കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ നിയമിച്ച ഉത്തരവ് വ്യവസായവകുപ്പ് റദ്ദാക്കി. സി.പി.എം നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ അവരോധിക്കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം, സുധീറിനെ നീക്കിയതായി വ്യവസായ മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി. സ്ഥാനമേറ്റെടുക്കാന്‍ സുധീര്‍ സമയം ചോദിച്ചത് നല്‍കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് നിയമനം റദ്ദാക്കിയതെന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം.
വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാസഹോദരി കൂടിയാണ് പി.കെ ശ്രീമതി. സുധീറിന്റെ നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമനത്തെക്കുറിച്ച് അറിയില്ലെന്നും സാധാരണ യോഗ്യരായവരെയാണ് നിയമിക്കാറെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം വന്നത്. നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാസ്ഥാപനങ്ങളുടെ ഉന്നതപദവികളില്‍ അവരോധിക്കാനുള്ള സി.പി.എം തീരുമാനം വിവാദമായിരുന്നു.
കൂടുതല്‍ നേതാക്കളുടെ മക്കള്‍ക്ക് പദവികള്‍ നല്‍കാന്‍ സി.പി.എം സെക്രട്ടേറിയേറ്റ് അനുമതി നല്‍കിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ പദവിക്കായി വ്യവസായവകുപ്പുതന്നെ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നേതാക്കളുടെ മക്കളെ നിയമിക്കാന്‍ നീക്കം നടന്നത്. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകന്‍, സി.പി.എം സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍, സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ എന്നിവരെയും വിവിധ തസ്തികകളിലേക്ക് പരിഗണിക്കുന്നുണ്ട്. ജ്യേഷ്ഠന്റെ മകന്റെ ഭാര്യയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരാക്കാനും വ്യവസായമന്ത്രി തീരുമാനിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാനേജിങ് ഡയറക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് ജൂണില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ മറവിലാണ് നിയമനങ്ങള്‍. എന്നാല്‍ ആവശ്യപ്പെട്ട യോഗ്യതകളെല്ലാം നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി അട്ടിമറിക്കപ്പെട്ടു. 45 മുതല്‍ 55 വയസുവരെ പ്രായമുള്ളരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും നിയമിക്കപ്പെടാന്‍ പോകുന്നവരില്‍ പലരുടേയും വയസ് ഇതില്‍ താഴെയാണ്. ഭരണത്തിലിരിക്കുമ്പോള്‍ സ്വജനപക്ഷപാതമെന്ന തെറ്റുതിരുത്തല്‍ രേഖയിലേയും പാലക്കാട് പ്ലീനത്തിലേയും സ്വയംവിമര്‍ശനങ്ങളെ പാടെ തള്ളിക്കളഞ്ഞാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
ബിരുദധാരിയും നിലവില്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.കെ സുധീര്‍ നമ്പ്യാര്‍ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ത്ഥിച്ച് സുധീര്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് സമയം നീട്ടി നില്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കെ.എസ്.ഐ.ഇ എം.ഡിയുടെ ചുമതല കെ.എസ്.ഐ.ഡി.സി എം.ഡി ഡോ.എം ബീനക്ക് നല്‍കി.