ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കോളജ് തലത്തില്‍ അടിമുടി മാറ്റങ്ങള്‍. കോളേജുകളുടെ അഫിലിയേഷന്‍ 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അവസാനിപ്പിച്ചശേഷം അവയ്ക്ക് ശ്രേണി അടിസ്ഥാനമാക്കി സ്വയംഭരണാവകാശം നല്‍കുന്നതിന് ഘട്ടംതിരിച്ചുള്ള സംവിധാനമുണ്ടാക്കും. ഒരു നിശ്ചിത കാലയളവില്‍, ഓരോ കോളേജും ഒന്നുകില്‍ സ്വയംഭരണ ബിരുദം നല്‍കുന്ന കോളേജ് അല്ലെങ്കില്‍ ഒരു സര്‍വകലാശാലയുടെ ഒരു ഘടക കോളേജ് ആയി വികസിക്കണം.
ബിരുദ കോഴ്‌സ് മൂന്നോ നാലോ വര്‍ഷമാകും. ഉദാഹരണത്തിന്, ഒരുവര്‍ഷത്തിനുശേഷം സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷത്തിനുശേഷം അഡ്വാന്‍സ്ഡ് ഡിപ്ലോമ, മൂന്നു വര്‍ഷത്തിനുശേഷം ബാച്ചിലേഴ്‌സ് ഡിഗ്രി, നാലുവര്‍ഷത്തിനുശേഷം ഗവേഷണത്തിനൊപ്പം ബിരുദം. ബിരുദാനന്തര ബിരുദ (പി.ജി.) കോഴ്‌സുകള്‍ ഒന്നും രണ്ടും വര്‍ഷത്തെയുണ്ടാകും.
വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് നേടിയ അക്കാദമിക് ക്രെഡിറ്റുകള്‍ ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഡിജിറ്റലായി സംഭരിച്ച് കൈമാറ്റം ചെയ്യപ്പെടും. ഐ.ഐ.ടി.കള്‍, ഐ.ഐ.എമ്മുകള്‍ എന്നിവയ്ക്ക് തുല്യമായി മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍ (എം.ഇ.ആര്‍.യു.) സ്ഥാപിക്കും.
മെഡിക്കല്‍-നിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ കുടക്കീഴിലാക്കി ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ.) രൂപവത്കരിക്കും. നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗണ്‍സില്‍ (എന്‍.എച്ച്. ഇ.ആര്‍.സി.), നിലവാരത്തിന്റെ ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗണ്‍സില്‍ (ജി.ഇ.സി.), സഹായധനത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗണ്‍സില്‍ (എച്ച്.ഇ.ജി.സി.), അക്രഡിറ്റേഷനായി നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍.എ.സി.) എന്നിങ്ങനെ നാലു സ്വതന്ത്ര വിഭാഗങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ നയം പറയുന്നു.