X

പി.വി സിന്ധുവും സൈന നെഹ്‌വാളും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കും

രാജ്യത്തെ ബാഡ്മിന്റണ്‍ രംഗത്തെ പുത്തനുണര്‍വിന് പിന്നാലെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്) ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുഖം മിനുക്കുന്നു. സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംഘടിപ്പിക്കുമെ
ന്ന് ബാഡ്മിന്റണ്‍ അസോസി
യേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ഡോ.ഹിമാന്ത ബിശ്വ
ശര്‍മ്മ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നാഗ്പൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖ താരങ്ങളുടെയെല്ലാം പങ്കാളിത്തം ഉറപ്പു വരുത്തും.
നിലവില്‍ റാങ്കിങില്‍ മുന്നിലുള്ള താരങ്ങളുടെ പങ്കാളിത്തമില്ലാതെയാണ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അരങ്ങേറുന്നത്. സൈന നെഹ്‌വാള്‍ 2010ന് ശേഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടില്ല, പി.വി സിന്ധു കഴിഞ്ഞ അഞ്ചു വര്‍ഷമായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. പരിക്കുകളടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് താരങ്ങള്‍ വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷം ഇതിന് മാറ്റം വരും. ഇക്കാര്യം താരങ്ങളുമായി ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര നിലവാരത്തില്‍ സമയബന്ധിതമായി തന്നെ ദേശീയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കണമെന്ന് താരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പില്‍ വരുത്താമെന്ന് അസോസിയേഷന്‍ താരങ്ങള്‍ക്ക് ഉറപ്പും നല്‍കി.
ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രൈസ് മണി ഈ വര്‍ഷം മുതല്‍ ഒരു കോടിയായി ഉയര്‍ത്തും. നിലവില്‍ ഫൈനലിസ്റ്റുകള്‍ക്ക് മാത്രമായി പത്തു ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ഇത്തവണ പ്രീക്വാര്‍ട്ടര്‍ മുതല്‍ പ്രൈസ് മണി ഏര്‍പ്പെടുത്തും. 50000 രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയായിരിക്കും ഇത്. പ്രമുഖ താരങ്ങളുടെ പങ്കാളിത്തം വഴി ദേശീയ ചാമ്പ്യന്‍ഷിപ്പിന് കൂടുതല്‍ ശ്രദ്ധ ലഭിക്കും. ഇതുവഴി കിട്ടുന്ന ടിവി സംപ്രേക്ഷണാവകശത്തിലൂടെയും പരസ്യ വരുമാനത്തിലൂടെയും അധിക തുക കണ്ടെത്തും. ജൂനിയര്‍ താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി മൂന്നു മാസത്തിനകം തുടങ്ങും.
ഇത്തവണ സായിയുടെ സഹകരണത്തോടെ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന നാലു ദേശീയ ജൂനിയര്‍ ക്യാമ്പുകളില്‍ ഒന്ന് കൊച്ചിയിലായിരിക്കും. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യത്തെ അഞ്ചു കേന്ദ്രങ്ങളില്‍ കോച്ചിങ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും കോച്ചിങ് സെന്ററുകള്‍ സ്ഥാപിക്കുക. ഇതിനായി എട്ടു ഏക്കര്‍ സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയക്കും.
കൂടുതല്‍ താല്‍പര്യം കാണിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അസോസിയേഷന്‍ സ്വന്തമായി പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. അടുത്ത ജനുവരിയില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെന്റര്‍ തുടങ്ങുന്ന അഞ്ചു സ്ഥലങ്ങള്‍ അന്തിമമായി തെരഞ്ഞെടുക്കും. നിലവില്‍ രാജ്യത്ത് ഒരിടത്തും അസോസിയേഷന് സ്വന്തമായി പരിശീലന കേന്ദ്രങ്ങളില്ല.

chandrika: