ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി ഭവനിലെത്തി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയത്. അതേസമയം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ച് സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് വിട്ടുനിന്നു.
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിലും പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സമരരംഗത്ത് നില്‍ക്കവെ, കോണ്‍ഗ്രസ് നേതാക്കളെ മാത്രം കൂടെക്കൂട്ടി രാഹുല്‍ മോദിയെ കണ്ടതാണ് മറ്റ് പാര്‍ട്ടികളെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്നാണ് നോട്ട് വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ട് പ്രതിഷേധം അറിയിക്കാനുള്ള 16 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനത്തില്‍നിന്ന് ബി.എസ്.പി, എസ്.പി, സി. പി. എം, സി.പി.ഐ, ഡി. എം. കെ, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ പിന്മാറിയത്. പ്രതിപക്ഷ ഐക്യം തകര്‍ക്കുന്നതാണ് കോണ്‍ഗ്രസ് നടപടിയെന്ന് ഈ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ജെ. ഡി.യു നേതാവ് ശരദ് യാദവ്, ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ്, ലോക്‌സഭയിലെ കോ ണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രീന്‍ എന്നിവരും രാഷ്ട്രപതിയെ കണ്ട പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തെതുടര്‍ന്ന് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ സഭ സമ്മേളിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു കൂടിക്കാഴ്ച. പറയാനുള്ളത് പ്രധാനമന്ത്രി കേട്ടെന്നും എന്നാല്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നുമായിരുന്നു കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട രാഹുലിന്റെ പ്രതികരണം.
രാഹുല്‍-മോദി കൂടിക്കാഴ്ച വിവാദമായതോടെ കൂടുതല്‍ വിശദീകരണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കര്‍ഷകരുടെ ദുരിതം ബോധ്യപ്പെടുത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മനസുകൊണ്ട് ഇഷ്ടമില്ലാതെയാണ് ഞങ്ങള്‍ അദ്ദേഹവുമായി ഹസ്തദാനം നടത്തിയതെന്നുമായിരുന്നു ഗുലാം നബി ആസാദിന്റെ ട്വിറ്ററിലൂടെയുള്ള വിശദീകരണം.