Culture
പോര്‍വിജയത്തിന്റെ ജൂലൈ 30; വിഖ്യാതമായ ഭാഷാസമരത്തിന് ഇന്ന് നാല്‍പതാണ്ട്

‘മലപ്പുറത്ത് വെടിവെപ്പ്/അഞ്ചുപേര്‍ മരിച്ചു’ എന്നായിരുന്നു ആ പ്രധാനവാര്‍ത്തയുടെ തലക്കെട്ട്. 1980 ജൂലൈ 31 ലെ ‘ചന്ദ്രിക’ ഒന്നാം പേജ്. ‘കേരള ഗവണ്‍മെന്റിന്റെ ഭാഷാനയത്തില്‍ പ്രതിഷേധിച്ചു സമാധാനപരമായി മലപ്പുറം കലക്ട്രേറ്റ് പിക്കറ്റ് ചെയ്ത മുസ്‌ലിം യൂത്ത്‌ലീഗിന്റെ കര്‍മഭടന്മാര്‍ക്കെതിരെ പൊലീസ് വെടിവെച്ചതിന്റെ ഫലമായി നാലുപേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും മരണമടഞ്ഞു’.
റമസാന്‍ വ്രതമനുഷ്ഠിച്ച് അവകാശസമരഭൂവിലേക്ക് ചെന്ന മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ നേരിടാന്‍ മാര്‍ക്‌സിസ്റ്റ് ഭരണം വെടിയുണ്ടകള്‍ വര്‍ഷിച്ച വീറുറ്റ ആ പോരാട്ട ചരിത്രത്തിന് നാല്പത് വയസ്സാകുമ്പോള്‍ പഴയ പത്രവാര്‍ത്ത കണ്ട പുതുതലമുറ ചോദിക്കുന്നു ആരാണു നാലാമത്തെയാള്‍. മലപ്പുറം മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദ്(24), തേഞ്ഞിപ്പലത്തിനടുത്ത പുത്തൂര്‍പള്ളിക്കല്‍ ദേവതിയാലിലെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാന്‍ (23), കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ(24) എന്നിവരല്ലാതെ?
നെഞ്ചിലും നെറ്റിത്തടത്തിലും നാഭിയിലും വെടിയുണ്ടകളേറ്റ് മഞ്ചേരി ജില്ലാ ആസ്പത്രിയിലെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെയും ഓപ്പറേഷന്‍ തീയറ്ററുകളില്‍ ബോധം നിലച്ച്; പ്രാണന്‍ കൈവിട്ടെന്ന് ആസ്പത്രി അധികൃതര്‍ പോലും ആദ്യ വിവരം നല്‍കിയ ആറുപേര്‍ പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവന്ന അത്ഭുതംകൊണ്ട് മാത്രം ആരായിരുന്നു നാലാമെനെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു, ഇപ്പോഴും.
നെടിയിരിപ്പ് കൊട്ടുക്കരയിലെ കാരി ഹസൈനാര്‍ എന്ന ബാപ്പുവിന്റെ നെറ്റിയില്‍ തുളച്ചു കയറിയ വെടിയുണ്ടക്കു പക്ഷേ ജീവനെടുക്കാനായില്ല. ഇനിയുമൊരു ശസ്ത്രക്രിയയുടെ അപകടാവസ്ഥ മുന്നില്‍ക്കണ്ട് നീക്കം ചെയ്യാനാവാതെ ആ വെടിയുണ്ട ഹസൈനാരുടെ തലച്ചോറിനോടു ചേര്‍ന്ന് പറ്റിപ്പിടിച്ചു കിടപ്പുണ്ടിപ്പോഴും. അങ്ങാടിപ്പുറം അരിപ്ര മണ്ണാറമ്പിലെ കളത്തില്‍ കുഞ്ഞമ്മുവിന്റെ നെഞ്ചിന്റെ വലതുഭാഗത്തും എടുത്തുമാറ്റാനാവാതെ ആ വെടിയുണ്ടയുണ്ട്. താഴക്കോട് കീഴേക്കാട്ട് അബ്ദുറഹിമാന്റെ നെഞ്ചിന്റെ വലതുവശം തുളഞ്ഞു ചെന്ന് തോളെല്ലിലൂടെ കയറിയ വെടിയുണ്ടയും ആ നാലാമനെ തേടിയുള്ളതായിരുന്നു. പുല്‍പറ്റ വളമംഗലം മണ്ണിങ്ങച്ചാലില്‍ ഉണ്ണി മുഹമ്മദാജിയുടെ ദേഹം തകര്‍ത്ത മൂന്ന് വെടിയുണ്ടകളിലൊന്ന് വയര്‍ തുളച്ചു ചെന്നതാണ്. വര്‍ഷങ്ങള്‍ക്കുശേഷം ആ വെടിയുണ്ട നാഭിയില്‍ പഴുപ്പായി പുറത്തുവന്നു. അന്നു പതിനെട്ടു വയസ്സുമാത്രമുള്ള മമ്പാട് പൊങ്ങല്ലൂരിലെ ചെറുകാട് അബ്ദുല്‍ മജീദിന്റെ ചെവിക്കും തലച്ചോറിനും ഇടയിലുള്ള ഞരമ്പിനു ചേര്‍ന്ന് കിടക്കുന്നു വെടിയുണ്ട. മമ്പാട് മാട്ടായി അബ്ദുല്ലക്കും നെഞ്ചിനു ചേര്‍ന്ന് വയറിന്റെ മുകള്‍ ഭാഗത്താണ് വെടിയേറ്റത്. തലയ്ക്കും നെഞ്ചിനും വയറിനും നാഭിക്കും വെടിയേറ്റ ഈ ആറുപേരില്‍ ആരായിരുന്നു നാലാമനാകേണ്ടിയിരുന്നത് എന്ന് ഡോക്ടര്‍മാര്‍ക്കുപോലും പറയാനാവില്ലായിരുന്നു. സംഭവസ്ഥലത്തെ വാര്‍ത്തയോ ചിത്രമോ എടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ മൃതദേഹങ്ങളന്വേഷിച്ചും പരിക്കേറ്റവരെ തേടിയും ചെല്ലാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അവസരം നല്‍കാത്ത വിധം സായുധ പൊലീസിന്റെ വലയിലാക്കിയ മുണ്ടുപറമ്പിലെ സമരാങ്കണത്തിനു ചുറ്റും തിടംവെച്ച്, ജില്ലയാകെ പടര്‍ന്ന വാര്‍ത്ത ഒമ്പതുപേര്‍ മരിച്ചു എന്നായിരുന്നു. നിലച്ചുപോയ പ്രാണനെ ഉണര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഈ ആറുപേര്‍ ചേര്‍ന്നതായിരുന്നു ആ ഒമ്പത്. കേരള ചരിത്രത്തില്‍ രേഖപ്പെടുമായിരുന്ന ഏറ്റവും വലിയ ഭരണകൂട കൂട്ടക്കൊല….
