കാഠ്മണ്ഡു: പുതിയ 500, 2000 രൂപാ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. ഫോറീന്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുന്നത് വരെ പുതിയ ഇന്ത്യന്‍ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നേപ്പാള്‍ രാഷ്ട്ര ബാങ്ക് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാളില്‍ വിപണിയില്‍ ഇന്ത്യന്‍ നോട്ടുകളും സ്വീകരിക്കാറുണ്ട്. എന്നാല്‍ പഴയ 1000, 500 രൂപാ നോട്ടുകള്‍ ഇന്ത്യ പിന്‍വലിച്ചതോടെ ഇന്ത്യന്‍ രൂപ കൈയിലുള്ള ഒട്ടേറെ നേപ്പാളി പൗരന്‍മാര്‍ കുരുക്കിലായിരിക്കുകയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള ധാരണ പ്രകാരം ഒരു നേപ്പാളി പൗരന് 25,000 രൂപാ വരെ കൈവശം വെക്കാന്‍ അനുമതിയുണ്ടെന്നും എന്നാല്‍ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം ഇക്കാര്യത്തില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും നേപ്പാള്‍ രാഷ്ട്ര ബാങ്ക് ചീഫ് രാമു പോഡെല്‍ പറഞ്ഞു.