X

പൊതുമേഖലാ ബാങ്കുകളെ കൈയൊഴിയാന്‍ സര്‍ക്കാര്‍; 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കും- കണ്ണുവച്ച് കോര്‍പറേറ്റുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയിലേറെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മിക്ക ബാങ്കുകളിലെയും ഓഹരി സര്‍ക്കാര്‍ വില്‍ക്കും.

ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര ആന്‍ഡ് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരിയാണ് വില്‍പ്പനയ്ക്കു വയ്ക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 4-5 ബാങ്കുകള്‍ മാത്രം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 12 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്. വിഷയത്തോട് പ്രതികരിക്കാന്‍ ധനമന്ത്രാലയം വിസമ്മതിച്ചു. ആസ്തി വിറ്റ് ധനം സമാഹരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കോവിഡ് മഹാമാരിയുടെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം വേണമെന്ന നിലപാടിലാണ് ധനമന്ത്രാലയം. ബാങ്കുകളുടെ ഓഹരി വില്‍ക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണ്ടി വരും.

പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയനമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഓഹരി വില്‍പ്പന മാത്രമാണ് മുമ്പിലുള്ള പോംവഴി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കി ചുരുക്കിയിരുന്നു.

Test User: