സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ചു പറഞ്ഞ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനായി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും അവസാന മണിക്കൂറുകളിലെ നിശ്ശബ്ദ പ്രചാരണത്തിനും പിന്നാലെ പുതുപ്പള്ളി ഇന്ന് ബൂത്തിലെത്തുമ്പോള്‍ ഉയരുന്നത് ഒരേ ഒരു ചോദ്യം മാത്രം. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്ര. സംസ്ഥാന ഭരണത്തിന്റെ സകല സന്നാഹങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിച്ചിട്ടും ഇതിനപ്പുറം ഒരു ചോദ്യം സി.പി.എം കേന്ദ്രങ്ങളില്‍ നിന്നുപോലും ഉയരുന്നില്ല എന്നതാണ് വസ്തുത.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ കരുതലും സ്‌നേഹവും അനുഭവിച്ചറിഞ്ഞ ജനത ആ, ഓര്‍മ്മകളുമായാണ് ഇന്ന് പോളിംഗ് ബൂത്തുകളില്‍ എത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്ത മകന്‍ ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ തരംഗം പുതുപ്പള്ളിയിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.
പോളിങ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ
രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ്. പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
182 ബൂത്തുകള്‍
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലുള്ളത്. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. 182 ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 5.30 മുതല്‍ പോളിങ് അവസാനിക്കുന്നതുവരെയുള്ള നടപടികള്‍ കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.
ഫലമറിയാന്‍ രണ്ടു ദിന ഇടവേള
വൈകീട്ട് ആറു മണിയോടെ പോളിങ് പൂര്‍ത്തിയായാല്‍ പിന്നെ ഫലമറിയാനുള്ള കാത്തിരിപ്പാണ്. സെപ്തംബര്‍ എട്ടിനാണു വോട്ടെണ്ണല്‍. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.