X

പ്രളയത്തില്‍ കുടുങ്ങിയ 132 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ് ഒരാള്‍ മരിച്ചത്. ഇന്നലെ രാവിലെ മഴക്ക് ശമനം ഉണ്ടായെങ്കിലും വൈകുന്നേരത്തോടെ ചാറ്റല്‍ മഴ തുടങ്ങി. മഴ ഒരാഴ്ച തുടരാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റി വ്യക്തമാക്കി.

സഊദിയിലെ വിവിധ പ്രവിശ്യകളില്‍ മഴയും അതി ശൈത്യവും തുടരുകയാണ്. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലും ബശാഇര്‍, ഖസ്അം, ശവാസ് എന്നിവിടങ്ങളിലും കനത്ത മഴയില്‍ ജന ജീവിതം ദുസ്സഹമായി. വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ അപ്രതീക്ഷിതമായി റോഡില്‍ ഉയര്‍ന്ന വെളളത്തില്‍ കുടുങ്ങി. ശവാസ് പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം ഇന്നും ദുഷ്‌കരമായി തുടരുകയാണ്. ഇവിടെ വെളളത്തില്‍ മുങ്ങിയ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടി 457 സന്ദേശങ്ങള്‍ ലഭിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇതില്‍ 381 എണ്ണം കിഴക്കന്‍ പ്രവിശ്യയിലാണ്. റിയാദില്‍ 55 വാഹനങ്ങള്‍ വെളളം പെങ്ങിയ റോഡില്‍ കുടുങ്ങി. മക്ക, ജിസാന്‍, റിയാദ് പ്രവിശ്യകളിലായി വെള്ളത്തില്‍ കുടുങ്ങിയ 132 പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 102 വാഹനങ്ങളാണ് വെള്ളത്തില്‍ ഒലിച്ചുപോയത്. പ്രളയക്കെടുതിയില്‍പെട്ട 12 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
താഴ്‌വരകളില്‍ വിനോദത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജലപ്രവാഹമുളള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

chandrika: