X

പുതിയ നോട്ടുകളുടെ വ്യാജനുണ്ടാക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെ തുടര്‍ന്ന് പുറത്തിറക്കിയ 500, 1000 നോട്ടുകള്‍ പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പന ചെയ്തതിനാല്‍ വളരെ സുരക്ഷിതമാണെന്ന് ഗവണ്‍മെന്റ്. ഇതാദ്യമായാണ് പുതിയ നോട്ടുകള്‍ പൂര്‍ണമായും രാജ്യത്ത് തന്നെ രൂപകല്‍പന ചെയ്യുന്നത്.

500, 2000 രൂപയുടെ നോട്ടുകളുടെ വ്യാജനോട്ടുകള്‍ അച്ചടിക്കാന്‍ എളുപ്പമല്ലെന്നും അവയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അനുകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കി. നോട്ട് അസാധുവാക്കലിന് പിന്നാലെ ആദ്യം 2000 നോട്ടുകളാണ് വ്യാപകമായി പുറത്തിറക്കുകയും ആളുകളുടെ കൈയ്യിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. എന്നാല്‍ ഇനി 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ശക്തികാന്ത ദാസ് അറിയിച്ചു.

500 രൂപ നോട്ടുകള്‍ ചില ബാങ്കുകള്‍ എടി.എമ്മുകളില്‍ നിറയ്ക്കാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ ആദ്യം എല്ലായിടത്തും എത്തിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ലക്ഷം കോടിയുടെ 500, 2000 രൂപയുടെ നോട്ടുകള്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ടെന്നും ഈ മാസം അവസാനത്തോടെ അസാധുവാക്കിയ 15 ലക്ഷം കോടി രൂപയുടെ പകുതി പുറത്തിറക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ സാഹചര്യം സാധാരണഗതിയിലേക്ക് മാറുകയാണെന്നും സാമ്പത്തിക സെക്രട്ടറി പറഞ്ഞു. 2000, 500, 100, 50, 20 നോട്ടുകളുടെ പ്രിന്റിങ് കൃത്യമായി പുരോഗമിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ അത്യാവശ്യ കേന്ദ്രങ്ങളില്‍ വളരെ പെട്ടെന്ന് വിമാന മാര്‍ഗം നോട്ടുകള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ദാസ് പറഞ്ഞു. പണ ക്ഷാമമുള്ള പ്രാദേശിക മേഖലകളില്‍ നോട്ടുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. നീതി ആയോഗ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോല്‍സാഹനം നല്‍കാനുള്ള സമ്മാനപദ്ധതി ആവിഷ്‌കരിച്ചത് പണരഹിത സമ്പത്ത് വ്യവസ്ഥയ്ക്ക് അടിത്തറ പാകാനാണെന്നും സാമ്പത്തിക കാര്യസെക്രട്ടറി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് ആഴ്ചക്കിടയില്‍ വിതരണം ചെയ്ത 100 രൂപയ്ക്കും അതിനു താഴെയുമുള്ള നോട്ടുകള്‍ ഒരു വര്‍ഷം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടുകളുടെ മൂന്നിരട്ടിയാണ്. രാജ്യത്തുള്ള 2.20 ലക്ഷം എ.ടി.എമ്മുകളില്‍ രണ്ടു ലക്ഷം എ.ടി.എമ്മുകള്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ടി ക്രമീകരണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

chandrika: