സംസ്ഥാനത്തെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോച്ചിംഗ് സെന്ററുകളുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ എന്ന വാക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്’ എന്നത് ഇനിമുതല്‍ ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്’ എന്നാകും.
സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 16 കോച്ചിംഗ് സെന്ററുകളും 23 സബ്‌സെന്ററുകളെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അഴിച്ചുപണിയുന്നത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തയാറാക്കപ്പെട്ട പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് മുസ്‌ലിം സമുദായത്തിലെ അഭ്യസ്തവിദ്യരെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് പ്രാപ്തരാകാന്‍ ലക്ഷ്യമിട്ട് കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചത്.
കോഴിക്കോട്, പയ്യന്നൂര്‍, പൊന്നാനി, ആലുവ, കരുനാഗപ്പള്ളി തുടങ്ങി എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അഞ്ച് സെന്ററുകളാണ് സ്ഥാപിച്ചത്. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ സെന്ററുകളുടെ എണ്ണം 16 ആയി ഉയര്‍ത്തുകയും 23 ഉപകേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഈ സെന്ററുകളിലൂടെ കോച്ചിംഗ് പൂര്‍ത്തിയാക്കിയ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്തു. സെന്ററുകള്‍ക്ക് ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്’ എന്ന് പേര് നല്‍കിയത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ ആയിരുന്നു. എന്നാല്‍ ഈ സെന്ററുകളില്‍ 20 ശതമാനം വരെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോച്ചിംഗിന് ഇപ്പോഴും അവസരം നല്‍കുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ മൊത്തത്തിലല്ല, മറിച്ച് മുസ്‌ലിം പിന്നാക്കാവസ്ഥ മാത്രം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇതനുസരിച്ചാണ് ന്യൂനപക്ഷ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോച്ചിങ് സെന്ററുകള്‍ക്ക് ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്’ എന്ന് പേര് നല്‍കിയത്. ഉയര്‍ന്ന നിലവാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ കേന്ദ്രങ്ങളുടെ പേര് അടിയന്തരമായി മാറ്റാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംസ്ഥാനതല യോഗത്തില്‍ അംഗങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണ് പേരുമാറ്റം എന്നതാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം. 12 ശതമാനം സംവരണം ഉണ്ടായിട്ടും മുസ്‌ലിം സമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും പട്ടികജാതി പട്ടിക വര്‍ഗക്കാരെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് മുസ്‌ലിം സമുദായമെന്നുമായിരുന്നു സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍. 2004 ലും 2011 ലും ദേശീയ സാമ്പിള്‍ സര്‍വെ പ്രകാരവും മുസ്‌ലിം പുരോഗതി സാധ്യമായിട്ടില്ല.