മൂന്നുവെടിയുണ്ടകളേറ്റ് ഇടതുകാല്‍ തകര്‍ന്ന കുറ്റിപ്പുറം കാര്‍ത്തല ഹബീബ് കോയതങ്ങളും ഇരുകാലിനും വെടിയേറ്റ പറവണ്ണ തായിമ്മാന്റെ പുരക്കല്‍ മുഹമ്മദും പന്തല്ലൂര്‍ സി.കെ മുഹമ്മദ്, അങ്ങാടിപ്പുറം അരിപ്ര പി.പി സൈതലവി, മാറഞ്ചേരി പുറങ്ങ് എന്‍ അബൂബക്കര്‍, കൂട്ടിലങ്ങാടി പെരിന്താറ്റിരി നരിക്കുന്നന്‍ കുഞ്ഞിമുഹമ്മദ്, കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പുഴക്കത്തൊടി ഉമര്‍, പോരൂര്‍ മുഹമ്മദലി കുരിക്കള്‍, റസാഖ് ചേലമ്പ്ര, ഊരകം കുറ്റാളൂര്‍ പി.പി അലവിക്കുട്ടി തുടങ്ങി കാലില്‍ രണ്ടും അതിലധികവും വെടിയുണ്ടകളേറ്റവര്‍ ഇനിയുമുണ്ട് ഈ പട്ടികയില്‍ ചേര്‍ക്കാന്‍. വെടിയുണ്ടയേക്കാള്‍ ഭീകരമായി പൊലീസ് വാഹനത്തിലും ലോക്കപ്പിലും ക്രൂരമര്‍ദ്ദനമേറ്റുവാങ്ങി മൃതപ്രായരായി ദീര്‍ഘകാലം ആസ്പത്രിവാസം വേണ്ടിവന്ന പുത്തൂര്‍ റഹ്മാന്‍ തുടങ്ങി നിരവധി പേര്‍ വേറെയും. ഭരണകൂട ഭീഷണികളെ കൂസാതെ ആദര്‍ശ സമരപാതയില്‍ സമര്‍പ്പണ സന്നദ്ധരായി ഒഴുകിയെത്തിയ യുവനിര, സഹയോദ്ധാക്കള്‍ ജീവന്‍ വെടിഞ്ഞിട്ടും പിന്തിരിയാതെ, അടരില്‍ ചുവടുറച്ചു പൊരുതിനിന്നു വിജയം കൈവരിച്ച ആവേശോജ്വല ചരിത്രമാണ് 1980 ജൂലൈ 30. മുസ്‌ലിം യൂത്ത്‌ലീഗ് നയിച്ച വിഖ്യാതമായ ഭാഷാസമരം. മതേതരത്വത്തിന്റെ ഏതു മുഖാവരണമണിഞ്ഞാലും മറപൊളിച്ചു പുറത്തുചാടാറുള്ള കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകളുടെ ഇസ്‌ലാമോഫോബിയ കേരളത്തിലാദ്യമായി വെളിച്ചത്തുവന്നതായിരുന്നു 1980 ലെ അറബി ഭാഷാ വിരുദ്ധ കരിനിയമങ്ങള്‍. ഉര്‍ദു, സംസ്‌കൃതം ഭാഷകളെക്കൂടി ഇതു ബാധിക്കുമായിരുന്നെങ്കിലും മുഖ്യഇര അറബിയായിരുന്നു. മുസ്‌ലിം ന്യൂനപക്ഷം സാമ്പത്തികമായി ഭേദപ്പെട്ടനില കൈവരിച്ചു തുടങ്ങിയപ്പോള്‍ ‘മാഫിയ’ എന്നും രാഷ്ട്രീയ വളര്‍ച്ച നേടുമ്പോള്‍ ‘വര്‍ഗീയത’യെന്നും വിദ്യാഭ്യാസ പുരോഗതി കൈവരിക്കുമ്പോള്‍ ‘കൃത്രിമ മാര്‍ഗ’മെന്നും ആരോപിക്കുന്നത് പതിവാക്കിയ ഒരു പാര്‍ട്ടിയുടെ ആദ്യ പരീക്ഷണം. സാമ്പത്തിക സംവരണവാദവും ശരീഅത്ത് വിവാദവുമെല്ലാമുയര്‍ത്തി ന്യൂനപക്ഷ വിരുദ്ധ ചേരിയുടെ കയ്യടി വാങ്ങിക്കൊണ്ടിരുന്നതിന്റെ മറ്റൊരു പതിപ്പ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ തൊട്ടേ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഭാഗികമെങ്കിലും മതപഠന സൗകര്യത്തിന്റെ അരികുപറ്റി അറബിഭാഷാ പ്രോത്സാഹനമുണ്ടായിരുന്നു.
സ്വാതന്ത്ര്യാനന്തരം മതേതരവിദ്യാഭ്യാസമെന്ന പേരില്‍ ഇത്തരം സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റംവരുത്തിയെങ്കിലും മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴിലും തിരുകൊച്ചി പ്രദേശത്തും അറബിഭാഷാപഠനം നിലനിന്നു. കെ.എം സീതിസാഹിബിന്റെ വിദ്യാഭ്യാസ പദ്ധതികളില്‍ വിദ്യാലയങ്ങളിലെ അറബിഭാഷ പഠനം മുഖ്യഇനമായിരുന്നു. 1957 ലെ പ്രഥമ സര്‍ക്കാരില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മര്‍ദ്ദഫലമായി 100 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു അറബിക് തസ്തിക അനുവദിക്കാമെന്ന് വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി. പക്ഷേ ശമ്പളം കൊടുക്കാന്‍ ഫണ്ട് ലഭ്യമാണെങ്കില്‍ മാത്രമേ തസ്തികയുള്ളു എന്നൊരു ഉടക്ക് കൂട്ടിച്ചേര്‍ത്തു. ഇതോടെ ആ സാധ്യത മങ്ങിത്തുടങ്ങി. പില്‍ക്കാലം സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ 28 കുട്ടികളുണ്ടെങ്കില്‍ തസ്തിക അനുവദിക്കാമെന്നും പിന്നീടത് അറബി പഠിക്കാന്‍ 10 കുട്ടികളുണ്ടെങ്കില്‍ തസ്തിക അനുവദിക്കാമെന്നുമായി. സ്‌പെഷ്യലിസ്റ്റ് അധ്യാപകരായിരുന്ന അറബി അധ്യാപകരെ ഭാഷാധ്യാപകരായി സി.എച്ച് മാറ്റിനിയമിച്ചു. ഇതുവഴി വിദ്യാഭ്യാസ, ഉദ്യോഗ രംഗത്ത് പിന്നാക്കമായ ഒരു സമൂഹത്തിന് പഠന പ്രോത്സാഹനത്തിന്റെയും സര്‍ക്കാരുദ്യോഗമെന്ന സ്വപ്‌നങ്ങളുടെയും പുതുലോകത്തിലേക്കു വാതില്‍ തുറന്നു.
മുസ്‌ലിംകുട്ടികള്‍ മാത്രം പഠിക്കുന്ന ഭാഷ എന്ന പരിമിതിയില്‍ നിന്ന് അതിരുകളില്ലാത്ത ലോകപരിചയമാഗ്രഹിക്കുന്ന ഏതു വിദ്യാര്‍ഥിയെയും ആകര്‍ഷിക്കുന്ന ക്ലാസ് മുറികളായി അറബി മാറി. അറബി ഉര്‍ദു സംസ്‌കൃതം ഭാഷകള്‍ സംസ്‌കാരങ്ങളുടെ ഗുണപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുവെന്ന സവിശേഷതയും മതഭേദമില്ലാതെ രക്ഷിതാക്കള്‍ക്കും ഇളംതലമുറക്കും പ്രചോദനമായി. മതനിഷേധ ചിന്തകള്‍ ക്ലാസ്മുറികളില്‍ നിന്നു തുടങ്ങുന്ന മാര്‍ക്‌സിസ്റ്റ് രീതികള്‍ക്ക് ഭാഷാധ്യാപക സമൂഹം തടസ്സമായി. രാഷ്ട്രീയ പിരിവിനും സമരങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് അധ്യാപകയൂണിയന്റെ വരുതിയില്‍ കിട്ടാത്ത ഈ ഭാഷാധ്യാപകരെ വിദ്യാലയത്തില്‍ നിന്നും പടികടത്താനും മതവിരുദ്ധത കുരുന്നിലേ കുത്തിവെക്കാനുള്ള തടസ്സം നീക്കാനും സി.പി.എം തലച്ചോറില്‍ പുതിയ സൂത്രവാക്യങ്ങള്‍ പുകഞ്ഞു.’അങ്ങാടിയില്‍ കുട നന്നാക്കുന്നവരെ’യെല്ലാം സി.എച്ച് മുഹമ്മദ് കോയ അറബി മാഷന്മാരാക്കിയിരിക്കുന്നുവെന്ന സി.പി.എം പരിഹാസം നിയമസഭിലും മുഴങ്ങി. ഒടുവില്‍ മാര്‍ക്‌സിസ്റ്റുകളുടെ ദീര്‍ഘകാല ആസൂത്രണം പ്രയോഗവത്കരിക്കാന്‍ 1980 ല്‍ ഇടതുമുന്നണിക്കു കൈവന്ന അധികാരം വിനിയോഗിച്ചു. മൂന്നു കരിനിയമങ്ങള്‍കൊണ്ട് അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകള്‍ക്കു കുഴിമാടമൊരുക്കാമെന്ന് സി.പി.എം നിനച്ചു. ഇ.കെ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി. അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍, ഡിക്ലറേഷന്‍ എന്നീ മൂന്നു ഉത്തരവുകള്‍ നടപ്പാക്കിയതിന്റെ സമയവേഗം തന്നെ ഇതൊരു നിഗൂഢ പദ്ധതിയുടെ ഉല്‍പന്നമാണെന്നു തെളിയിച്ചു.
