X

പുറത്താക്കപ്പെട്ട് കരുത്തനായ അഖിലേഷ് യാദവ്; സി വോട്ടര്‍ സര്‍വേ

പാര്‍ട്ടിയില്‍ നിന്നും അഖിലേഷ് യാദവിനെ ആറു വര്‍ഷത്തേക്ക് പുറത്താക്കുമ്പോള്‍ പിതാവ് മുലായം സിങ് സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല ഇതുപോലൊരു തിരിച്ചടി. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരിലാണ് അഖിലേഷ് പുറത്താക്കപ്പെട്ടതെന്ന വികാരം യുപിയില്‍ പടര്‍ന്നത് മുലായത്തെ പിടിച്ചുലക്കുക തന്നെ ചെയ്തു. രാത്രിയിലും അഖിലേഷിന് പിന്തുണയര്‍പ്പിച്ച് ആയിരങ്ങളാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒരുമിച്ച് കൂടിയത്. ഇതേതുടര്‍ന്ന് അഖിലേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ ശിവ്പാലും മുലായവും നിര്‍ബന്ധിതമായത്.

പാര്‍ട്ടിയുടെ 222 എംഎല്‍മാരില്‍ 202 പേരും അഖിലേഷിനെ പിന്തുണച്ചത് അഖിലേഷിന് പാര്‍ട്ടിയില്‍ മേധാവിത്വം നല്‍കുകയാണ് ചെയ്തത്. എസ്പിയിലെ പ്രശ്‌നങ്ങളില്‍ നേട്ടമുണ്ടാക്കമെന്ന് കരുതിയിറങ്ങിയ ബിജെപിക്കും ഇത്തവണ ശരിക്കും അബദ്ധം പിണഞ്ഞു. ഒരു പാര്‍ട്ടിക്കും വോട്ട് പതിച്ചു നല്‍കാത്തവരുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടിക്ക് അഖിലേഷിന്റെ പിന്തുണ ക്രമാതീതമായി വര്‍ധിച്ചത് നടുക്കമുണ്ടാക്കുകയാണ് ചെയ്തത്.

എസ്പി അണികളില്‍ മുലായത്തേക്കാള്‍ അണികളുടെ പിന്തുണ അഖിലേഷിനാണെന്ന് സിവോട്ടര്‍ സ്‌നാപ് ഫോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അണികളില്‍ 81.4% പേരും അഖിലേഷിനെ പിന്തുണക്കുന്നവരാണെന്ന് സര്‍വേ വ്യക്തമാക്കി. 5% മാത്രം മുലായത്തെ പിന്തുണക്കുമ്പോള്‍ 7.8% ജനങ്ങള്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുമെന്നാണ് അഭിപ്രായപ്പെട്ടത്. ജനുവരി 3-4 തിയതികള്‍ സംസ്ഥാനത്തെ 5623 വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം.

ജാതികള്‍ക്കതീതമായും മുഖ്യമന്ത്രിയെന്ന നിലയില്‍ അഖിലേഷിന് മികച്ച പിന്തുണയാണുള്ളത്. മുസ്ലിം, യാദവ് വിഭാഗങ്ങള്‍ നേരത്തെ തന്നെ അഖിലേഷിനെ പിന്തുണക്കുമ്പോള്‍ മുന്നോക്ക വിഭാഗങ്ങളിലും മറ്റു വിഭാഗങ്ങളിലും അഖിലേഷിന്റെ റേറ്റിങ് ഉയരുകയാണ്.

chandrika: