X

പ്രതിഷേധത്തില്‍ ഉലഞ്ഞ് യു.എസ്: വിദ്യാര്‍ത്ഥികളും തെരുവില്‍

വാഷിങ്ടണ്‍: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തിന്റെ പല നഗരങ്ങളിലും ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി.

‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല, അമേരിക്കയെ ട്രംപ് വിഭജിക്കും, ട്രംപ് പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ജനം തെരുവിലേക്കിറങ്ങിയത്. പോര്‍ട്‌ലാന്‍ഡ് , ഒറിഗോണ്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലും ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി. ഫിലഡല്‍ഫിയ, ബാള്‍ട്ടിമോര്‍, മിനിസോട്ട, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെല്ലാം കനത്ത പ്രതിഷേധം നടന്നു. ട്രംപിന്റെ നിലപാടുകള്‍ വര്‍ഗീയ വിദ്വേഷവും ലിംഗവിവേചനവും സൃഷ്ടിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമായേക്കുമെന്നാണ് സൂചന. പ്രതിഷേധം കലാപത്തിലേക്ക് നയിക്കാതിരിക്കാന്‍ പൊലീസ് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. പുതിയ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അമേരിക്കയില്‍ വംശീയാധിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരും, മുസ്‌ലിംകളുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന ട്രംപ് വിരുദ്ധ പ്രകടനം കലാപമായി മാറിയെന്നു പൊലീസ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപും ബറാക് ഒബാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ വൈറ്റ് ഹൗസിനു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയ ട്രംപ് വിരുദ്ധര്‍ പിന്നീടു വൈറ്റ് ഹൗസിനു സമീപം സ്ഥിതി ചെയ്യുന്ന ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ട്രംപ് ടവറിനു മുന്‍പില്‍ നടന്ന പ്രക്ഷോഭത്തില്‍ അയ്യായിരത്തിലധികം പേര്‍ പങ്കെടുത്തതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെമ്പാടുമുള്ള ട്രംപ് ഗ്രൂപ്പിന്റെ കെട്ടിടങ്ങള്‍ക്കു മുന്‍പിലാണ് പ്രതിഷേധങ്ങള്‍ പലതും അരങ്ങേറുന്നത്. അമേരിക്കയിലെ 25ഓളം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

പോര്‍ട്ട്‌ലന്റില്‍ ട്രംപ് വിരുദ്ധര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ 26 പേര്‍ അറസ്റ്റിലായി. യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ നൂറോളം പേര്‍ പങ്കാളികളായി. മറ്റിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നു.

chandrika: