അഷ്റഫ് വേങ്ങാട്ട്
റിയാദ് : ബിനാമി ബിസിനസിന് അന്ത്യം കുറിക്കാനുള്ള സഊദിയുടെ നീക്കം ശക്തം . ഇതിന്റെ ഭാഗമായി ഇത്തരം ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന വിദേശികൾക്ക് പദവി ശരിയാക്കാനുള്ള അവസാന സമയം ഫെബ്രുവരി 16 ആണ്. കൃത്യമായി മൂന്ന് മാസം ബാക്കി നിൽക്കുന്ന പൊതുമാപ്പ്
വിദേശികൾ നിർബന്ധമായി ഉപയോഗപ്പെടുത്തണമെന്ന് സഊദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നതോടെ വിവിധ വകുപ്പുകൾ സംയുക്തമായി റെയ്‌ഡുകൾ നടത്തി നിയമ ലംഘകരെ കണ്ടെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനായി ഉപയോഗപ്പെടുത്തുമെന്നും സൂചനയുണ്ട്. കഠിനമായ ശിക്ഷയാണ് ഇത്തരം നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ വിദേശികൾ . ട്രേഡിങ്ങ് ഒഴികെ മറ്റു മേഖലകളിൽ ഭരിച്ച ചെലവുകളില്ലാതെ നിയമവിധേയമാക്കാൻ സാധിക്കുന്നുണ്ടെങ്കിലും ചെറുകിട ബിസിനസ് നടത്തുന്ന ഭൂരിഭാഗവും ട്രേഡിങ്ങ് വിഭാഗത്തിൽ പെടുന്നതിനാൽ ആശങ്കയിലാണ് നല്ലൊരു ശതമാനം പ്രവാസികൾ . മറ്റു മേഖലകളിലുള്ളവർ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ളെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുണ്ടന്നുണ്ട് . കനത്ത സാമ്പത്തിക ബാധ്യത ഒറ്റക്ക് വഹിക്കുന്നതിന് പകരം ട്രേഡിങ്ങ് മേഖലയിലുള്ളവർക്ക് മറ്റു സാധ്യതകളും വിദഗ്ദർ നിർദേശിക്കുന്നുണ്ട്.
സ്‌പോൺസറുടെ പേരിലുള്ള സ്ഥാപനങ്ങളിൽ വിദേശികൾ വ്യാപകമായി ബിസിനസ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബിനാമിക്കെതിരെയുള്ള പോരാട്ടം സഊദി വാണിജ്യ മന്ത്രാലയം ഊർജ്ജിതമാക്കിയത്. രാജ്യത്ത് ഇത്തരം നീക്കങ്ങൾ നേരത്തെ തന്നെ നിയമ വിരുദ്ധമാണെങ്കിലും അധികൃതരുടെ ശ്രദ്ധ കാര്യമായി ഈ മേഖലയിൽ ഉണ്ടായിരുന്നില്ല. നിയമവിധേയമായി സ്‌പോൺസറുടെ പേരിൽ ആണെങ്കിലും അദ്ദേഹത്തിന് സ്‌പോൺസർഷിപ് ഫീസായി നിശ്ചിത തുക ഓരോ മാസവും നൽകി ബിസിനസ് നടത്തി വരുന്നവരുടെ മറ്റു ലാഭ നഷ്ട കണക്കുകളൊന്നും നിയമപരമായ ഉടമ എന്ന നിലയിൽ സ്‌പോൺസർ അറിയാറില്ല. സ്വദേശി വൽക്കരണം ശക്തിപെടുത്തിയതോടെ ഇത്തരം പല മേഖലകളിലും തോതനുസരിച്ചുള്ള സഊദിവൽക്കരണം പൂർത്തിയാകാത്തതും വനിതകളുടെ പേരിലുള്ള ലൈസൻസുകളും സമീപ കാല നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ചകളും അധികൃതരുടെ കാര്യമായ ശ്രദ്ധ ഈ ഭാഗത്തേക്ക് തിരിയാൻ ഇടയായി.
ബഖാലകൾ, ബാർബർ ഷോപ്പുകൾ , ഹൈവേകളിലും മറ്റും സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകൾ തുടങ്ങിയ മേഖലകൾ ഭൂരിഭാഗവും ബിനാമിയിലൂടെ വിദേശികളുടെ കൈവശമാണെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. സ്ഥാപനങ്ങൾ നിയമ വിധേയമാക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് വിദേശികളെ ബോധ്യപ്പെടുത്തുന്ന വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ അധികൃതർ നടത്തുന്നുണ്ട്. അതോടൊപ്പം ചേംബർ കൊമേഴ്‌സുകൾ വഴി സഊദി പൗരന്മാർക്കും ശക്തമായ ബോധവൽക്കരണമാണ് മന്ത്രാലയങ്ങൾ വഴി നൽകുന്നത് . അതുകൊണ്ട് തന്നെ സസ്പോണ്സർമാരുടെ ശക്തമായ സമ്മർദ്ദവും വിദേശികൾക്ക് മേലുണ്ട്. ഒന്നുകിൽ നിയമ വിധേയമാക്കുക അല്ലെങ്കിൽ ഒഴിവാക്കുക എന്നതാണ് ഇപ്പോൾ പ്രവാസികളുടെ മുന്നിലുള്ള പോംവഴി. ബിനാമിക്കെതിരെയുള്ള പോരാട്ടം ശക്തിപെടുമ്പോൾ മലയാളികളടക്കം നിരവധി വിദേശികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.