1977 മുതല്‍ അറബ് രാജ്യങ്ങളിലേക്കു കടല്‍കടന്നു തുടങ്ങിയ മലയാളികളിലൂടെ കേരളം പച്ചപിടിക്കാന്‍ തുടങ്ങുമ്പോഴാണ് അറബി ഭാഷയെ തന്നെ വിദ്യാലയങ്ങളില്‍ നിന്ന് ആട്ടിയോടിക്കാന്‍ നിയമം വരുന്നത്. ഇസ്‌ലാമിന്റെ ചെലവിലാണ് വിദ്യാലയങ്ങളില്‍ അറബി കയറിവരുന്നതെന്ന, തായാട്ട് ശങ്കരനെപ്പോലുള്ള മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുടെ പ്രസ്താവനയും ‘അറബി മാതൃഭാഷ’യായി കിട്ടാനാണ് ലീഗുകാര്‍ സമരം ചെയ്യുന്നതെന്ന ഇ.എം.എസിന്റെ ആഹ്വാനവും ഇതിനുള്ളിലൊളിച്ചിരിക്കുന്ന മതവിരുദ്ധതയുടെ സൂചനകളായിരുന്നു. ഒപ്പം ഭരണഘടന നല്‍കിയ വിശ്വാസ സ്വാതന്ത്ര്യവും, ന്യൂനപക്ഷ, വിദ്യാഭ്യാസാവകാശവും ഹനിക്കലും. അതുകൊണ്ടാണ് ഒരു അധ്യാപക വിഷയമെന്ന നിലയില്‍ നിന്ന് ഈ സമരത്തെ ബഹുജന പ്രശ്‌നമാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ശ്രമിച്ചത്. അറബി അധ്യാപകരുടെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എച്ച് പറഞ്ഞു: നിങ്ങള്‍ അധ്യാപകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടവരല്ല, ക്ലാസ്മുറികളിലേക്ക് തിരികെ പോകുക; ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.
ഇത് ഒരേ സമയം പ്രത്യയശാസ്ത്ര പ്രശ്‌നവും മൗലികാവകാശ പ്രശ്‌നവും രാജ്യത്തിന്റെ സമ്പദ്ഘടനയെ സംബന്ധിച്ച വിഷയവുമായിരുന്നു. പി.കെ.കെ ബാവ പ്രസിഡന്റും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് ആ പ്രക്ഷോഭം ഏറ്റെടുത്തു. 1980 ജൂലൈ 30 റമസാന്‍ 17, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും പിക്കറ്റിങ്. കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്ത മലപ്പുറത്തെ പിക്കറ്റിങ് പതിനായിരത്തോളം പ്രവര്‍ത്തകരുടെ സാന്നിധ്യംകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു. സമരത്തിന്റെ മുന്‍നിരയില്‍ അന്നത്തെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനും ഇന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.സൂപ്പി എം.എല്‍.എ, എം.ഐ തങ്ങള്‍, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ഭാരവാഹികളായ പി.അബ്ദുല്‍ ഹമീദ്, എടവണ്ണ ടി രായിന്‍, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, അഡ്വ യു.എ ലത്തീഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, തുടങ്ങിയവരെല്ലാമുണ്ട്, സമാധാനപരമായ പിക്കറ്റിങ്ങില്‍ ഘട്ടം ഘട്ടമായി അറസ്റ്റുവരിക്കുന്നതിനിടെ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി വാസുദേവമേനോന്‍ ജീപ്പില്‍ കുതിച്ചെത്തെന്നു. കലക്ട്രേറ്റ് ഗേറ്റില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ജീപ്പ് കയറ്റുന്നു. പ്രകോപനം തുടരുന്നു. വെടിവെക്കാന്‍ ഉത്തരവിടുന്നു. മജീദും റഹ്മാനും കുഞ്ഞിപ്പയും പ്രാണന്‍ വെടിഞ്ഞ് വീര രക്തസാക്ഷിത്വത്തിന്റെ അനശ്വരതയിലേക്കു പ്രയാണം ചെയ്യുന്നു.
