ലക്‌നോ: യു.പി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിനെ പുറത്താക്കിയതിലൂടെ പൊന്നു കായ്ക്കുന്ന മരം തന്നെയാണ് മുലായംസിങ് യാദവ് വെട്ടിക്കളഞ്ഞത്. എങ്കിലും പുരക്കുമേല്‍ ചാഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു മുലായം പുറത്തെടുത്ത അച്ചടക്കത്തിന്റെ വടി. മാസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്ന ആഭ്യന്തരകലഹം തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ രൂക്ഷമാവുകയും എല്ലാ സമവായ സാധ്യതകളും പരാജയപ്പെടുകയും ചെയ്തതോടെ മറുവഴികളൊന്നും മുലായത്തിനു മുന്നിലുണ്ടായിരുന്നില്ല.
അതേസമയം അഖിലേഷിനെയും ഒപ്പം തന്റെ സഹോദരനും രാജ്യസഭാംഗവുമായ രാം ഗോപാല്‍ യാദവിനെയും പുറത്താക്കിയതിലൂടെ പാര്‍ട്ടിയില്‍ പിളര്‍പ്പിന് വഴിയൊരുങ്ങി. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആര്‍ക്ക് ഗുണം ചെയ്യും എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു പോലും ദേശീയ തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഇവിടെ. ഇത്തവണയും അതിന് മാറ്റങ്ങളില്ല. ഒരു വര്‍ഷം മുമ്പു തന്നെ കോണ്‍ഗ്രസും ബി.ജെ.പിയും കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നു. രാഹുല്‍ഗാന്ധിയുടെ 3500 കിലോമീറ്റര്‍ ബസ് യാത്രയും മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുമെല്ലാം മാസങ്ങള്‍ക്കു മുമ്പേ യു.പിയെ തെരഞ്ഞെടുപ്പ് ചൂടിലേക്കുയര്‍ത്തി.
പുറത്തേക്ക് നിശബ്ദമാകുമ്പോഴും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി ഗ്രാമങ്ങളില്‍ ശക്തി തിരിച്ചുപിടിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെയുണ്ടായ ബി.എസ്.പിയുടെ മുന്നേറ്റത്തില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. മുലായംസിങും മായാവതിയും നല്‍കുന്ന യാദവ രാഷ്ട്രീയത്തിന്റെ കൈപിടിയിലാണ് കുറേ വര്‍ഷങ്ങളിലായി യു.പി. ഇത്തവണ അതില്‍നിന്നൊരു മാറ്റമാണ് ബി.ജെ.പിയും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ. ഡി-ജെ.ഡി.യു സഖ്യത്തിന് വിജയവഴി മെനഞ്ഞ പ്രശാന്ത് കിഷോറിന്റെ നയതന്ത്ര നീക്കമാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
ചുവടും മറുചുവടുകളുമായി പാര്‍ട്ടികള്‍ തമ്മിലുള്ള അങ്കം മുറുകുമ്പോഴാണ് ഭരണകക്ഷി കൂടിയായ സമാജ് വാദി പാര്‍ട്ടിയില്‍ അപ്രതീക്ഷിത പിളര്‍പ്പിന് വഴിയൊരുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇത് ആര്‍ക്ക് ഗുണം ചെയ്യും എന്ന ചോദ്യം പ്രസക്തമാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എസ്.പി സഖ്യമുണ്ടാക്കണമെന്ന നിലപാടിനെ പാര്‍ട്ടിയില്‍ ശക്തമായി പിന്തുണച്ചിരുന്നയാളാണ് അഖിലേഷ് യാദവ്. രാജിവെച്ച് പുതിയ ചേരിയാകുന്നതോടെ അഖിലേഷ് യാദവ് കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എസ്.പിയിലെ പിളര്‍പ്പിനോട് പ്രതികരിക്കുന്നില്ലെന്നും മറ്റു പാര്‍ട്ടിയുടെ ആഭ്യന്ത കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ന്യൂനപക്ഷ വോട്ടുകള്‍ എതിരാകും എന്നതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ അഖിലേഷോ മുലായംസിങോ തയ്യാറാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് പിളര്‍പ്പിന്റെ ഗുണം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം നിഷ്പക്ഷ യാദവ വോട്ടുകളില്‍ കുറേയെങ്കിലും ബി.എസ്.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയേക്കും. അതുകൊണ്ടുതന്നെ ചതുഷ്‌കോണ മത്സരം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിനെ മുമ്പെങ്ങുമില്ലാത്ത വിധം പ്രവചനാധീതമാക്കുന്നതാണ് സമാജ്്‌വാദി പാര്‍ട്ടിയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍.