കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചില്ലെന്നും ഇനിയും ചില നടപടിക്രമങ്ങള്‍ പാര്‍ക്ക് അധികൃതര്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ ബോര്‍ഡ് വ്യക്തമാക്കി. 26ന് അകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അടച്ചുപൂട്ടുമെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയതിനെതിരെ പി.വി അന്‍വറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഒരിക്കല്‍ കൂടി പാര്‍ക്ക് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 20ന് പാര്‍ക്ക് സന്ദര്‍ശിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനധികൃതമായി തടയണ നിര്‍മിച്ചും ജലചൂഷണം ചെയ്തും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ പരിസ്ഥിതി ലോല മേഖലയായ കക്കാടം പൊയിലില്‍ നിര്‍മ്മിച്ച പാര്‍ക്കിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലികമായി ലഭിച്ച അഗ്നിശമന വകുപ്പിന്റെ എന്‍. ഒ. സി ഉപയോഗിച്ചാണ് പാര്‍ക്ക് ആരംഭിച്ചത്. 1409 ചുതരശ്ര അടി വിസ്തൃതിലാണ് കക്കാടംപൊയില്‍ മലമുകളില്‍ കുന്നുകള്‍ നിരത്തി വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിച്ചത്. പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിലുള്ള നിയമലംഘനം നടത്തി അനധികൃതമായി നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ച് നീക്കാന്‍ മലപ്പുറം ഡപ്യൂട്ടി കലക്ടര്‍ ടി.ഒ അരുണ്‍ ഉത്തരവിട്ടിട്ടുണ്ട്.
ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലാതെയും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയും ഭരണ കക്ഷി എം.എല്‍.എ എന്ന പദവി ദുരുപയോഗം ചെയ്താണ് പാര്‍ക്ക് തുറന്നുപ്രവര്‍ത്തിക്കുന്നത്. ഓണം-ബക്രീദ് സീസണില്‍ പാര്‍ക്കിന് താഴിടാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം അട്ടിമറിച്ച് വന്‍ലാഭമാണ് ഉണ്ടാക്കിയത്. ചൊവ്വാഴ്ചക്കകം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ആരോഗ്യ വകുപ്പിന്റെ സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശം. അല്ലാത്തപക്ഷം പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുമെന്ന് ഭരണസമിതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.