സമരഭൂമിയില്‍ നിന്ന് രക്തം പുരണ്ട വസ്ത്രം മാറാന്‍ പോലും നില്‍ക്കാതെ കെ.പി.എ മജീദ് നിയമസഭയിലേക്കുതിരിച്ചു. അടിയന്തരപ്രമേയത്തിന് മുസ്‌ലിംലീഗ് നോട്ടീസ് നല്‍കി. സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. സഭപ്രക്ഷുബ്ധമായി. സി.എച്ച് സഭാതലംമുഴങ്ങുമാറുച്ചത്തില്‍ പറഞ്ഞു: ”മലപ്പുറത്തു നിന്നുള്ള കാറ്റില്‍ കരിഞ്ഞ മനുഷ്യമാംസത്തിന്റെയും വെടിമരുന്നിന്റെയും മണമടിച്ചുവരുന്നു. സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം.” കൂസാതെ നില്‍ക്കുന്ന ഭരണകൂടത്തിനുമുന്നില്‍ മുട്ടുവിറക്കാതെ, മജീദ് റഹ്മാന്‍ കുഞ്ഞിപ്പമാരുടെ വീര രക്തസാക്ഷിത്വത്തിന്റെ മണ്ണിലെ ചോരയുണങ്ങും മുമ്പ് മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ച് (ഗ്രേറ്റ് മാര്‍ച്ച്) പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ബേബി ജോണ്‍ മുസ്‌ലിംലീഗ് നേതാക്കളെയും അറബി അധ്യാപക പ്രതിനിധികളെയും ചര്‍ച്ചക്കുവിളിച്ചു. ഉത്തരവുകള്‍ ഓരോന്നായി പിന്‍വലിച്ചു. സെപ്തംബര്‍ 19 ന് സര്‍വ ഉത്തരവുകളും നീക്കി. അറബി ഉര്‍ദു സംസ്‌കൃതഭാഷകള്‍ക്കെതിരായ മാര്‍ക്‌സിസ്റ്റ് പടനീക്കം തല്‍ക്കാലം ഉപേക്ഷിച്ചു. പ്രതിപക്ഷ യുവജന സംഘടനയുടെ നിശ്ചയദാര്‍ഢ്യത്തിനും ഇതിഹാസസമാനമായ പോര്‍വീര്യത്തിനും മുന്നില്‍ മാര്‍ക്‌സിസ്റ്റ് അധികാരഹുങ്ക് പത്തിതാഴ്ത്തി. രക്തസാക്ഷികളുടെ കുടുംബത്തെ സഹായിക്കാനും പരിക്കേറ്റവരുടെ ചികിത്സക്കും സി.എം.ടി കോയാലി മുതല്‍ ആറായിരത്തോളം പേരെ പൊലീസുകാരന്റെ കൊലക്കേസില്‍ പ്രതിയാക്കിയതുള്‍പ്പടെയുള്ള നൂറുകണക്കിന് കേസുകള്‍ നടത്താനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലപ്പുറം ഫണ്ട് പ്രഖ്യാപിച്ചു. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അവരുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികള്‍ നല്‍കി ആ ഫണ്ട് സമാഹരണം നാളുകള്‍ക്കകം വിജയിപ്പിച്ചു.
നാലുപതിറ്റാണ്ടു കടന്നുപോയിട്ടും ഭാഷാസമര സ്മരണ അടങ്ങാത്ത സമരാവേശമായി മുസ്‌ലിംലീഗിന്റെ പ്രയാണ വീഥിയില്‍ ഊര്‍ജം പകരുന്നു. മജീദ് റഹ്മാന്‍ കുഞ്ഞിപ്പമാര്‍ തലമുറകളുടെ പ്രചോദനമാകുന്നു. ഇന്ത്യാ ചരിത്രത്തില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടി ജീവന്‍ നല്‍കിയവരായി, അറബ് സംസ്‌കാരത്തിന്റെ സഹസ്രാബ്ദവഴിയില്‍ ആ ഭാഷയെ സംരക്ഷിക്കാന്‍ ജീവന്‍ അര്‍പ്പിച്ചവരായി, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ക്കും ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനുമെതിരായ കമ്യൂണിസ്റ്റ് ഗൂഢ പദ്ധതിക്കെതിരെ പൊരുതി മരിച്ചവരായി മൂവരും ചരിത്രത്തിന്റെ ആകാശപ്പരപ്പില്‍ അഭിമാനനക്ഷത്രങ്ങളായി ജ്വലിക്കുന്നു.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
india3 days ago
തമിഴ്നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്
-
kerala3 days ago
ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു