വണ്ടൂര്‍(മലപ്പുറം): കസ്റ്റഡിയില്‍ എടുത്തയാളെ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കതൊണ്ടി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ്(50) ആണ് മരിച്ചത്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായ ലത്തീഫിനോട് വണ്ടിയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് ടയര്‍ മോഷണം പോയ കേസില്‍ പൊലീസ് തന്നെ പ്രതി ചേര്‍ത്തുവെന്നറിഞ്ഞ് നിരപരാധിയാണെന്നറിയിക്കാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞുവെക്കുകയും കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്‌റ്റേഷനുള്ളിലെ ബാത്ത്‌റൂമില്‍ വെന്റിലേറ്ററില്‍ മൃതദേഹം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വെന്റിലേറ്ററിന്റെ ചെറിയ ദ്വാരത്തിലൂടെ തുണിക്കഷണം തിരുകിക്കയറ്റി കയറാക്കി കെട്ടിയ നിലയിലാണ് മൃതദേഹം. ഇയാള്‍ ഉടുത്തിരിക്കുന്ന തുണിയിലോ ഷര്‍ട്ടിന്റെയോ കഷ്ണമായിരുന്നില്ല ഇതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉടുത്തിരിക്കുന്ന മുണ്ട് ഷര്‍ട്ടിന് മുകളിലേക്ക്. മടക്കിക്കുത്തിയ നിലയിലാണെന്നും ലത്തീഫ് ഇങ്ങനെ ഒരിക്കലും ചെയ്യാറില്ലെന്നും സഹോദരന്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് വണ്ടൂര്‍ സ്‌റ്റേഷനിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. വണ്ടൂര്‍, മഞ്ഞള്‍ റോഡില്‍ ഇന്നലെ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണം നടക്കും. ഫൗസിയയാണ് മരിച്ച ലത്തീഫിന്റെ ഭാര്യ. മക്കള്‍: ജുഹൈല്‍, ഫായിസ്, ജിന്‍സിയ. മരുമകന്‍:നൗഷാദ്