പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തനിക്കുമെതിരെ സംസാരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നാവരിയണമെന്ന വിവാദ പ്രസ്താവനയുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് പരീക്കറുടെ പ്രസ്താവന.
ഡല്‍ഹിയില്‍ അദ്ദേഹം (കെജ്‌രിവാള്‍) പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസാരിക്കുന്നു. ഇവിടെ (ഗോവയില്‍) അദ്ദേഹം എനിക്കെതിരെ സംസാരിക്കുന്നു. അദ്ദേഹത്തിന്റെ നാക്കിന് നീളം കൂടുന്നുണ്ട്. അതിപ്പോള്‍ അരിഞ്ഞുകളയണം’ എന്നായിരുന്നു കെജ്‌രിവാളിന്റെ പേരെടുത്തു പറയാതെയുള്ള പരീക്കറിന്റെ പരാമര്‍ശം. തൊട്ടുപിന്നാലെ, ‘ ഇപ്പോള്‍ അസുഖബാധിതനായി കഴിയുന്ന അദ്ദേഹത്തോട് എനിക്ക് അനുതാപമുണ്ട്’ എന്നു പറയുകയും ചെയ്തു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബംഗളൂരുവിലെ ആസ്പത്രിയില്‍ കെജ്‌രിവാള്‍ ഈയിടെ നാക്കിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പരീക്കറുടെ പ്രസ്താവന.
ഡല്‍ഹിയില്‍ ചിക്കന്‍ഗുനിയ ബാധിച്ച് ജനങ്ങള്‍ മരിക്കുന്ന വേളയില്‍ മുഖ്യമന്ത്രി ചികിത്സാ അവധിയില്‍ പോയതിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിനു പോയതിനെയും അദ്ദേഹം വിമര്‍ശിച്ചു. ‘നിങ്ങളുടെ മൊഹല്ല ക്ലിനിക്കുകള്‍ നല്ലതായിരുന്നുവെങ്കില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിയും ബാധിച്ച് എങ്ങനെ നാല്‍പ്പതു പേര്‍ മരിക്കും? ജനങ്ങളെ എല്ലാ കാലത്തും വിഡ്ഢികളാക്കാന്‍ പറ്റില്ല. നിങ്ങളുടെ നുണ വെളിച്ചത്തുവന്നിരിക്കുകയാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്നും പരസ്യത്തിനു വേണ്ടി മാത്രം അവര്‍ 26.82 കോടി രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു റേഷന്‍ കാര്‍ഡിനു വരെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതപ്പെടുന്നു.