമ്പത്തിക രംഗത്ത് മലയാളി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗള്‍ഫിനോടും അവിടുത്തെ ഭരണാധികാരികളോടുമാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ 80 ശതമാനവും ഗള്‍ഫില്‍ നിന്നാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണിത്. സംസ്ഥാന രൂപീകരണത്തിനുമുമ്പ് സിലോണും ബര്‍മയും മലേഷ്യയുമായിരുന്നെങ്കില്‍ ശേഷം ഗള്‍ഫ് നാടുകളായി. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് വീതിച്ചുനല്‍കുന്ന ഭൂപരിഷ്‌കരണമുണ്ടായെങ്കിലും തീര്‍ത്തും ദരിദ്രരായ വലിയൊരു ശതമാനംപേര്‍ തീരാത്ത പട്ടിണി കൊണ്ട് വീണ്ടും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി. ഇവരില്‍ ബഹുഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളായിരുന്നു. വന്‍കിട വ്യവസായശാലകളുടെയും കാര്‍ഷികഭൂമിയുടെയും പരിമിതികള്‍ കാരണമുള്ള തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യമാണ് കേരളത്തെ എന്നും അലട്ടിയിരുന്നത്. പെട്രോളിയം ഖനനത്തിലൂടെ എഴുപതുകളില്‍ ഗള്‍ഫ് മേഖല നേടിയ ഉണര്‍വാണ് സഹായകമായത്. ഇതിലൂടെ നേടിയ വരുമാനം സംസ്ഥാനത്തെ വാര്‍ഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം എത്തിച്ചു. ഇതാണ് യഥാര്‍ഥത്തില്‍ യൂറോപ്പിനോടൊപ്പമെത്തിയ കൊട്ടിഘോഷിച്ച കേരള സാമ്പത്തിക മാതൃക. പക്ഷേ നാം നേടിയ നേട്ടങ്ങള്‍ അധികവും നിര്‍മാണാത്മക മേഖലകളിലേക്ക് തിരിച്ചുവിട്ടില്ല എന്നതാണ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. വന്‍മണിമന്ദിരങ്ങള്‍ നിര്‍മിച്ചപ്പോള്‍ കൂടെ ചെറിയ ശതമാനം പേര്‍ മാത്രമാണ് വാണിജ്യവ്യവസായരംഗത്ത് തുക മുടക്കിയത്. എന്നിട്ടും ചാവക്കാട്ടടക്കം മിക്കവാറും കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണിപ്പോള്‍.

അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ചയാണ് ഗള്‍ഫിനെ ഭയപ്പാടിലേക്ക് ആനയിച്ചത്. അടുത്ത കാലത്താണ് നിരവധി കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവാതെ പൂട്ടുന്ന സ്ഥിതി വന്നത്. പൊടുന്നനെയുണ്ടായ ഈ പ്രതിഭാസം 2007ല്‍ ഉണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായിരുന്നു. പൊതുമാപ്പ് അടക്കം 1996 മുതല്‍ യു.എ.ഇയില്‍ നിന്നും മറ്റുമായി 20 ലക്ഷത്തോളം പേരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഗള്‍ഫിലെ മാറിയ സാഹചര്യങ്ങള്‍ കാരണവും കേരളത്തിലെ പ്രതികൂല സാഹചര്യവും മൂലം ഇതില്‍ മുക്കാല്‍ പങ്കും തിരിച്ചുപോയി. എങ്കിലും ഗള്‍ഫ് തിരിച്ചുവരവിന്റെ ദൂഷ്യഫലം ഇപ്പോഴും കേരളത്തില്‍ പ്രതിഫലിച്ചുകിടക്കുകയാണ്. ഇറാഖിലും കുവൈത്തിലും യമനിലും മറ്റും അടുത്ത കാലങ്ങളിലുണ്ടായതും തുടര്‍ന്നുവരുന്നതുമായ ആഭ്യന്തരയുദ്ധങ്ങള്‍ മലയാളിയെയാണ് മറ്റാരേക്കാളും ബാധിച്ചിരിക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ നിന്ന് വന്‍തോതിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്ന മധ്യവയസ്‌കര്‍ പലരും തൊഴിലില്ലാതെ അലയുന്നു. കേരളത്തിന്റെ ബാങ്കിംഗ് രംഗത്തും ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇതാദ്യമായി കേരളത്തിന്റെ പ്രവാസിനിക്ഷേപം കീഴ്‌പോട്ടായി.

പ്രവാസികളുടെ പണം ഉല്‍പാദനക്ഷമമായ രീതിയില്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളൊന്നും കാര്യമായ ഫലം കണ്ടില്ല. കേരളസര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച കിഫ്ബി പദ്ധതി പോലും പ്രവാസികളുടെ പണം ലക്ഷ്യം വെക്കുന്നുവെന്നതിലുപരി അവയെ അവരുടെ ഭാവിക്കുതകുന്ന രീതിയിലാക്കാവുന്ന കാഴ്ചപ്പാടൊന്നും കാണുന്നില്ല. പ്രവാസികളുടെ പുനരധിവാസത്തേക്കുറിച്ച് പലപ്പോഴും കേള്‍ക്കുന്ന അവകാശവാദങ്ങള്‍ പിന്നീട് ജലരേഖയായിപ്പോകുന്നു. പ്രവാസികള്‍ സമ്പന്നരാണെന്ന മിഥ്യാധാരണയാണ് കാരണം. നിത്യച്ചെലവല്ലാതെ സമ്പാദിച്ചുവെച്ചവര്‍ തുലോം കുറവാണ്. എങ്കിലും പല പ്രവാസികളും ഇപ്പോള്‍ കാര്‍ഷികരംഗത്ത് താല്‍പര്യം കാട്ടുന്നുണ്ട്. ഈ രംഗത്തും ഐ.ടിയിലും മറ്റും തുടര്‍നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത ആരായണം. ബാങ്കുകളുടെ ഭാഗത്തുനിന്നും ഇതിന് വേണ്ട പ്രോല്‍സാഹനങ്ങളുണ്ടായേ തീരു. നിര്‍മാണമേഖലയില്‍ ബംഗാളിയും ബീഹാറിയും എടുക്കുന്ന ജോലി മലയാളി ഇനി സ്വീകരിക്കുമെന്ന് പറയാനാവില്ല. അപ്പോള്‍ കൂടുതല്‍ സേവനമേഖലയെയും ആശ്രയിക്കേണ്ടിവരും.

chandrika: